ദില്ലി: ഒടുവില്‍ എ.എ.പിക്ക് അടിതെറ്റിയെന്ന് സമ്മതിക്കുകയാണ് ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ. തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിക്കുന്നുവെന്ന് തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി കെജ്രിവാൾ പറഞ്ഞു.
ക്രിയാത്മകമായ പ്രതിപക്ഷം ആയിരിക്കും. ബിജെപി വാഗ്ദാനങ്ങൾ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെജ്രിവാൾ പറഞ്ഞു. പാ‍ര്‍ട്ടിയിലെ മുൻനിര നേതാക്കളായ കെജ്രിവാളും മനീഷ് സിസോദിയയുമുൾപ്പെടെ പരാജയപ്പെട്ടപ്പോൾ അതിഷി മര്‍ലേന മാത്രമാണ് വിജയിച്ചത്.
ഒരു പതിറ്റാണ്ടോളം നീണ്ട എ.എ.പി ഭരണത്തിനാണ് വിരാമമായിരിക്കുന്നത്. 2015 ല്‍ മൂന്ന് സീറ്റും 2020 ല്‍ എട്ട് സീറ്റുകളും മാത്രം നേടാനായ ബി.ജെ.പി അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ദ്രപ്രസ്ഥത്തിലേക്ക് തിരിച്ചെത്തുന്നു. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ബി.ജെ.പി മുന്നേറ്റമായിരുന്നു ഡല്‍ഹിയിൽ കണ്ടത്‌. ആദ്യം എണ്ണിയ പോസ്റ്റല്‍ വോട്ടുകള്‍ മുതല്‍ ഭരണമാറ്റത്തിന്റെ സൂചനകള്‍ പുറത്തുവന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുംതോറും ആം ആദ്മിയുടെ നെഞ്ചിടിപ്പേറി.
ആദ്യ ഘട്ടത്തില്‍ അരവിന്ദ് കെജ്‌രിവാളും അതിഷിയും മനീഷ് സിസോദിയുമടക്കമുള്ള എ.എ.പി നേതാക്കള്‍ പിന്നിലായി. ദക്ഷിണ ഡല്‍ഹിയിലും ബി.ജെ.പി കുതിപ്പ് നടത്തിയതോടെ ഡൽഹിയിലെ ചിത്രം തെളിഞ്ഞുവന്നു. ദക്ഷിണ ഡല്‍ഹിയിലും ബി.ജെ.പി തരംഗം ആഞ്ഞടിക്കുന്ന കാഴ്ചയാണ് വോട്ടെണ്ണലിന്റെ ആരംഭത്തില്‍ കണ്ടത്. ദക്ഷിണ ഡല്‍ഹിയിലെ 15 നിയമസഭാ സീറ്റുകളില്‍ 11 സീറ്റുകളിലും ബി.ജെ.പി മുന്നിട്ടുനിന്നു. പ്രമുഖ നേതാക്കൾക്ക് കാലിടറി തുടങ്ങിയതോടെ എ.എ.പി കനത്ത തിരിച്ചടി ഏറ്റുവാങ്ങി. അധികാരത്തിലേക്ക് ബി.ജെ.പിയുടെ ചുവട്.
2020-ല്‍ 62 സീറ്റുനേടിയാണ് ആം ആദ്മി പാര്‍ട്ടി ഭരണം പിടിച്ചത്. 2015-ല്‍ ആം ആദ്മി പാര്‍ട്ടി 67 സീറ്റുകളും നേടി അധികാരത്തിലെത്തിയപ്പോള്‍ പ്രതിപക്ഷത്ത് ബി.ജെ.പിയുടെ മൂന്ന് എം.എല്‍.എമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടുതവണയും നിയമസഭയില്‍ കോണ്‍ഗ്രസിന്റെ പങ്കാളിത്തം പൂജ്യമായിരുന്നു. ഇത്തവണ 45-ലധികം സീറ്റുകൾ നേടിയാണ് ബി.ജെ.പി ഡൽഹിയുടെ മണ്ണിൽ ആധിപത്യം ഉറപ്പിച്ചത്. വൻ തിരിച്ചുവരവാണ് ബി.ജെ.പി നടത്തിയത്. ശമ്പളപരിഷ്കരണവും ബജറ്റിലെ ചരിത്രപ്രഖ്യാപനങ്ങളും കൊണ്ട് ബി.ജെ.പി നടത്തിയ നീക്കങ്ങൾ ലക്ഷ്യം കണ്ടു. എ.എ.പി കോട്ടകൾ പൊളിഞ്ഞുവീണത് ഇതിന് സാക്ഷ്യവുമാണ്.
