അഭിമാന പോരാട്ടത്തിൽ സമാജ്‌വാദിയെ തകർത്ത് ബിജെപി; അയോധ്യയിലെ മണ്ഡലത്തിൽ ഭൂരിപക്ഷം 61,000ത്തിന് മുകളിൽ

ലഖ്നൌ: ഉത്തർപ്രദേശിൽ നടന്ന മിൽകിപൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വമ്പൻ ജയം. അഭിമാന പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുടെ സ്ഥാനാർത്ഥിയായ അജിത് പ്രസാദിനെ പരാജയപ്പെടുത്തിയാണ് ബിജെപിയുടെ ചന്ദ്രഭാനു പാസ്വാൻ കരുത്ത് തെളിയിച്ചത്.  61,710 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ചന്ദ്രഭാനു പാസ്വാന്റെ വിജയം. ബിജെപി സ്ഥാനാർത്ഥി 1,46,397 വോട്ടുകൾ നേടിയപ്പോൾ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥിയ്ക്ക് 84,687 വോട്ടുകളാണ് ലഭിച്ചത്. 

രാമക്ഷേത്രം നിലനിൽക്കുന്ന അയോധ്യ ജില്ലയിലെ മണ്ഡലമായതിനാൽ മിൽകിപൂരിൽ വിജയിക്കുക എന്നത് ബിജെപിയ്ക്ക് ഏറെ നിർണായകമായിരുന്നു. 2022ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അയോധ്യ ജില്ലയിൽ ബിജെപി പരാജയപ്പെട്ട ഒരേയൊരു മണ്ഡലമായിരുന്നു മിൽകിപൂർ. 2024ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ അയോധ്യ (ഫൈസാബാദ്) ലോക്സഭ സീറ്റും ബിജെപിയ്ക്ക് നഷ്ടമായിരുന്നു. ഫൈസാബാദിൽ നിന്ന് സിറ്റിംഗ് എംഎൽഎ അവധേഷ് പ്രസാദ് എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. മിൽകിപൂരിലെ സ്ഥാനാർത്ഥിയായ അജിത് പ്രസാദ് എസ്പി എംപി അവധേഷ് പ്രസാദിന്റെ മകനാണ്.

ബിജെപി തകർപ്പൻ വിജയം നേടിയതിന് പിന്നാലെ സമാജ്‌വാദി പാർട്ടിയെ വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. കുടുംബ രാഷട്രീയത്തിനും കള്ളത്തരങ്ങൾക്കും ജനങ്ങൾ ഫുൾസ്റ്റോപ്പിട്ടെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. സമാജ്‌വാദി പാർട്ടി എന്തൊക്കെ കള്ളത്തരങ്ങൾ പറഞ്ഞാലും അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിച്ചാലും ജനങ്ങൾ തിരിച്ചടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം കാട്ടിയാണ് ബിജെപി വിജയിച്ചതെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. 

READ MORE: അമ്പലപ്പുഴ ജംഗ്ഷന് സമീപം കുറ്റിക്കാടിന് തീ പിടിച്ചു; ട്രാൻസ്ഫോർമറിന് സമീപം വരെ തീയെത്തി; ഒഴിവായത് വൻ ദുരന്തം

By admin