തിരുവനന്തപുരം: മദ്യനയ കോഴക്കേസിൽ പെട്ട് ആടിയുലഞ്ഞ ആംആദ്മിയെ ഡൽഹി തിരഞ്ഞെടുപ്പിൽ നിലം പരിശാക്കി ബി.ജെ.പി അധികാരം പിടിച്ചു.
ആപ്പിന്റെ ശക്തികേന്ദ്രങ്ങൾ തിരിച്ചു പിടിച്ച് ബി.െജ.പി മുന്നേറുമ്പോൾ കോൺഗ്രസിന് ഒരു സീറ്റു പോലും നിലവിലില്ല. കേന്ദ്ര ബജറ്റിൽ മധ്യവർഗ സമൂഹത്തെ ചേർത്ത് നിർത്തുന്ന നികുതിയിളവിന്റെ പ്രഖ്യാപനങ്ങളും ചിട്ടയായ പ്രചാരണവുമാണ് ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത്
നിലവിൽ അരവിന്ദ് കേജ്‌രിവാളിനെ മുൻനിർത്തിയാണ് ആംആദ്മി തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ അഴിമതിയാരോപണങ്ങളിൽ മുങ്ങിക്കുളിച്ച പാർട്ടിയെ ഡൽഹിയും കൈവിട്ടതോടെ പാർട്ടിയുടെ നിലനിൽപ്പ് തന്നെ അപകടത്തിലായി.
അഴിമതിക്കെതിരെ വലിയ പേരാട്ടം പ്രഖ്യാപിച്ച് അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭത്തിനൊടുവിലാണ് അരവിന്ദ് ജേ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആപ്പ് ഡൽഹിയിൽ ഭരണത്തിലേറിയത്.
കോൺഗ്രസിനെ ഒഴിവാക്കുന്നതിനൊപ്പം ബിജെ.പിയെയും വിശ്വാസത്തിലെടുക്കാൻ അന്ന് ഡൽഹി നിവാസികൾ തയ്യാറായില്ല.
ഇടതുപക്ഷ ആശയങ്ങളും ബി.ജെ.പിയുടെ ഹിന്ദുത്വ സമീപനങ്ങളും ഒരു പോലെ പയറ്റി ഡൽഹിയിൽ നിറഞ്ഞ് നിന്ന ആംആദ്മി ഡൽഹി മദ്യനയ കോഴക്കേസിൽ കോടികളുടെ ആരോപണത്തിൽ മുങ്ങിപ്പോവുകയായിരുന്നു.
കേജ്‌രിവാൾ അടക്കമുള്ള സമുന്നത നേതാക്കളെല്ലാം ജയിലിലായി. ബി.ജെ.പി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഡൽഹി ഭരണം അട്ടിമറിക്കാൻ നോക്കുന്നുവെന്ന ആരോപണം ആപ്പ് ഉന്നയിച്ചെങ്കിലും ഡൽഹിയിലെ ജനങ്ങൾ അത് മുഖവിലയ്‌ക്കെടുത്തില്ല
ഇതിന് ശേഷം ജയിലിൽ നിന്നും ജാമ്യം നേടി പുറത്തിറങ്ങിയ കേജ്‌രിവാൾ തിരഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ജനങ്ങൾ കടുത്ത തിരിച്ചടി നൽകിയതോടെ 27 വർഷത്തിന് ശേഷം ഡൽഹിയുടെ ഭരണത്തിലേക്ക് ബി.ജെ.പി തിരിച്ചു വരികയും ചെയ്തു.
പതിറ്റാണ്ടുകൾ ഡൽഹിയുടെ ഭരണ കൈയ്യാളിയ കോൺഗ്രസ് സംപൂജ്യരായി തുടരുകയാണ്. സംഘടനാ സംവിധാനം അപ്പാടെ തകർന്ന ഡൽഹിയിൽ അത് രൂപപ്പെടുത്തിയെടുക്കാതെ പാർട്ടിക്ക് ഒരടി മുന്നോട്ട് പോകാനാവില്ല.
തിരഞ്ഞെടുപ്പെത്തുമ്പോൾ മാത്രം ജനങ്ങളുമായി ബന്ധപ്പെടുന്ന തരത്തിലേക്ക് പാർട്ടി മാറിയതാണ് പരാജയത്തിന് കാരണമായത്.