കോട്ടയം: അണിയറയില്‍ നടക്കുന്നത് കിഫ്ബി നിര്‍മിച്ച സംസ്ഥാനത്തെ അന്‍പതു കോടിക്കു മുകളിലുള്ള റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള നീക്കം. കിഫ്ബി വഴി 32,797 കോടി രൂപ ചെലവിട്ട് 511 പദ്ധതികളാണു പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്നത്. ഈ തുക മുഴുവന്‍ ടോളായി പിരിച്ചെടുക്കാനാണു സര്‍ക്കാര്‍ നീക്കം.
ടോള്‍ പ്ലാസകള്‍ സ്ഥാപിക്കാതെ എ.ഐ ക്യാമറകള്‍ ഉപയോഗിച്ച്, സഞ്ചരിക്കുന്ന ദൂരത്തിനു മാത്രം, പണം ഈടാക്കാനാണ് പദ്ധതി. ഇതിനായി ഇപ്പോള്‍ ഉള്ള എ.ഐ ക്യാമറകള്‍ മതിയാവില്ല. കോടികള്‍ മുടക്കി എ.എ ക്യാമറകള്‍ വാങ്ങേണ്ടതായി വരും.
ഇതു അധിക ബാധ്യതയിലേക്കു നയിക്കുമെന്നും ആരോപണം സജീവമാണ്. കൊട്ടാരക്കര ബൈപ്പാസ്, കുട്ടിക്കാനം ചപ്പാത്ത് മലയോര പാത, അങ്കമാലി-കൊച്ചി വിമാനത്താവള ബൈപ്പാസ്, മൂവാറ്റുപുഴ-പെരുമ്പാവൂര്‍ ബൈപ്പാസ്, തിരുവനന്തപുരം കരമനകളിയിക്കാവിള, വഴയിലനെടുമങ്ങാട് നാലുവരിപ്പാത തുടങ്ങിയ അന്‍പതോളം റോഡുകളിലാണു ടോള്‍ പിരിക്കുക.
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് രൂപികരിക്കുമ്പോള്‍ സര്‍ക്കാരിന്റെ ലക്ഷ്യം അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അതിവേഗം പണം കണ്ടെത്തുകയും പദ്ധതികള്‍ അതിവേഗം പൂര്‍ത്തിയാക്കുകയുമാണ്. പക്ഷേ, കിഫ്ബിയുടെ പ്രവര്‍ത്തിച്ചിരുന്നതു കൃത്യമായ സാമ്പത്തിക ആസൂത്രണമില്ലാതെയാണെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.
കിഫ്ബി നിര്‍മിച്ച റോഡുകള്‍ക്ക് ടോള്‍ എര്‍പ്പെടുത്താനുള്ള നീക്കവുമായി എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടു വന്നതോടെയാണ് ആരോപണങ്ങള്‍ ഓരോന്നായി പുറത്തുവരുന്നത്.ഉയര്‍ന്ന പലിശക്ക് എടുക്കുന്ന വായ്പ കൃത്യസമയത്ത് ചെലവഴിക്കുന്നതിലും കിഫ്ബി പരാജയമാണെന്നു മുന്‍ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഗ്രീന്‍ബോണ്ടുകള്‍ ഇറക്കി സമാഹരിച്ച 300 കോടിയില്‍ 241 കോടി രൂപയും ചെലവഴിച്ചിട്ടില്ലെന്ന് 2024 മാര്‍ച്ചു വരെയുള്ള കണക്കുകളില്‍ ഉണ്ട്. ഇതു കൃത്യമായ സാമ്പത്തിക ആസൂത്രണമില്ലാതെയാണു കിഫ്ബിയുടെ പ്രവര്‍ത്തനമെന്ന ആരോപണത്തിനും ശക്തിയേകി. പദ്ധതി നിര്‍വഹണത്തിനായി ഏല്‍പ്പിച്ച പല ഏജന്‍സികള്‍ക്കും അനുവദിച്ച പണം കൃത്യമായി ചെലവഴിക്കാന്‍ കഴിഞ്ഞില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
അനുമതി നല്‍കിയ പല പദ്ധതികളും പാതിവഴിയില്‍ കിടക്കുമ്പോഴും കിഫ്ബിയുടെ വലിയൊരു ശതമാനം ഫണ്ടും പോകുന്നതു വായ്പയുടെ പലിശ തിരിച്ചടവിനാണ്. ഉയര്‍ന്ന പലിശക്കെടുത്ത വായ്പകള്‍ അധികം വൈകാതെ തിരിച്ചടക്കേണ്ടതിനാല്‍ കിഫ്ബി ബാധ്യതയാകുമോ എന്നത് തുടക്കം മുതല്‍ ആശങ്കയുണ്ടായിരുന്നു.
കടപത്രങ്ങള്‍, ടേം ലോണ്‍, സംസ്ഥാന സര്‍ക്കാര്‍ വിഹിതം തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണു കിഫ്ബി പണം കണ്ടെത്തുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 10,000 കോടി രൂപ വായ്പയെടുക്കാനായിരുന്നു കിഫ്ബിയുടെ ലക്ഷ്യമിട്ടത്. പക്ഷേ ലഭിച്ചത് 5,803.86 കോടി രൂപയും. കിഫ്ബി കടപ്പത്രങ്ങളില്‍ നിക്ഷേപിക്കാന്‍ ആളുകള്‍ മടിക്കുന്നതിന്റെ സൂചനയാണിതെന്നാണു വിദഗ്ധര്‍ പറയുന്നത്.
നേരത്തെ മസാല ബോണ്ട് അടക്കമുള്ള വിഷയങ്ങളില്‍ ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചതു കിഫ്ബിയോടുള്ള നിക്ഷേപകരുടെ വിശ്വാസം തകര്‍ത്തു. ആരോപണങ്ങള്‍ നേരിടുന്ന ഒരു സ്ഥാപനം പുറത്തിറക്കുന്ന കടപ്പത്രത്തില്‍ മുതല്‍ മുടക്കുവാന്‍ സാധാരണഗതിയില്‍ ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളും മടിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.