തിരുവനന്തപുരം: സർക്കാർ ജീവനക്കാർ ഏറെ പ്രതീക്ഷിച്ചിരുന്ന ശമ്പള കമ്മീഷൻ പ്രഖ്യാപനം ബജറ്റിലുണ്ടായില്ല. വിഷയത്തിൽ ഇടത് സർവ്വീസ് സംഘടനകൾ അടക്കം നടത്തിയ സമരങ്ങളെ സർക്കാർ ഗൗനിച്ചില്ലെന്ന് വേണം കരുതാൻ.
ജീവനക്കാരുടെയും പെൻഷൻ കാരുടെയും ഡിഎ കുടിശിക കുന്നുകൂടുന്നതിനിടെ ഒരു ഗഡു ഉദ്യോഗസ്ഥർക്ക് നൽകുമെന്നതാണ് ആകെ അവർക്കുള്ള ആശ്വാസം. പെൻഷൻകാരുടെ കുടിശിക മുഴുവൻ കൊടുത്തു തീർക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ക്ഷേമപെൻഷൻ കൂട്ടിയില്ലെന്നതും പ്രതീക്ഷയ്ക്ക് വിരുദ്ധമായിരുന്നു. നിലവിൽ കുടിശിക നിലവിലുണ്ടെങ്കിലും 150 മുതൽ 200 രൂപ വരെ ഉയർത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
സാമ്പത്തിക പ്രതിസന്ധികൾക്കിടെ പെൻഷൻ വർധന വേണ്ടെന്ന തീരുമാനമാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ഭൂനികുതി ഉയർത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കുത്തനെ ഉയർത്തുമെന്ന് ആരും കരുതിയിരുന്നില്ല. 50 ശതമാനമാണ് വർധന. 100 കോടി രൂപയുടെ അധിക വരുമാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
റബ്ബറിന്റെ തറവില ഉയർത്തിയതിലും അപാകത ആരോപിക്കപ്പെടുന്നുണ്ട്. നിലവിൽ 208 രൂപയുള്ള റബ്ബറിന്റെ തറവില 180 രൂപയായാണ് നിലവിൽ നിജപ്പെടുത്തിയിട്ടുള്ളത്.
15 വർഷം കഴിഞ്ഞ ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ നികുതി 15 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. ഇ-വാഹനങ്ങളുടെ നികുതി കൂട്ടിയതിലൂടെ 10 കോടി അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ നികുതി ഘടനയുഗ പരിഷ്‌ക്കരിച്ചിട്ടുണ്ട്.
സർക്കാർ ഭൂമിയുടെ പാട്ടത്തുകയും വർധിപ്പിച്ചിട്ടുണ്ട്. സർക്കാരിന്റെ സാമ്പത്തിക നില മെച്ചെപ്പെട്ടെന്ന പ്രഖ്യാപനമാണ് ധനമന്ത്രി ബാലഗോപാൽ നടത്തിയത്. എന്നാൽ കോൺട്രാക്ടറുമാരുടെ ബിൽ തുക നൽകുന്നത് സംബന്ധിച്ചും പ്രഖയാപനമൊന്നും ഉണ്ടായിട്ടില്ല.