6382 ഷോകൾ! ഇന്ത്യയിൽ നിന്ന് ആദ്യ ദിനം എത്ര? അഡ്വാൻസ് ബുക്കിംഗിൽ ഞെട്ടിച്ച് ‘വിടാമുയർച്ചി’, കളക്ഷൻ കണക്കുകൾ

തമിഴ് സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ പ്രധാനിയാണ് അജിത്ത് കുമാര്‍. എന്നാല്‍ അദ്ദേഹത്തിന്‍റെ ഒരു ചിത്രം തിയറ്ററുകളില്‍ എത്തിയിട്ട് രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. 2023 ജനുവരിയില്‍ എത്തിയ ജുനിവ് ആണ് അജിത്ത് നായകനായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. ഇപ്പോഴിതാ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം തിയറ്ററുകളിലേക്ക് എത്തുന്ന അജിത്ത് കുമാര്‍ ചിത്രത്തിന്‍റെ റിലീസ് ആണ് നാളെ (6). മഗിഴ് തിരുമേനി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന വിടാമുയര്‍ച്ചി എന്ന ചിത്രമാണ് അത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.

രണ്ട് വര്‍ഷത്തിന് ശേഷമെത്തുന്ന അജിത്ത് ചിത്രത്തെ വലിയ ആവേശത്തോടെയാണ് കാണികള്‍ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത് എന്ന് സൂചിപ്പിക്കുന്നതാണ് അഡ്വാന്‍സ് ബുക്കിംഗ് കണക്കുകള്‍. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം ആദ്യ ദിനം നേടിയിരിക്കുന്നത് 20.75 കോടിയാണ്. ഇതില്‍ 15.3 കോടി ഇന്ത്യയില്‍ നിന്നാണ്. അവരുടെ കണക്ക് പ്രകാരം അഡ്വാന്‍സ് ബുക്കിംഗിലൂടെ ആദ്യ വാരാന്ത്യ ദിനങ്ങളില്‍ ചിത്രം നേടിയിരിക്കുന്നത് 35 കോടിയാണ്. ഇതില്‍ 29 കോടി ഇന്ത്യയില്‍ നിന്നാണ്. 

മറ്റൊരു പ്രമുഖ ട്രാക്കര്‍ ആയ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആദ്യ ദിനം അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം നേടിയിരിക്കുന്നത് 11.48 കോടിയാണ്. ബ്ലോക്ക്ഡ് സീറ്റുകള്‍ കൂട്ടാതെയുള്ള കണക്കാണ് ഇത്. ബ്ലോക്ക് ചെയ്യപ്പെട്ട സീറ്റുകള്‍ കൂടി കൂട്ടിയാല്‍ ഇന്ത്യയിലെ ആദ്യ ദിന കളക്ഷന്‍ 17.81 കോടി വരുമെന്ന് സാക്നില്‍ക് അറിയിക്കുന്നു. എന്തായാലും ആദ്യ ഷോകള്‍ക്കിപ്പുറം മികച്ച അഭിപ്രായം വന്നാല്‍ ചിത്രം ബോക്സ് ഓഫീസില്‍ വമ്പന്‍ കുതിപ്പ് നടത്തുമെന്ന് ഉറപ്പാണ്. 

ALSO READ : ‘നമ്മൾ തമ്മിലുള്ള ബോണ്ട് വളരെ സ്പെഷ്യലാണ്’; അനുജത്തിയുടെ കുഞ്ഞിന് പിറന്നാളാശംസയുമായി മൃദുല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin