വയനാട് ടൗൺഷിപ്പ്; കേന്ദ്രത്തെ പൂർണ്ണമായി ആശ്രയിക്കരുത്, സംസ്ഥാനം സ്വന്തം നിലക്ക് തുക കണ്ടെത്തണമെന്ന് കേന്ദ്രം

കൊച്ചി: ഉരുള്‍പൊട്ടലിൽ തകർന്ന വയനാട്ടിലെ മുണ്ടക്കൈ -ചൂരല്‍മല പ്രദേശത്തെ പുനരധിവാസത്തിന് സംസ്ഥാന സർക്കാർ സ്വന്തം നിലയ്ക്ക് തുക കണ്ടെത്തി പ്രവർത്തനങ്ങൾ തുടങ്ങണമെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. പുനരധിവാസത്തിന് കേന്ദ്രസർക്കാരിനെ പൂർണ്ണമായി ആശ്രയിക്കരുതെന്നും കേന്ദ്രസഹായം എത്രയെന്നത് അറിയാൻ ഇനിയും കാത്തിരിക്കണമെന്നും കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കി.

പുനരധിവാസത്തില്‍ കേന്ദ്ര സഹായത്തിനായി കാത്തിരിക്കരുതെന്നും സ്വന്തം നിലയിൽ കാര്യങ്ങൾ മുന്നോട്ട് നീക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും നിർദ്ദേശിച്ചു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ 75ശതമാനം തുക ചിലവഴിച്ച ശേഷം കോടതിയെ അറിയിക്കാനും സംസ്ഥാനത്തോട് പറഞ്ഞു. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന ആവശ്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനം പറയാമെന്ന് കേന്ദ്ര സര്‍ക്കാർ അറിയിച്ചു. വായ്പ എഴുതിത്തള്ളുന്നതിൽ കൊവിഡ് കാലത്ത് പോലും മൊറട്ടോറിയം മാത്രമാണ് നല്‍കിയതെന്നും കേന്ദ്രം ഇന്ന് വിശദീകരിച്ചു.

അതേസമയം,വയനാട് ദുരന്ത ബാധിതര്‍ക്കായി നേരത്തെ സര്‍ക്കാര്‍ തീരമാനിച്ച  750 കോടിയുടെ പുനരധിവാസ പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനം മാത്രമാണ് ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിലുള്ളത്. ഇതിനായി ബജറ്റിൽ തുക നീക്കിവെച്ചതായി പ്രസംഗത്തിൽ ഇല്ല. എന്നാൽ, പണത്തിന് തടസമുണ്ടാകില്ലെന്ന് ധനമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു.

ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാൻ രണ്ട് ടൗണ്‍ഷിപ്പുകള്‍ക്ക് നിര്‍മിക്കുന്നതിനായി രണ്ടു എസ്റ്റേറ്റുകളിൽ സ്ഥലം വാങ്ങും. ഇതിൽ  ആയിരം ചതുരശ്ര അടിയുള്ള വീടുകള്‍ നിര്‍മിക്കും. ഇതിനായി 750 കോടിയുടെ പദ്ധതിയാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് പ്രഖ്യാപിക്കുകയാണ് ബജറ്റ്. പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, സിഎസ്ആര്‍ ഫണ്ട് ,സ്പോണര്‍ഷിപ്പ്, കേന്ദ്ര ഗ്രാന്‍റ് തുടങ്ങിയവയിൽ നിന്നായിരിക്കും സമാഹരിക്കുക. അധികമായി ആവശ്യം വരുന്ന ഫണ്ട് സര്‍ക്കാര്‍ അനുവദിക്കുമെന്നാണ് ബജറ്റ് പ്രസംഗത്തിലുള്ളത് .

വയനാട് ദുരന്തബാധികര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംഭാവനയായി ഇതുവരെ 718 .61 കോടിയാണ് ലഭിച്ചത്. ഇതിൽ 8.15 കോടിയാണ് അനുവദിച്ചത്. എസ്ഡിആര്‍എഫിൽ നിന്ന് 2006 മുതൽ എയര്‍ ലിഫ്റ്റിങ്  ചെലവിന് നൽകേണ്ടിയിരുന്ന  120 കോടി ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് കേന്ദ്രം വേണ്ടെന്ന് വെച്ചു. മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി വയനാടിനായി ഈ പണം ഉപയോഗിക്കാമെന്ന് വ്യക്തത വരുത്തി.

ദുരന്തബാധിതര്‍ക്കായി അയിരം ചതുരശ്ര അടിക്ക് 30 ലക്ഷം വേണമെന്നതിനാൽ വീട് നിര്‍മിച്ചു നൽകാൻ സന്നദ്ധത അറിയിച്ച സ്പോണ്‍സര്‍മാരിൽ ചിലര്‍ ആശയക്കുഴപ്പത്തിലാണ്. പുനര്‍നിര്‍മാണത്തിനും പുനരുദ്ധാരണത്തിനുമായി 2221 കോടി ആവശ്യപ്പെട്ടാണ് കേന്ദ്രത്തിന് പിഡിഎൻഎ അപേക്ഷ സമര്‍പ്പിച്ചത്. എന്നാൽ, ഇത്തവണ കേന്ദ്ര ബജറ്റിൽ പ്രഖ്യാപനമൊന്നും ഉണായില്ല. എന്നാലും 750 കോടി പദ്ധതിക്കുള്ള വരവു കണക്കിൽ കേന്ദ്ര ഗ്രാൻഡുമുണ്ട്.

പാതി വില തട്ടിപ്പിൽ നിർണായക വിവരങ്ങൾ; ലാലി വിന്‍സെന്‍റ് അടക്കമുള്ള രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയെന്ന് മൊഴി

 

By admin