അമ്പമ്പോ സെഡാൻ എന്നാൽ 6.84 ലക്ഷം വിലയുള്ള ഈ കാർ മാത്രം! വാങ്ങാൻ ജനം ക്യൂ, വമ്പൻ നേട്ടവുമായി മാരുതി ഡിസയർ
2024 നവംബറിലാണ് മാരുതി സുസുക്കി ഇന്ത്യൻ വിപണിയിൽ ഡിസയറിൻ്റെ അപ്‌ഡേറ്റ് പതിപ്പ് അവതരിപ്പിച്ചത്. ഈ മോഡലിന് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചു കൊണ്ടിരിക്കുകയാണ്. പുതുവർഷം, അതായത് 2025, മാരുതി ഡിസയറിനെ സംബന്ധിച്ചിടത്തോളം ഒരു മികച്ച വിൽപ്പനയോടെയാണ് ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം, സെഡാൻ വിഭാഗത്തിലെ ഒന്നാം നമ്പർ കാറായി ഡിസയർ വീണ്ടും മാറി. കഴിഞ്ഞ മാസം ഈ സെഡാന്റെ 15,383 യൂണിറ്റുകൾ വിറ്റു. ഗ്ലോബൽ NCAP-യിൽ നിന്ന് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ച മാരുതിയുടെ ആദ്യത്തെ കാർ കൂടിയാണ് ഡിസയർ. 6.84 ലക്ഷം രൂപയാണ് പുതിയ ഡിസയറിന്റെ പ്രാരംഭ എക്സ്-ഷോറൂം വില. സെഗ്‌മെന്റിൽ ഇത് ഹ്യുണ്ടായി ഓറ, ടാറ്റ ടിഗോർ, ഹോണ്ട അമേസ് തുടങ്ങിയ മോഡലുകളുമായി മത്സരിക്കുന്നു. ജനുവരിയിലെ ടോപ്പ്-10 കാറുകളുടെ പട്ടികയിലെ ഏക സെഡാൻ ഡിസയർ ആണ് എന്നതും ശ്രദ്ധേയമാണ്.
പുതിയ മാരുതി ഡിസയറിന്റെ സവിശേഷതകൾ
വേറിട്ട ഫ്രണ്ട് ബമ്പർ, തിരശ്ചീന ഡിആർഎല്ലുകളുള്ള സ്റ്റൈലിഷ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഒന്നിലധികം സ്ലാറ്റുകളുള്ള വീതിയേറിയ ഗ്രിൽ, പുനർരൂപകൽപ്പന ചെയ്ത ഫോഗ് ലാമ്പ് ഹൗസിംഗ് തുടങ്ങിയവ കാരണം പുതിയ ഡിസയർ വേറിട്ടുനിൽക്കുന്നു. എങ്കിലും അതിന്റെ സിലൗറ്റ് പഴയ മോഡലിന് സമാനമായി തുടരുന്നു. സെഡാന്റെ ഷോൾഡർ ലൈൻ ഇപ്പോൾ കൂടുതൽ പ്രകടമാണ്. ഷാർക്ക് ഫിൻ ആന്റിന, ബൂട്ട് ലിഡ് സ്‌പോയിലർ, ക്രോം സ്ട്രിപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന Y-ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ.
സ്വിഫ്റ്റിൽ നിന്ന് കടമെടുത്ത 1.2 ലിറ്റർ മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് പുതിയ ഡിസയറിന് കരുത്ത് പകരുന്നത്. ഈ യൂണിറ്റ് പരമാവധി 80bhp പവറും 112Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു, കൂടാതെ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ AMT ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. LXi, VXi, ZXi, ZXi പ്ലസ് എന്നീ വേരിയന്റുകളിലാണ് ഇത് എത്തുന്നത്.
ആകെ 7 കളർ ഓപ്ഷനുകളിലാണ് പുതിയ മാരുതി ഡിസയർ ലഭ്യമാകുന്നത്. ഡിസയറിന്റെ ഇന്റീരിയറിൽ ബീജ്, കറുപ്പ് നിറങ്ങളിലുള്ള തീമും ഡാഷ്‌ബോർഡിൽ ഫോക്‌സ് വുഡ് ആക്‌സന്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. അനലോഗ് ഡ്രൈവർ ഡിസ്‌പ്ലേ, ക്രൂയിസ് കൺട്രോൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കായി വയർലെസ് അനുയോജ്യതയുള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, റിയർ വെന്റുകളുള്ള എയർ കണ്ടീഷനിംഗ്, സിംഗിൾ-പാനൽ സൺറൂഫ് തുടങ്ങിയ സവിശേഷതകൾ ഇതിന് ലഭിക്കുന്നു. ഒപ്പം റിയർ പാർക്കിംഗ് സെൻസർ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ആറ് എയർബാഗുകൾ (സ്റ്റാൻഡേർഡ്), 360-ഡിഗ്രി ക്യാമറ (സെഗ്‌മെന്റിൽ ആദ്യമായി) എന്നിവയുൾപ്പെടെ നിരവധി സുരക്ഷാ സവിശേഷതകളുണ്ട്.