കോട്ടയം: അര്‍ബുദ അതിജീവിതയായ നിഷ ജോസിനെ അപമാനിച്ചു ബി.ജെപി നേതാവ് പി.സി ജോര്‍ജ്. ജോര്‍ജിന്റെ അധിക്ഷേപ വാക്കുകള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും രാജ്യസഭ എം.പിയുമായ ജോസ് കെ. മാണിയുടെ ഭാര്യ നിഷക്കെതിരെയാണ് കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ജോര്‍ജ് കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയത്.
ഒരു യൂട്യുബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിനിടെയാണ് അര്‍ബുദം ബാധിച്ച അവരുടെ ശരീര ഭാഗങ്ങളെ ഉള്‍പ്പെടെ പരാമര്‍ശിച്ചുകൊണ്ട് സഭ്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചുകൊണ്ടുള്ള പി.സി ജോര്‍ജിന്‍റെ അതീവ ഗുരുതരമായ പരാമര്‍ശങ്ങള്‍ പുറത്തുവന്നത്.
സ്ത്രീത്വത്തെ എത്രയും അപമാനിക്കാമോ അത്രയും അപമാനിക്കുകയാണു പി.സി. ജോര്‍ജ് ചെയ്തതെന്നും വിമര്‍ശനം ഉയരുന്നു. അര്‍ബുദത്തെക്കുറിച്ചു ബോധവല്‍ക്കരണം നടത്താന്‍ നിഷ ആരംഭിച്ച യാത്രയെയും നിഷയെയും അപമാനിച്ചായിരുന്നു പി.സി ജോര്‍ജ് സംസാരിച്ചു തുടങ്ങിയത്.
സ്താനര്‍ബുദമാണ് നിഷ ജോസിനെ ബാധിച്ചിരുന്നത്. തുടക്കത്തില്‍ അര്‍ബുദത്തിന്റെ രോഗലക്ഷണങ്ങളൊന്നും നിഷയ്ക്ക് ഇല്ലായിരുന്നു. മാമോഗ്രാം വഴിയാണു രോഗ നിര്‍ണയം നടത്തിയത്.
2013 മുതല്‍ അര്‍ബുദ രോഗികളെ സഹായിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ നിഷ ഏര്‍പ്പെടുന്നുണ്ട്. ക്യാമ്പുകള്‍ അടക്കമുള്ളവ നടത്തി മാമോഗ്രാമിന്റെ പ്രാധാന്യത്തെപ്പറ്റി അവബോധം നല്‍കുന്നുണ്ട്.
അതിനിടെയാണ് 2023 ഒക്ടോബറില്‍ നടത്തിയ മാമോഗ്രാമില്‍ തനിക്കും രോഗം കണ്ടെത്തിയതെന്നു നിഷ പറഞ്ഞിരുന്നു. പിന്നീട് മാമോഗ്രാമിന്റെ പ്രാധാന്യത്തെപ്പറ്റി കൂടുതല്‍ അവബോധം സൃഷ്ടിക്കാനാണു ബോധവല്‍ക്കരണ യാത്ര നിഷ സംഘടിപ്പിച്ചത്. ഇതിനിടെയാണ് അധിക്ഷേപിച്ചുകൊണ്ടും ഒരു സ്ത്രീ എന്ന പരിഗണനപോലുമില്ലാത്ത പരാമര്‍ശങ്ങള്‍ ജോര്‍ജിന്റെ ഭാഗത്തു നിന്നുണ്ടായത്.
കഴിഞ്ഞ ദിവസം ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം ക്യാമ്പയിന്റെ ജില്ലാ ബ്രാന്‍ഡ് അംബാസിഡറായി കോട്ടയം ജില്ലാ ക്യാന്‍സര്‍ കണ്‍ട്രോള്‍ കമ്മിറ്റി യോഗം നിഷയെ തെരഞ്ഞെടുത്തത്.
സ്ത്രീത്വത്തെ അപമാനിക്കുന്നതും രോഗാവസ്ഥയെ അവഹേളിക്കുന്നതുമായ ഇത്തരം അധിക്ഷേപ പരാര്‍മശം നടത്തിയ പി.സി. ജോര്‍ജിനെതിരെ നിയമപരമായ കടുത്ത നടപടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് ചലചിത്ര താരമായ യുവ നടിക്കെതിരെ വ്യവസായി ബോബി ചെമ്മണ്ണൂര്‍ നടത്തിയ ദ്വയാര്‍ഥ പ്രയോഗങ്ങള്‍ക്കെതിരെ ഹൈക്കോടതിപോലും കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തത്.
അതിനേക്കാള്‍ പതിന്‍മടങ്ങ് ഗൗരവതരമായ പരാമര്‍ശമാണ് ഇപ്പോള്‍ നിഷ ജോസിനെതിരെ പി.സി ജോര്‍ജില്‍ നിന്നും ഉണ്ടായിരിക്കുന്നത്.