പൂനെ: മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ 63 വയസ്സുള്ള ഒരാളുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ ഗില്ലിൻ-ബാരെ സിൻഡ്രോം (ജിബിഎസ്) ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.
പനി, വയറിളക്കം, കൈകാലുകളിലെ ബലഹീനത എന്നിവയെ തുടർന്ന് സിൻഗഡ് റോഡ് പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചയാളാണ് മരണത്തിനു കീഴടങ്ങിയതെന്ന് അധികൃതർ വ്യക്തമാക്കി.
ബുധനാഴ്ച ഇയാളുടെ നില വഷളാവുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നെന്ന് പൂനെ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചു.
മൂന്ന് പുതിയ കേസുകൾ കൂടി കണ്ടെത്തിയതോടെ പൂനെയിൽ ജിബിഎസ് കേസുകളുടെ എണ്ണം 173 ആയി ഉയർന്നതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇവരിൽ 140 പേർക്ക് ജിബിഎസ് സ്ഥിരീകരിച്ചിട്ടുണ്ട്.
173 പേരിൽ 34 പേർ പൂനെ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ നിന്നുള്ളവരും, 87 പേർ പിഎംസി പ്രദേശത്തെ ഗ്രാമങ്ങളിൽ നിന്നുള്ളവരും, 22 പേർ പിംപ്രി ചിഞ്ച്‌വാഡ് സിവിൽ പരിധിയിൽ നിന്നുള്ളവരും, 22 പേർ ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരും, എട്ട് പേർ മറ്റ് ജില്ലകളിൽ നിന്നുള്ളവരുമാണെന്ന് പ്രസ്താവനയിൽ പറയുന്നു.
173 പേരിൽ 72 പേരെ ഡിസ്ചാർജ് ചെയ്തു. നിലവിൽ ചികിത്സയിലുള്ള 55 പേർ ഐസിയുവിലും 21 പേരെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചതായി അധികാരികൾ വ്യക്തമാക്കി.