തിരുവനന്തപുരം: നടനും സി.പി.എം സഹയാത്രികനും കൈരളി ചാനലിന്റെ ചെയർമാനുമായ മമ്മൂട്ടിയെ പദ്മഭൂഷൺ പുരസ്കാരത്തിന് സംസ്ഥാന സർക്കാർ ശുപാശ ചെയ്തെങ്കിലും കേന്ദ്രം പരിഗണിച്ചില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊച്ചിയിലെത്തിയപ്പോൾ പ്രമുഖരുടെ നിരയിലുണ്ടായിരുന്ന മമ്മൂട്ടി മോഡിയെ കൈകൂപ്പി വണങ്ങാതിരുന്നത് വൻ വിവാദമായിരുന്നു.
എന്തായാലും മമ്മൂട്ടിക്ക് പദ്മഭൂഷൺ നൽകാനുള്ള കേരളത്തിന്റെ ശുപാർശ കേന്ദ്രം തള്ളുകയായിരുന്നു. അതേസമയം, മഹാനടനും ബി.ജെ.പി ചായ്‌വുള്ളയാളുമായ മോഹൻലാലിന് പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങൾ നേരത്തേ ലഭിച്ചിട്ടുണ്ട്.
2019ലാണ് മോഹൻലാലിന് പത്മഭൂഷൺ ലഭിച്ചത്. 1998ലാണ് മമ്മൂട്ടിക്ക് പത്മശ്രീ ലഭിച്ചത്. നടന്‍ ജയറാമിനുപോലും ഒരിക്കല്‍ പദ്മശ്രീ ലഭിച്ചിരുന്നു. അത് എന്തിനായിരുന്നെന്ന് ഇപ്പൊഴും ആര്‍ക്കും അറിയില്ലെന്നതാണ് അവസ്ഥ.
ഗായിക കെ.എസ് ചിത്രയെ പദ്മവിഭൂഷണിനായും കേരളം ശുപാർശ ചെയ്തിരുന്നെങ്കിലും കേന്ദ്രം പരിഗണിച്ചില്ല. എഴുത്തുകാരൻ ടി.പത്മനാഭനെയും പത്മഭൂഷണിന് ശുപാർശ ചെയ്തിരുന്നു.
എഴുത്തുകാരായ പ്രൊഫ.എം.കെ സാനു, സി. രാധാകൃഷ്ണൻ, ഗായിക വൈക്കം വിജയലക്ഷ്മി, കലാ സംഘാടകനും നൃത്തസംവിധായകനുമായ സൂര്യ കൃഷ്ണമൂർത്തി, പ്രമുഖ വ്യവസായി ടി.എസ് കല്യാണരാമൻ, കായികതാരമായിരുന്ന പദ്മിനി തോമസ് എന്നിവർക്ക് പത്മശ്രീ നൽകാൻ കേരളം ശുപാർശ ചെയ്തെങ്കിലും കേന്ദ്രം അംഗീകരിച്ചില്ല.
പള്ളിയറ ശ്രീധരൻ – സാഹിത്യം, തിരുവിഴ ജയശങ്കർ – കല (സംഗീതം), കലാമണ്ഡലം ചന്ദ്രൻ – കല (തിമില), കെ. ജയകുമാർ – സിവിൽ സർവീസ്, ഡോ. ടി.കെ. ജയകുമാർ – ആരോഗ്യം, ഡോ. രാജൻ ജോസഫ് മാഞ്ഞൂരാൻ – ആരോഗ്യം, ഫാ. ഡേവിസ് ചിറമ്മേൽ – സാമൂഹിക സേവനം, പുനലൂർ സോമരാജൻ – സാമൂഹിക സേവനം, വാണിദാസ് ഏലവയൂർ – വിദ്യാഭ്യാസം എന്നിവരെയും കേരളം ശുപാർശ ചെയ്തെങ്കിലും കേന്ദ്രം തള്ളി.
കേരളം നൽകിയ പട്ടികയിലുണ്ടായിരുന്നതിൽ കേന്ദ്രം പത്മ പുരസ്കാരം നൽകിയത് എം.ടി വാസുദേവൻ നായർക്കും ഹോക്കി താരം പി.ആർ ശ്രീജേഷിനും മാത്രമാണ്. എം.ടിക്ക് മരണാനന്തര ബഹുമതിയായി പദ്മവിഭൂഷൻ ലഭിച്ചപ്പോൾ ഹോക്കി താരം പി.ആർ ശ്രീജേഷിന് പദ്മഭൂഷൺ ലഭിച്ചു.
പദ്മഭൂഷൻ ജേതാവ് പ്രമുഖ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ജോസ് ചാക്കോ പെരിയപുറം, സംഗീതജ്ഞ കെ. ഓമനക്കുട്ടി, ഫുട്‌ബോൾ താരം ഐ.എം. വിജയൻ, സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ സി.എസ്. വൈദ്യനാഥൻ എന്നിവർ കേളത്തിന്റെ പട്ടികയിൽ ഉണ്ടായിരുന്നില്ല.
ഐ.എം. വിജയനെപ്പോലും കേരളം ശുപാർശ ചെയ്യാതിരുന്നത് എല്ലാവരെയും അമ്പരപ്പിക്കുന്നതായി.
പത്മപുരസ്‌കാരങ്ങൾക്കായുള്ള സംസ്ഥാന സർക്കാരിന്റെ നാമനിർദ്ദേശം കേന്ദ്ര സർക്കാരിന്റെ അവാർഡ് പോർട്ടൽ മുഖേന സെപ്തംബർ 15ന് മുൻപ് ഓൺലൈനായാണ് നൽകിയത്.
ശുപാർശ ചെയ്തവരുടെ പട്ടിക ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക കത്ത് മുഖേന ആഗസ്റ്റ് അവസാനം കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് അയച്ചിരുന്നു.
മന്ത്രിമാരായ സജി ചെറിയാൻ, കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, കെ.ബി. ഗണേഷ് കുമാർ, റോഷി അഗസ്റ്റിൻ, രാമചന്ദ്രൻ കടന്നപ്പള്ളി അന്നത്തെ ചീഫ് സെക്രട്ടറി വി. വേണു എന്നിവരടങ്ങുന്ന പ്രത്യേക പരിശോധനാ സമിതിയാണ് പദ്മ പുരസ്‌കാരങ്ങൾക്കുള്ള സംസ്ഥാനത്തിന്റെ നാമനിർദ്ദേശം തയാറാക്കിയത്.
മലയാളത്തിന്റെ പ്രിയ കഥാകാരൻ എം.ടി. വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്‌മവിഭൂഷൺ നൽകും. നടി ശോഭന, ഹോക്കി താരം പി.ആർ. ശ്രീജേഷ്, പ്രമുഖ ഹൃദയശസ്‌ത്രക്രിയാ വിദഗ്‌ദ്ധൻ ജോസ് ചാക്കോ പെരിയപുറം എന്നിവർക്ക് പത്മഭൂഷൺ. ഫുട്‌ബാൾ താരം ഐ.എം. വിജയൻ, സംഗീതജ്ഞ കെ. ഓമനക്കുട്ടി, സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ പാലക്കാട് സ്വദേശി സി.എസ്. വൈദ്യനാഥൻ , മൃദംഗവിദ്വാൻ ഗുരുവായൂർ ദുെെര എന്നിവർക്ക് പദ്മശ്രീ നൽകാനുമായിരുന്നു കേന്ദ്രതീരുമാനം.