കടുത്തുരുത്തി : കടുത്തുരുത്തി മാഞ്ഞൂരിലെ വീടിന്റെ വാതില്‍ തകര്‍ത്ത് ഇവിടെ നിന്നും ഇരുപതര പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തൊടുപുഴ കോലാനി ഭാഗത്ത് തൃക്കായില്‍ വീട്ടില്‍  കോലാനി സെല്‍വന്‍ എന്ന് വിളിക്കുന്ന സെല്‍വകുമാര്‍ (50) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. 

കുറുപ്പന്തറ മാഞ്ഞൂര്‍ ആനി തോട്ടത്തില്‍ വര്‍ഗീസ് സേവ്യറിന്റെ (സിബി) യുടെ വീട്ടിലായിരുന്നു കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ കവര്‍ച്ച നടന്നത്. വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പലക തകര്‍ത്താണ് ഇയാള്‍ അകത്തു കയറിയത്. 

വര്‍ഗീസ് സേവ്യറും, ഭാര്യയും സമീപത്തുള്ള പിതാവിന്റെ വീട്ടിലായിരുന്നു രാത്രി കിടന്നിരുന്നത്. വീടിന്റെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മാലകള്‍, വളകള്‍, മോതിരങ്ങള്‍, അടക്കം ഇരുപതര പവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളാണ് ഇയാള്‍ അലമാരയില്‍ നിന്നും മോഷ്ടിച്ച് കടന്നു കളഞ്ഞത്. 
പരാതിയെ തുടര്‍ന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി ഷാഹുല്‍ഹമീദ് ഐപിഎസിന്റെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്ന് അന്വേഷണസംഘം രൂപീകരിക്കുകയും തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ മോഷ്ടാവിനെ തിരിച്ചറിയുകയും, ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന്  അന്വേഷണസംഘം  തമിഴ്‌നാട്, തെങ്കാശി, തെന്മല എന്നിവിടങ്ങളിലും കൂടാതെ ഇയാള്‍ എത്തിയതായി കണ്ടെത്തിയ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലും ആറോളം ദിവസങ്ങളിലായി നടത്തിയ ശക്തമായ തിരച്ചിലിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുന്നത്. 

 മോഷണംപോയ പതിനാലര പവനോളം സ്വര്‍ണ്ണം പോലീസ് കണ്ടെടുക്കുകയും ചെയ്തു. പോലീസിന്റെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് മോഷണം നടന്ന് ഒരാഴ്ച തികയുന്നതിന് മുന്‍പേ പ്രതിയെ പിടികൂടി മോഷണ മുതല്‍ കണ്ടെത്താന്‍ സാധിച്ചത്. 

കടുത്തുരുത്തി സ്റ്റേഷന്‍ എസ്.എച്ച്. ഓ റെനീഷ് ഇല്ലിക്കല്‍, സി.പി.ഓ മാരായ  സുമന്‍.പി.മണി, അജിത്ത്, ഗിരീഷ്, പ്രേമന്‍, അനീഷ് എന്നിവരായിരുന്നു അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. ഈ കേസില്‍ വിശദമായി അന്വേഷണം നടത്തിവരികയാണ്. 

സെല്‍വകുമാര്‍ കരിമണ്ണൂര്‍, കൂത്താട്ടുകുളം, മുളന്തുരുത്തി, മരങ്ങാട്ട് പള്ളി, വണ്ടിപ്പെരിയാര്‍, ഏറ്റുമാനൂര്‍ പുത്തന്‍കുരിശ്, കരിങ്കുന്നം, പിറവം, അയര്‍ക്കുന്നം,ഗാന്ധിനഗര്‍, പാലാ എന്നീ സ്റ്റേഷനുകളിലായി 34 ഓളം മോഷണ കേസുകളില്‍ പ്രതിയാണ്. 

കുറവിലങ്ങാട് സ്റ്റേഷന്‍ പരിധിയിലെ ഉഴവൂര്‍, കാണക്കാരി എന്നീ ഭാഗങ്ങളിലും കൂടാതെ ഏറ്റുമാനൂര്‍ പാറോലിക്കല്‍ ഭാഗത്തുമുള്ള വീടുകള്‍ കുത്തി തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചത് ഇയാള്‍ തന്നെയാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *