പാലാ: നഗരസഭയില്‍ വീണ്ടും ഭരണമാറ്റം ഉറപ്പായി. എല്‍ഡിഎഫിലെ ധാരണ പ്രകാരം ചെയര്‍മാന്‍ സ്ഥാനം രാജി വയ്ക്കാന്‍ ഷാജു തുരുത്തന്‍ തയ്യാറായിട്ടില്ലെങ്കിലും തുരുത്തനെ പുറത്താക്കി തോമസ് പീറ്ററെ പുതിയ ചെയര്‍മാനാക്കാനാണ് കേരള കോണ്‍ഗ്രസിന്‍റെ തീരുമാനം. 

ഷാജു തുരുത്തനുമായി ഇപ്പോഴും അനുനയ ചര്‍ച്ചകള്‍ തുടരുകയാണ്. എന്നാല്‍ തനിക്ക് ശേഷിക്കുന്ന കാലയളവ് കൂടി അനുവദിക്കണമെന്നാണ് തുരുത്തന്‍റെ നിലപാട്. പക്ഷേ ഇടതു കൗണ്‍സിലര്‍മാരിലാരുടെയും പിന്തുണ അദ്ദേഹത്തിനില്ല.

അതിനിടെ കേരള കോണ്‍ഗ്രസിലെ തര്‍ക്കം മുതലാക്കാന്‍ പ്രതിപക്ഷം ചെയര്‍മാനെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. അവിശ്വാസം ചര്‍ച്ചക്കെടുക്കുന്ന സാഹചര്യം ഉണ്ടായാല്‍ ഇടതുമുന്നണി കൗണ്‍സിലര്‍മാര്‍ക്ക് വിട്ടുനില്‍ക്കേണ്ടി വരും.
അങ്ങനെ വന്നാല്‍ അവിശ്വാസം പാസാകുകയും ചെയര്‍മാന്‍ പുറത്താകുകയും ചെയ്യും. പുതിയ മല്‍സരം വരുമ്പോള്‍ തോമസ് പീറ്ററെ മല്‍സരിപ്പിച്ച് വിജയിപ്പിക്കാനുള്ള അംഗബലം ഇടതു മുന്നണിക്കുണ്ട്. 

ഫലത്തില്‍ ഷാജു തുരുത്തന് അനുകൂലമാകേണ്ടിയിരുന്ന അവിശ്വാസം അദ്ദേഹത്തിന് കുരുക്കായി മാറാനാണ് സാധ്യത.

പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുമ്പോള്‍ പാര്‍ട്ടി വിപ്പ് അനുസരിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാകും. പാലായില്‍ തോമസ് പീറ്ററേക്കാള്‍ ജനകീയതയും സ്വീകാര്യതയും ഷാജു തുരുത്തനാണ്. 
അതേസമയം സ്വന്തം വാര്‍ഡിന് പുറത്ത് യാതൊരു സ്വീകാര്യതയുമില്ലാത്ത വ്യക്തിയാണ് തോമസ് പീറ്റര്‍. കേരള കോണ്‍ഗ്രസില്‍ പോലും അദ്ദേഹം സ്വീകാര്യനല്ല.
യാഥാര്‍ഥ്യം അതൊക്കെയാണെങ്കിലും പാര്‍ട്ടി തീരുമാനത്തിനാണ് പ്രസക്തി. അതനുസരിക്കാന്‍ നേതാക്കള്‍ ബാധ്യസ്ഥരാണ്. 

അതിനാല്‍ തന്നെ അര്‍ഹതയില്ലെങ്കില്‍പോലും തോമസ് പീറ്ററെ ചെയര്‍മാനാക്കണമെന്ന പാര്‍ട്ടി മണ്ഡലം കമ്മറ്റിയുടെ തീരുമാനത്തിനൊപ്പമാണ് തുരുത്തനൊഴികെയുള്ള മുഴുവന്‍ ഇടതു കൗണ്‍സിലര്‍മാരും.

വ്യക്തികള്‍ക്കപ്പുറം പാര്‍ട്ടി താല്‍പര്യങ്ങള്‍ക്കാണ് രാഷ്ട്രീയത്തില്‍ പ്രസക്തിയുള്ളത്. അതിനെതിരെ നീങ്ങിയവരൊക്കെ പിന്നീട് അപ്രസക്തരായതാണ് കോട്ടയത്ത ചരിത്രം. 
സ്വന്തം പാര്‍ട്ടിയില്‍ കുത്തിത്തിരുപ്പുണ്ടാക്കി വരുന്നവരെ വിശ്വസിക്കാന്‍ എതിര്‍പക്ഷത്തുള്ളവരും തയ്യാറാകാറില്ല. അതിനാല്‍ തന്നെ ഷാജു തുരുത്തന്‍ ഒടുവില്‍ പാര്‍ട്ടി തീരുമാനത്തിന് വഴങ്ങാനാണ് സാധ്യത.  

By admin

Leave a Reply

Your email address will not be published. Required fields are marked *