കൊച്ചി: പാറശാല ഷാരോൺ വധക്കേസിലെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുഖ്യപ്രതി ഗ്രീഷ്മ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റിയൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. സർക്കാരിനും എതിർകക്ഷികൾക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.
കേസിലെ മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മലകുമാരൻ നായരുടെ ശിക്ഷ ഹൈക്കോടതി സസ്‌പെൻഡ് ചെയ്തു.
തെളിവ് നശിപ്പിച്ചെന്ന കുറ്റത്തിന് നിർമ്മല കുമാരൻ നായർക്ക് മൂന്നു വർഷം തടവുശിക്ഷയാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വിധിച്ചിരുന്നത്. നിർമ്മല കുമാരൻ നായർക്ക് വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ശരിവച്ചു.
നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാണ് ഗ്രീഷ്മ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. കേസിൽ കഴിഞ്ഞ ജനുവരി 20 നാണ് ഒന്നാംപ്രതിയായ ഗ്രീഷ്മയ്ക്ക് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.
പാറശാലയ്‌ക്കു സമീപം സമുദായപ്പറ്റ് ജെപി ഭവനിൽ ഷാരോൺ രാജിനെ 2022 ഒക്ടോബർ 14ന് വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്.