ഡെറാഡൂണ്‍: ദേശീയ ഗെയിംസ് ഫുട്ബോളില്‍ കേരളത്തിന് സ്വര്‍ണം. ഫൈനലില്‍ ഉത്തരാഖണ്ഡിനെ എതിരില്ലാത്ത ഒരുഗോളിനു പരാജയപ്പെടുത്തിയാണ് കേരളത്തിന്റെ സ്വർണനേട്ടം.
53ാം മിനിറ്റില്‍ കേരളത്തിന്റെ മുന്നേറ്റതാരം ഗോകുല്‍ സന്തോഷാണ് കേരളത്തിനായി വിജയ ഗോൾ സ്വന്തമാക്കിയത്.
പന്തുമായി കേരളത്തിന്റെ ബോക്സിലേക്കു കുതിച്ച ഉത്തരാഖണ്ഡ് താരത്തെ ഫൗള്‍ ചെയ്തതിനാണു സഫ്വാന്‍ റെഡ് കാര്‍ഡ് കിട്ടിയത്.
സഫ്വാന് ആദ്യം യെല്ലോ കാര്‍ഡ് നല്‍കിയ റഫറി, പിന്നീട് ലൈന്‍ റഫറിയുമായി ചര്‍ച്ച നടത്തിയ ശേഷം ചുവപ്പു കാര്‍ഡ് ആക്കി ഉയര്‍ത്തുകയായിരുന്നു.
75ാം മിനിറ്റില്‍ സഫ്വാന്‍ റെഡ് കാര്‍ഡ് കണ്ട് പുറത്തായ ശേഷം പത്ത് പേരായി ചുരുങ്ങിയിട്ടും കേരളത്തിന്റെ വലയില്‍ പന്തെത്തിക്കാന്‍ ഉത്തരാഖണ്ഡിനായില്ല.
1997-ലാണ് കേരളം അവസാനമായി ദേശീയ ഗെയിംസ് ഫുട്ബോളില്‍ സ്വര്‍ണം നേടിയത്. 2022-ല്‍ വെള്ളിയും കഴിഞ്ഞതവണ വെങ്കലവും കേരളം നേടിയിരുന്നു.