കോട്ടയം : മലയാളത്തിന്റെ അക്ഷരകുലപതി എം.ടി വാസുദേവൻ നായർക്കും ഭാവഗായകൻ പി. ജയചന്ദ്രനും ആദരവ് അർപ്പിച്ചുകൊണ്ട്, ഏറ്റവും വലിയ പ്രവാസി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷ (ഡബ്ല്യു എം എഫ്) ന്റെ മാഗസിനായ വിശ്വകൈരളിയുടെ പ്രത്യേക പതിപ്പ് പ്രസിദ്ധീകരിച്ചു.
‘മഞ്ഞും മഞ്ഞലയും’ എന്നപേരിൽ പുറത്തിറക്കിയ ഈ ഓർമ്മപ്പതിപ്പിൽ, എംടിയും ജയചന്ദ്രനും എന്തുകൊണ്ടാണ് മലയാളികൾക്ക് ഇത്രമേൽ പ്രിയപ്പെട്ടവരായത് എന്ന് വെളിപ്പെടുത്തുന്ന കുറിപ്പുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
പ്രശസ്ത സഹിത്യകാരി കെ. പി സുധീരയും ഡബ്ല്യു എം എഫ് ഗ്ലോബൽ പ്രസിഡന്റ് പൗലോസ് തേപ്പാലയും ചേർന്നാണ് മാഗസിൻ പ്രകാശനം ചെയ്തത്. 166 രാജ്യങ്ങളിലെ വേൾഡ് മലയാളി ഫെഡറേഷൻ യൂണിറ്റുകൾ വഴിയാണ് മാഗസിൻ വായനക്കാരിലേക്ക് എത്തുന്നത്. ചീഫ് എഡിറ്റർ സപ്ന അനു ബി ജോർജിന്റെ നേതൃത്വത്തിൽ ഒൻപതുപേർ അടങ്ങുന്ന എഡിറ്റോറിയൽ ടീമാണ് മാഗസിൻ സാക്ഷാൽക്കരിക്കുന്നതിനു പിന്നിൽ പ്രവർത്തിച്ചത്.
ഡബ്ല്യു എം എഫ് ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ, ഗ്ലോബൽ ക്യാബിനറ്റ് അംഗങ്ങൾ, മറ്റു ഭാരവാഹികൾ, വിവിധ ഫോറം കോഓർഡിനേറ്റർമാർ തുടങ്ങിയവരുടെ പിന്തുണ മാഗസിന്റെ പ്രവർത്തനങ്ങൾക്ക് ഊർജംപകർന്നു.
അപൂർവ്വതകളുമായി സൂക്ഷിച്ചു വെയ്ക്കാനൊരുപിടി ലേഖനങ്ങളും ചിത്രങ്ങളും അടങ്ങിയതാണ് ഇത്തവണത്തെ വിശ്വകൈരളിയുടെ പ്രത്യേക പതിപ്പ്.