തിരുവനന്തപുരം: കേരളത്തിന്റെ തനത് പലഹാരങ്ങള്‍ക്ക് ചുമത്തുന്ന ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കണമെന്ന് ബേക്കറി ഉടമകള്‍. ചായക്കടകളിലും ഹോട്ടലുകളിലും ഇതേ പലഹാരങ്ങള്‍ക്ക് അഞ്ച് ശതമാനം മാത്രം ജിഎസ്ടി ഈടാക്കുമ്പോഴാണ് ബേക്കറികളിലെ ഉയര്‍ന്ന ജിഎസ്ടി നിരക്ക്. 

പഴം പൊരി, കൊഴുക്കട്ട, വട്ടയപ്പം, ചക്കയട തുടങ്ങിയ പലഹാരങ്ങള്‍ക്കാണ് ബേക്കറിയില്‍ വിറ്റാല്‍ 18 ശതമാനം ജിഎസ് ടി ഈടാക്കുന്നത്.

എന്നാല്‍ ഇവ ഹോട്ടലുകളിലും ചായക്കടകളിലും വിറ്റാല്‍ അഞ്ച് ശതമാനം നികുതി കൊടുത്താല്‍ മതി. റെസ്റ്റോറന്റുകളെ സര്‍വീസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാലാണ് ഈ കുറവ്. 

ബേക്കറികളില്‍ വില്‍ക്കുമ്പോള്‍ ഈ പലഹാരങ്ങള്‍ ഏത് എച്ച് എസ് എന്‍ കോഡില്‍ വരുമെന്ന് നിര്‍വചിക്കാത്തതാണ് 18 ശതമാനം നികുതി ചുമത്തുന്നതിന് കാരണം. ഉയര്‍ന്ന നികുതിയായതില്‍ പലഹാരങ്ങള്‍ക്ക് വിലയും കൂടും. 

ലഡു ജിലേബി തുടങ്ങിയ മധുര പലഹാരങ്ങള്‍ക്ക് അഞ്ച് ശതമാനം നികുതിയേ ബേക്കറികളിലൂള്ളൂ. ബേക്കറി ഉടമകള്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെ അടക്കം കണ്ട് പരാതി നല്‍കിയിരുന്നു. 

സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതില്‍ ഇടപെടല്‍ ഉണ്ടാകണമെന്നാണ് ബേക്കറി ഉടമകളുടെ പ്രധാന ആവശ്യം. കേരളത്തിന്റെ തനത് പലഹാരങ്ങളുടെ നികുതി കുറയ്ക്കുന്നത് കൂടുതല്‍ ചെറുകിട ഇടത്തരം സംരഭങ്ങളെ ജിഎസ്ടി രജിസ്‌ട്രേഷന് പ്രേരിപ്പിക്കുമെന്നാണ് സംഘടനയുടെ പക്ഷം. 

 

By admin

Leave a Reply

Your email address will not be published. Required fields are marked *