പാറശാല: കുഴിഞ്ഞാന്‍ വിളയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 4,750 കിലോ റേഷനരി പിടികൂടി. അതിര്‍ത്തി മേഖലകള്‍ കേന്ദ്രീകരിച്ച് റേഷനരി കടത്ത് നടക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നു നെയ്യാറ്റിന്‍കര സിവില്‍ സപ്ലൈസ് സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനകളിലാണ് റേഷന്‍ അരി പിടികൂടിയത്.
കുഴിഞ്ഞവിളയിലെ ഫിടാ ട്രേഡേഴ്സില്‍ നടത്തിയ പരിശോധനയില്‍ 95 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന അരിയാണ് കണ്ടുകെട്ടിയത്. തമിഴ്നാട്ടിലെയും കേരളത്തിലെയും റേഷന്‍ കടകളില്‍ നിന്നെത്തിക്കുന്ന അരി, അതിര്‍ത്തി ഗോഡൗണുകളില്‍നിന്ന് ജില്ലയ്ക്ക് പുറത്തുള്ള വിവിധ കേന്ദ്രങ്ങളിലെത്തിച്ച് കമ്പനി മുദ്രകള്‍ പതിപ്പിച്ച് വിപണിയില്‍ ഇറക്കുകയാണ് ഇവരുടെ പതിവ്.
ഇതിലേക്കു വേണ്ടി കരുതിയ റേഷന്‍ അരിയാണ് പിടികൂടിയതെന്ന് അധികൃതര്‍ പറഞ്ഞു. പിടിച്ചെടുത്ത അരി അമരവിളയിലെ സിവില്‍ സപ്ലൈസിന്റെ ഗോഡൗണിലേക്ക് കൈമാറി.