പാക് ക്രിക്കറ്റ് ചരിത്രത്തിലെ നാണക്കേടിന്റെ റെക്കോഡ് ഷഹീന്‍ അഫ്രീദിക്ക്! 10 ഓവറില്‍ വിട്ടുകൊടുത്തത് 88 റണ്‍സ്
ലാഹോര്‍: പാകിസ്ഥാന്റെ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരമായി ഷഹീന്‍ അഫ്രീദി. ത്രിരാഷ്ട്ര പരമ്പരയില്‍ ന്യൂസിലന്‍ഡിനെതിരെ ആദ്യ മത്സരത്തില്‍ 10 ഓവറില്‍ 88 റണ്‍സാണ് അഫ്രീദി വഴങ്ങിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും റണ്‍സ് നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ആദ്യ ഏഴ് ഓവറില്‍ 33 റണ്‍സ് മാത്രമാണ് അഫ്രീദി വഴങ്ങിയിരുന്നത്. എന്നാല്‍ അവസാന മൂന്ന് ഓവറില്‍ മാത്രം 55 റണ്‍സ് താരം വിട്ടുകൊടുത്തു. ഇതില്‍ അവസാന ഓവറില്‍ 25 റണ്‍സാണ് ന്യൂസിലന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്‌സ് അടിച്ചെടുത്തത്.
ഇതോടെ നാണക്കേടിന്റെ റെക്കോഡില്‍ നിന്ന് മുന്‍ പാക് താരം സൊഹൈല്‍ തന്‍വീന്‍ രണ്ടാം സ്ഥാനത്തായി. 2008ല്‍ ഇന്ത്യക്കെതിരെ തന്‍വീര്‍ 87 റണ്‍സ് വിട്ടുകൊടുത്തിരുന്നു. ഒരു വിക്കറ്റും താരം വീഴ്ത്തി. 2004ല്‍ ഇന്ത്യക്കെതിരെ തന്നെ കറാച്ചിയില്‍ അബ്ദുള്‍ റസാഖ് വിട്ടുകൊടുത്തത് 83 റണ്‍സാണ്. 2004ല്‍ പെഷവാറില്‍ സിംബാബ്‌വെക്കെതിരെ പാക് പേസര്‍ നവേദ് ഉള്‍ ഹസന്‍ വിട്ടുകൊടുത്തത് 82 റണ്‍സ്. അതേസമയം, പാകിസ്ഥാന് മുന്നില്‍ 331 റണ്‍സ് വിജയലക്ഷ്യമാണ് ന്യൂസിലന്‍ഡ് വെച്ചത്.
ലാഹോര്‍, ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗ്ലെന്‍ ഫിലിപ്സിന്റെ (74 പന്തില്‍ പുറത്താവാതെ 106) സെഞ്ചുറിയാണ് ന്യൂസിലന്‍ഡിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഡാരില്‍ മിച്ചല്‍ (84 പന്തില്‍ 81), കെയ്ന്‍ വില്യംസണ്‍ (89 പന്തില്‍ 58) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പരമ്പരയില ആദ്യ മത്സരമാണിത്. ദക്ഷിണാഫ്രിക്കയാണ് പരമ്പരയിലെ മറ്റൊരു ടീം. മോശം തുടക്കമായിരുന്നു ന്യൂസിലന്‍ഡിന്. സ്‌കോര്‍ബോര്‍ഡില്‍ 39 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍മാരായ വില്‍ യംഗ് (4), രചിന്‍ രവീന്ദ്ര (35) എന്നിവരുടെ വിക്കറ്റുകള്‍ കിവീസിന് നഷ്ടമായി. യംഗിനെ ഷഹീന്‍ അഫ്രീദി, വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്റെ കൈകളിലെത്തിച്ചപ്പോള്‍ രവീന്ദ്രയെ അബ്രാര്‍ അഹമ്മദ് സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കി. പിന്നാലെ വില്യംസണ്‍ – മിച്ചല്‍ സഖ്യം 95 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ വില്യംസണിന്റെ ഇന്നിംഗ്സിന് ഒട്ടും വേഗം പോരായിരുന്നു. 89 പന്തുകള്‍ നേരിട്ട താരം ഏഴ് ഫോറുകള്‍ നേടി. ഷഹീന്റെ പന്തില്‍ റിസ്വാന് ക്യാച്ച് നല്‍കിയാണ് വില്യംസണ്‍ മടങ്ങിയത്.
തുടര്‍ന്നെത്തിയ ടോം ലാഥം (0) നിരാശപ്പെടുത്തി. ഹാരിസ് റൗഫിന് വിക്കറ്റ്. പിന്നാലെ മിച്ചല്‍ – ഫിലിപ്സ് സഖ്യം 65 റണ്‍സ് കൂട്ടിചേര്‍ത്തു. 38-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. മിച്ചല്‍ പുറത്താവുമ്പോള്‍ 37.5 ഓവറില്‍ അഞ്ചിന് 200 എന്ന നിലയിലായി കിവീസ്. നാല് സിക്സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മിച്ചലിന്റെ ഇന്നിംഗ്സ്. പിന്നീട് ഫിലിപ്സ് – മൈക്കല്‍ ബ്രേസ്വെല്‍ (31) സഖ്യം 54 റണ്‍സും കൂട്ടിചേര്‍ത്തു. 46-ാം ഓവറില്‍ ബ്രേസ്വെല്ലും മടങ്ങി. ശേഷിക്കുന്ന 25 പന്തുകള്‍ക്കിടെ ഫിലിപ്സ് – മിച്ചല്‍ സാന്റ്നര്‍ (8) സഖ്യം 76 റണ്‍സാണ് അടിച്ചെടുത്തത്.
അവസാന ഓവറില്‍ ഫിലിപ്സ് സെഞ്ചുറിയും പൂര്‍ത്തിയാക്കി. 74 പന്തുകള്‍ മാത്രം നേരിട്ട താരം ഏഴ് സിക്സും ആറ് ഫോറും നേടി. അഫ്രീദി 10 ഓവര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും 88 റണ്‍സ് വിട്ടുകൊടുത്തു. അബ്രാര്‍ അഹമ്മദിന് രണ്ടും ഹാരിസ് റൗഫിന് ഒരു വിക്കറ്റുമുണ്ട്.