കോട്ടയം: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ കേരളത്തില്‍ നികുതി വര്‍ധിപ്പിച്ചു സംസ്ഥാന സര്‍ക്കാര്‍. ഖജനാവിലേക്കു പണം എത്തിക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ മാര്‍ഗം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ ഫലത്തില്‍ ഇല്ലാതാക്കുന്ന അവസ്ഥയാണ്.
15 ലക്ഷം രൂപക്ക് മുകളിലുള്ള വാഹനങ്ങള്‍ക്കു വാഹന വിലയുടെ 8 %, 20 ലക്ഷം രൂപക്ക് മുകളിലുള്ള വാഹനങ്ങള്‍ക്ക് വാഹന വിലയുടെ 10 %, ബാറ്ററി വാടകക്ക് എടുത്ത് ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹന വിലയുടെ 10 % എന്നിങ്ങനെയാണ് നികുതി സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്.
നിലവില്‍ ഈടാക്കിയിരുന്ന 5 ശതമാനം നികുതി, വാഹന വിലയുടെ അടിസ്ഥാനത്തില്‍ ക്രമീകരിച്ചതോടെയാണിത്. ഇതിലൂടെ 30 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണു ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ വിശദീകരണം. 15 ലക്ഷം രൂപ വില വരുന്ന ഇ.വികളുടെ ചുരുങ്ങിയത് ഒന്നര ലക്ഷം രൂപ നികുതിയായി നല്‍കേണ്ടി വരുമെന്നാണു ഡീലര്‍മാര്‍ പറയുന്നത്.
15 ലക്ഷം രൂപ വിലയുള്ള ഒരു വാഹനത്തിനു നിലവില്‍ 15 വര്‍ഷത്തെ നികുതിയായി വാഹന വിലയുടെ അഞ്ചു ശതമാനമാണ് ഈടാക്കിയിരുന്നത് ഇതു 75,000 രൂപയ്ക്കു മുകളില്‍ വരും. നകുതി 8 ശതമാനമാക്കി വര്‍ധിപ്പിക്കുന്നതോടെ 45,000 രൂപ കൂടി അധികമായി ഉപഭോക്താവു നല്‍കേണ്ടി വരും.
വാഹനത്തിന്റെ വില വര്‍ധിക്കുന്നതിനോടൊപ്പം നികുതി സ്ലാബിലും മാറ്റം വരും. 15 ലക്ഷം മുടക്കി വാഹനം വാങ്ങുന്നയാള്‍ക്ക് 3% നികുതി വര്‍ധന താങ്ങാനുള്ള സാമ്പത്തിക ശേഷി ഉണ്ടെന്ന കണക്കുകൂട്ടലാണു ധനവകുപ്പു നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോയത്.
ഫലത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു ഇ.വി വാങ്ങുന്നവരേക്കള്‍ അധിക തുക കേരളത്തിലെ ജനങ്ങള്‍ മുടക്കേണ്ടി വരും. കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റിലടക്കം ഇ.വി വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. ബാറ്ററി നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കള്‍ക്കുള്ള ഇറക്കുമതി നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.