ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചതോടെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയെക്കാള്‍ ബിജെപി മുന്നിലാണ്.
കടുത്ത മത്സരം നടക്കുന്നതിനാല്‍ എഎപിക്ക് ഭരണവിരുദ്ധ വികാരത്തെ മറികടക്കാന്‍ കഴിയുമോ അതോ 27 വര്‍ഷത്തിനുശേഷം ബിജെപി ദേശീയ തലസ്ഥാനം തിരിച്ചുപിടിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്
രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു. 70 അംഗ നിയമസഭയില്‍ ബിജെപി ഇതിനോടകം തന്നെ പകുതി ദൂരം പിന്നിട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
70 സീറ്റുകളില്‍ 41 എണ്ണത്തിലും ബിജെപി മുന്നിലായിരുന്നു. അതേസമയം എഎപി 26 സീറ്റുമായി പിന്നിലാണ്. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത് തുടരുന്നു, ഒരു സീറ്റില്‍ മാത്രമാണ് മുന്നിലുള്ളത്.
ആം ആദ്മി പാര്‍ട്ടി മേധാവി അരവിന്ദ് കെജ്രിവാള്‍ ന്യൂഡല്‍ഹി സീറ്റില്‍ പിന്നിലാണ്. യഥാക്രമം കല്‍ക്കാജിയിലും ജങ്പുരയിലും മുഖ്യമന്ത്രി അതിഷിയും മനീഷ് സിസോഡിയയും പിന്നിലാണ്
19 കേന്ദ്രങ്ങളിലായി കര്‍ശനമായ സുരക്ഷാ ക്രമീകരണത്തിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത് ബിജെപി എഎപിയില്‍ നിന്ന് ഡല്‍ഹി പിടിച്ചെടുക്കുമെന്നാണ്.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ഒരു സീറ്റും നേടാനാകാത്തതിനാല്‍ കോണ്‍ഗ്രസും ചില നേട്ടങ്ങള്‍ കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.