ക്ഷേമവാഗ്ദാനങ്ങളിലൂടെ മധ്യവര്‍ഗത്തിന്റേയും ദരിദ്രവിഭാഗങ്ങളുടേയും പിന്തുണ ആവര്‍ത്തിക്കാമെന്ന ആം ആദ്മി പാര്‍ട്ടിയുടെ പ്രതീക്ഷ തെറ്റി. ബജറ്റിലൂടെ ബി.ജെ.പിയുടെ മറുപടി. ആദായനികുതി പരിധി 12 ലക്ഷമാക്കി ഉയർത്തിക്കൊണ്ടുള്ള വമ്പൻ പ്രഖ്യാപനമാണ് ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചത്. ആദായ നികുതി സ്ലാബ് നിലവിൽ വന്നതിനുശേഷമുള്ള ഏറ്റവും വലിയ ഇളവാണിത്.റിബേറ്റടക്കം 12.75 ലക്ഷം വരെ വരുമാനമുള്ളവർ നികുതിയടക്കേണ്ടെന്നുള്ള ബജറ്റിലെ ചരിത്രപ്രഖ്യാപനം ബി.ജെ.പിക്ക് നേട്ടമായി.
മധ്യവർഗക്കാർക്കുവേണ്ടി പ്രത്യേക പ്രകടനപത്രിക നേരത്തേ ആം ആദ്മി പാർട്ടി പുറത്തിക്കിയിരുന്നു. രാജ്യത്തെ ഇടത്തരക്കാർ കേന്ദ്രസർക്കാരിന്റെ നികുതിഭീകരവാദത്തിന്റെ ഇരകളാണെന്ന് വിശേഷിപ്പിച്ചാണ് അരവിന്ദ് കെജ്‌രിവാൾ പത്രികയിറക്കിയത്.പൊതുജനങ്ങൾക്ക് നിർദേശങ്ങൾ സമർപ്പിക്കാൻ പോർട്ടലുമിറക്കി. ആ നീക്കത്തിന് ബജറ്റിലെ ചരിത്രപ്രഖ്യാപനത്തിലൂടെ നൽകിയ മറുപടി ഫലം കണ്ടു. മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാളുൾപ്പെടെയുള്ള നേതാക്കൾ ജയിലിലായതും തിരിച്ചടിച്ചു. പ്രതാപം വീണ്ടെടുക്കാമെന്ന കോണ്‍ഗ്രസിന്റെ മോഹത്തിനും തിരിച്ചടിയേറ്റു.
2100 രൂപ സ്ത്രീകള്‍ക്ക് നല്‍കുമെന്ന് എഎപി പറഞ്ഞപ്പോള്‍ ബിജെപി അത് 2500 ആക്കി. വാഗ്ദാനങ്ങളില്‍ എഎപിയെ മറികടന്നു. അടിസ്ഥാനസൗകര്യമേഖലകളില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കാനാകാത്തതും വായുമലിനീകരണം നേരിടാന്‍ കഴിയാത്തതും എഎപിക്ക് വിനയായി. അത് കൃത്യമായി മുതലെടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. അതിനൊപ്പം അഴിമതിക്കെതിരെ തുടങ്ങിയവര്‍ അഴിമതിയുടെ കറപുരണ്ടത് ജനം മറന്നില്ല. ട്രിപ്പിള്‍ എഞ്ജിന്‍ സര്‍ക്കാര്‍ എന്നാ വാഗ്ദാനവും സാധാരണക്കാരിലേക്ക് ബിജെപി ആഴ്ന്നിറങ്ങിയതും വിജയം കൊണ്ടുവന്നു
https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1

By admin

Leave a Reply

Your email address will not be published. Required fields are marked *