തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാവല്‍ പ്ലാറ്റ് ഫോമായ ബുക്കിംഗ് ഡോട്ട് കോമിന്‍റെ 13-ാമത് വാര്‍ഷിക ട്രാവലര്‍ റിവ്യൂ അവാര്‍ഡ്സ് 2025 ല്‍ ഇന്ത്യയിലെ മോസ്റ്റ് വെല്‍ക്കമിംഗ് റീജിയന്‍ പട്ടികയില്‍ കേരളം രണ്ടാമത്.

വിനോദസഞ്ചാരികളില്‍ നിന്നുള്ള 360 ദശലക്ഷത്തിലധികം പരിശോധനാ അവലോകനങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്കാര പട്ടിക തയ്യാറാക്കിയത്. കഴിഞ്ഞ തവണ കേരളം മൂന്നാം സ്ഥാനത്തായിരുന്നു. മികച്ച യാത്രാനുഭവവും ആതിഥ്യമര്യാദയും തെരഞ്ഞെടുപ്പില്‍ മാനദണ്ഡങ്ങളായി.

‘മോസ്റ്റ് വെല്‍ക്കമിംഗ് സിറ്റീസ്’ വിഭാഗത്തില്‍ കേരളത്തില്‍ നിന്നും മാരാരിക്കുളം, തേക്കടി, ആലപ്പുഴ എന്നീ സ്ഥലങ്ങള്‍ ഇടം നേടി. ഇന്ത്യയിലെ 10 സ്ഥലങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തിനകത്ത് മാരാരിക്കുളം, തേക്കടി, ആലപ്പുഴ, മൂന്നാര്‍, വര്‍ക്കല എന്നിവ ഏറ്റവും സ്വാഗതാര്‍ഹമായ പ്രദേശങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

കേരളം വിനോദസഞ്ചാരികള്‍ക്ക് നല്‍കുന്ന അതുല്യമായ അനുഭവത്തിന്‍റെ തെളിവാണ് ഈ അംഗീകാരമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ആതിഥ്യമര്യാദയിലൂടെയും പ്രകൃതിസൗന്ദര്യം, സാംസ്കാരിക പൈതൃകം എന്നിവയിലൂടെയും ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരളത്തിന് സാധിക്കുന്നു. ആഗോള ടൂറിസം ഭൂപടത്തില്‍ സുപ്രധാന ഇടം നിലനിര്‍ത്താനുള്ള സംസ്ഥാനത്തിന്‍റെ ശ്രമങ്ങള്‍ക്ക് ഇത്തരം അംഗീകാരങ്ങള്‍ ഊര്‍ജ്ജമേകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ക്കിടയില്‍ കേരളം പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണെന്നതിന്‍റെ തെളിവാണ് ഈ അവാര്‍ഡെന്ന്  ടൂറിസം സെക്രട്ടറി കെ ബിജു പറഞ്ഞു. വിശ്രമം, വിനോദം, അഡ്വഞ്ചര്‍ ടൂറിസം തുടങ്ങിയവയിലെല്ലാം കേരളം സഞ്ചാരികള്‍ക്ക് മികച്ച തിരഞ്ഞെടുപ്പായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളം ടൂറിസം നടപ്പാക്കുന്ന നൂതന ഉല്‍പ്പന്നങ്ങള്‍ക്കും പദ്ധതികള്‍ക്കുമുള്ള അംഗീകാരമായി ഈ റാങ്കിംഗിനെ കാണുന്നുവെന്ന് ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. സഞ്ചാരികളുടെ മാറുന്ന അഭിരുചികള്‍ തിരിച്ചറിഞ്ഞാണ് കേരളം പദ്ധതികള്‍ ആവിഷ്കരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

മികച്ച താമസസൗകര്യങ്ങള്‍ നല്‍കുന്നതില്‍ രാജ്യത്ത് 15,674 സ്ഥാപനങ്ങളാണ് അംഗീകാര പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇതില്‍ 7919 എണ്ണം ഹോംസ് വിഭാഗത്തിലാണ്. കഴിഞ്ഞ വര്‍ഷം അംഗീകാരം ലഭിച്ചത് 13,348 എണ്ണത്തിനാണ്. താമസ സൗകര്യത്തിനായി ഹോട്ടലു (5709) കളോടാണ് ആഭ്യന്തര സഞ്ചാരികള്‍ക്ക് ഏറ്റവുമധികം താത്പര്യമെന്ന് സര്‍വേയില്‍ പറയുന്നു. ഹോംസ്റ്റേ (2438), അപ്പാര്‍ട്ട്മെന്‍റ് (1651) റിസോര്‍ട്ട് (1172), ഗസ്റ്റ്ഹൗസ് (1160) എന്നിവയാണ് പിന്നീട്.

രാജ്യത്തെ മികച്ച ആതിഥ്യമര്യാദയ്ക്ക് ഉദാഹരണമാണ് കേരളമെന്ന് ബുക്കിംഗ് ഡോട്ട് കോമിലെ ഇന്ത്യ-ശ്രീലങ്ക-മാലിദ്വീപ്-ഇന്തോനേഷ്യ കണ്‍ട്രി മാനേജര്‍ സന്തോഷ് കുമാര്‍ പറഞ്ഞു. പ്രകൃതി സൗന്ദര്യം, ബീച്ച്-കായല്‍ ടൂറിസം, സംസ്കാരികമായ സവിശേഷതകള്‍ എന്നിവ കേരളത്തെ ആകര്‍ഷകമാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed