30 കോടി പടം , തീയറ്ററിന്ന് നിര്‍മ്മാതാവിന് കിട്ടിയ ഷെയര്‍ വെറും 3.5 കോടി; മലയാള സിനിമയുടെ അവസ്ഥ!
കൊച്ചി: ജനുവരി മാസം അവസാനിച്ചപ്പോള്‍ തന്നെ മലയാള സിനിമയില്‍ വലിയ പ്രതിസന്ധിയാണ് എന്നാണ് കഴിഞ്ഞ ദിവസം സിനിമ സംഘടനകളുടെ പ്രതിനിധികള്‍ കൊച്ചിയില്‍ വ്യക്തമാക്കിയത്. 2024 ല്‍ 1000 കോടിയോളം നഷ്ടം സംഭവിച്ച മലയാള സിനിമയ്ക്ക് 2025 ജനുവരിയില്‍ മാത്രം 110 കോടി രൂപ നഷ്ടം സംഭവിച്ചുവെന്നാണ് കണക്ക്.
ജനുവരി മാസത്തില്‍ 28 ചിത്രങ്ങളാണ് റിലീസ് ചെയ്തത്. അതില്‍ വിജയം നേടിയത് ആസിഫ് അലി നായകനായി എത്തിയ രേഖചിത്രം മാത്രം. ടൊവിനോ നായകനായ എത്തിയ 30 കോടി മുടക്കി നിര്‍മ്മിച്ച ചിത്രം തീയറ്ററില്‍ നിന്നും നേടിയ ഷെയര്‍ 3.50 കോടി മാത്രമാണെന്നും, 17 കോടി മുടക്കിയ മമ്മൂട്ടി ചിത്രം തീയറ്റര്‍ ഷെയര്‍ നേടിയത് 4.50 കോടിയാണെന്നും ജനുവരിയിലെ ഷെയര്‍ ലിസ്റ്റ് അടക്കം നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്.
നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് പുറമേ, ഫെഫ്ക, വിതരണക്കാരുടെ സംഘടന, തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് എന്നിവരാണ് സിനിമയിലെ പ്രശ്നങ്ങള്‍ ഉന്നയിച്ചത്. പ്രശ്നങ്ങള്‍ക്ക് പരിഹാരം ആയില്ലെങ്കില്‍ സംസ്ഥാനത്ത് ജൂൺ 1 മുതൽ സിനിമാ സമരം എന്നതാണ് സംഘടനകളുടെ തീരുമാനം. ജിഎസ്ടിക്കൊപ്പമുള്ള വിനോദനികുതി സംസ്ഥാന സർക്കാർ പിൻവലിക്കണം എന്നാണ് ആവശ്യം. താരങ്ങളുടെയടക്കം വലിയ പ്രതിഫലം കുറയ്ക്കണമെന്നുമാണ് സംഘടനകളുടെ പ്രധാന ആവശ്യം.
സിനിമാനിർമാണ ചെലവിന്റെ 60ശതമാനവും താരങ്ങൾക്കുൾപ്പെടെ പ്രതിഫലം നൽകാനാണ് ചെലവിടുന്നത്. ഒരു രീതിയിലും ഒരു നിർമാതാവിന് സിനിമ എടുക്കാൻ സാധിക്കുന്നില്ല. താരങ്ങളുടെ പ്രതിഫലം മലയാള സിനിമക്ക് താങ്ങാവുന്നതിലും അപ്പുറമാണ് എന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന പറയുന്നത്. ഒപ്പം 30 ശതമാനത്തോളമാണ് ഇപ്പോള്‍ നികുതി. ഇത്രയും നികുതി നല്‍കി ഏത് വ്യവസായത്തിനാണ് പിടിച്ച് നില്‍ക്കാന്‍ സാധിക്കുക എന്നാണ് സിനിമ സംഘടനകള്‍ ചോദിക്കുന്നത്.
According to Producer’s Association Report, The Budget of January Releases As Follows :#IDTheFake – 2.47 Cr#Identity – ₹30 Cr#Rekhachithram – ₹8.57 Cr#EnnuSwanthamPunyalan – ₹8.70 Cr#PravinkooduShappu – ₹18 Cr#DominicAndTheLadiesPurse – ₹19.28 Cr#AmAh : ₹3.5 Cr… pic.twitter.com/PVVoQY0fk5
— AB George (@AbGeorge_) February 6, 2025
മലയാള സിനിമകള്‍ ഒടിടിയില്‍ വിറ്റുപോകുന്നില്ലെന്നതും പ്രതിസന്ധിയാണ്. ഒടിടിക്കാര്‍ പടം എടുക്കുന്നില്ല, പടം നന്നായി തീയറ്ററില്‍ ഓടിയാല്‍ ഒടിടിക്കാര്‍ ഒരു തുകയിട്ട് പടം എടുക്കും. എന്നാല്‍ ആ തുക പോലും കിട്ടാന്‍ ആറ് മുതല്‍ പത്ത് മാസം വരെ എടുക്കും എന്നും സംഘടനകള്‍ പറയുന്നു.
എന്തായാലും ശ്രദ്ധേയമായ 2024 ന് ശേഷം 2025 തുടക്കത്തില്‍ തന്നെ മലയാള സിനിമയിലെ സാമ്പത്തിക പ്രശ്നങ്ങളാണ് സമരത്തിലേക്കും മറ്റും നീങ്ങുന്നത്.
സംസ്ഥാനത്ത് ജൂൺ 1 മുതൽ സിനിമാസമരം: സിനിമാസംഘടനകളുടെ സംയുക്ത യോഗത്തിൽ തീരുമാനം
‘ഇനി വൈകരുത്, ഞാന്‍ തീരുമാനിച്ചു, അങ്ങനെ സിനിമക്കാരനായി’: ഒരു വിസി അഭിലാഷ് ചിത്രം ഉണ്ടായ കഥ