39,990 രൂപയ്ക്ക് വാങ്ങിയ ഗോപ്രോ ബോക്സിൽ നിന്ന് അപ്രത്യക്ഷമായി, മറ്റ് രണ്ട് സാധനങ്ങളുമുണ്ട്; ആമസോണിനെതിരെ പരാതി

ബംഗളുരു: ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ നിന്ന് ഓർഡർ ചെയ്ത 39,990 രൂപയുടെ ഗോപ്രോ ക്യാമറയ്ക്ക് പകരം കാലിയായ ബോക്സാണ് വന്നതെന്ന് യുവാവിന്റെ പരാതി. ശുഭം എന്ന യുവാവാണ് ചിത്രങ്ങൾ സഹിതം എക്സിൽ പങ്കുവെച്ച കുറിപ്പിൽ ഇത്തരമൊരു അനുഭവം പങ്കുവെയ്ക്കുന്നത്. ആദ്യ ഘട്ടത്തിൽ പ്രശ്നത്തിന് പരിഹാരം കാണാമെന്ന് അറിയിച്ച ആമസോൺ പിന്നീട് കൈമലർത്തിയെന്നും യുവാവ് പറഞ്ഞു.

39,990 രൂപ വിലയുള്ള ഗോപ്രോ ഹീറോ 13 സ്പെഷ്യൽ ബണ്ടിലിനൊപ്പം 999 രൂപ വിലയുള്ള ഒരു ട്രൈപ്പോഡും 2812 രൂപയുടെ ഫിൽറ്ററുകളുമാണ് ഒരുമിച്ച് ഓർഡർ ചെയ്തത്. 43,801 രൂപയുടെ സാധനങ്ങൾ ആമസോണിൽ നിന്ന് ഒരുമിച്ച് ഷിപ്പ് ചെയ്തതായി അറിയിപ്പും വന്നു. കൊറിയർ വീട്ടിലെത്തിയപ്പോൾ വാച്ച് മാനാണ് അത് വാങ്ങി വെച്ചത്. പിന്നീട് വീട്ടിലെത്തി ബോക്സ് എടുത്ത് തുറന്ന് നോക്കിയപ്പോൾ അകത്ത് ഗോപ്രോ ക്യാമറ മാത്രമില്ല. ആമസോൺ കസ്റ്റമർ കെയറിൽ ബന്ധപ്പെട്ടപ്പോൾ ഫെബ്രുവരി നാലാം തീയ്യതിക്കകം ഒരു പരിഹാരം ഉണ്ടാക്കാമെന്നായിരുന്നു ആദ്യ വാഗ്ദാനം.

എന്നാൽ ഫെബ്രുവരി നാലാം തീയ്യതിയായപ്പോൾ കമ്പനി നിലപാട് മാറ്റിയെന്നും യുവാവ് പറയുന്നു. സാധനം എത്തിച്ചുവെന്നും ഡെലിവറി പൂർത്തിയാക്കിയെന്നുമാണ് തങ്ങൾക്ക് ലഭിച്ച വിവരമെന്നും ഇക്കാര്യത്തിൽ ഇനിയൊന്നും ചെയ്യാനില്ലെന്നും കമ്പനി അറിയിക്കുയായിരുന്നത്രെ. സാധനങ്ങൾ വന്ന പാക്കറ്റിലും ചില സംശയങ്ങളുണ്ടായിരുന്നെന്നും ബോക്സിന് പുറത്ത് ആകെ ഭാരം 1.28 കിലോഗ്രാം എന്ന് എഴുതിയിരുന്നെങ്കിലും തനിക്ക് കിട്ടിയപ്പോൾ 650 ഗ്രാം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും യുവാവ് പറയുന്നു.

സമാനമായ അനുഭവങ്ങളും മറ്റ് അഭിപ്രായങ്ങളുമൊക്കെ നിരവധിപ്പേർ കമന്റ് ചെയ്യുന്നുണ്ട്. ബോക്സ് തുറന്നപ്പോൾ തന്നെ വീഡിയോ എടുത്ത് വെച്ചതു വഴി ഇത്തരമൊരു സംഭവത്തിൽ മുഴുവൻ പണവും തിരികെ കിട്ടിയിട്ടുണ്ടെന്ന് ഒരാൾ പറയുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് വിലപിടിപ്പുള്ളതൊന്നും വാങ്ങരുതെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ ഓപ്പൺ ബോക്സ് ഡെലിവറി പോലുള്ള സൗകര്യങ്ങൾ ഉപയോഗിക്കാത്തത് എന്താണെന്നും പലരും ചോദിക്കുന്നു.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin