8 ലക്ഷത്തിൽ താഴെ വിലയുള്ള ഈ അടിപൊളി ഹോണ്ട കാറിന് ഒരുലക്ഷം രൂപ വെട്ടിക്കുറച്ചു

നിങ്ങൾ ഒരു പുതിയ സെഡാൻ വാങ്ങാൻ പദ്ധതിയിടുകയാണോ? എങ്കിൽ നിങ്ങൾക്കൊരു സന്തോഷവാർത്തയുണ്ട്. ജാപ്പനീസ് ബ്രാൻഡായ ഹോണ്ടയുടെ ജനപ്രിയ സെഡാൻ അമേസിന് 2025 ഫെബ്രുവരിയിൽ  ഒരു ലക്ഷം രൂപയിൽ കൂടുതൽ കിഴിവ് ലഭിക്കുന്നു. രണ്ടാം തലമുറ അമേസിന്‍റെ 2024, 2025 വർഷങ്ങളിൽ നി‍ർമ്മിച്ച മോഡലുകൾക്കാണ് ഈ കിഴിവ് ലഭ്യമാകുന്നതെന്ന് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ക്യാഷ് ഡിസ്‌കൗണ്ടുകൾ, ബൈബാക്ക് സ്‌കീമുകൾ, ലോയൽറ്റി, എക്‌സ്‌ചേഞ്ച് ബോണസുകൾ, കോർപ്പറേറ്റ് സ്‌കീമുകൾ, 7 വർഷത്തെ വിപുലീകൃത വാറന്റി എന്നിവ ഈ വില ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. 

ഈ കാലയളവിൽ, ഹോണ്ട അമേസ് വാങ്ങുന്നതിലൂടെ ഉപഭോക്താക്കൾക്ക് 1.07 ലക്ഷം രൂപ വരെ ലാഭിക്കാൻ കഴിയും. അമേസിന്റെ E, S വേരിയന്റുകളിൽ 57,200 രൂപ വരെ കിഴിവ് ലഭ്യമാണ്. അതേസമയം VX വേരിയന്‍റിന് 1.07 ലക്ഷം രൂപ വരെ കിഴിവുണ്ട്. കിഴിവ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾക്ക് അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടാം. ഹോണ്ട അടുത്തിടെ മൂന്നാം തലമുറ അമേസിനെ പുറത്തിറക്കിയിരുന്നു. ഈ മോഡലിന് കിഴിവുകളൊന്നും ലഭ്യമല്ല. 7.99 ലക്ഷം രൂപ മുതലാണ് പുതിയ അമേസിന്‍റെ എക്സ് ഷോറൂം വില. 

ഇനി ഹോണ്ട അമേസിനെപ്പറ്റി പറയുകയാണെങ്കിൽ രൂപകൽപ്പനയുടെ കാര്യത്തിൽ, പുതിയ അമേസിൽ ഹണികോമ്പ് പാറ്റേണുള്ള വലിയ ഫ്രണ്ട് ഗ്രിൽ ഉണ്ട്, ഇരുവശത്തും സംയോജിത ഡിആർഎല്ലുകളുള്ള സ്ലീക്കർ എൽഇഡി ഹെഡ്‌ലാമ്പുകൾ വശങ്ങളിലായി കാണാം. ഗ്രില്ലിന് മുകളിലുള്ള കണക്റ്റഡ് ക്രോം സ്ട്രിപ്പും നവീകരിച്ച ക്ലാംഷെൽ ബോണറ്റും പ്രീമിയം ടച്ച് നൽകുന്നു. കാറിന്റെ ക്യാബിനിൽ, ഉപഭോക്താക്കൾക്ക് 8 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും നൽകിയിട്ടുണ്ട്. അതേസമയം, കാറിനുള്ളിൽ ഡ്യുവൽ-ടോൺ കളർ സ്‍കീം, വയർലെസ് ഫോൺ ചാർജർ, സിംഗിൾ-പാൻ സൺറൂഫ് എന്നിവയും ഉപഭോക്താക്കൾക്ക് നൽകിയിട്ടുണ്ട്.

സുരക്ഷയുടെ കാര്യത്തിൽ, പുതിയ സെഡാന്റെ എല്ലാ വകഭേദങ്ങളിലും ഇപ്പോൾ 6-എയർബാഗുകളുണ്ട്. ഇതിനുപുറമെ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) സാങ്കേതികവിദ്യയും കാറിൽ നൽകിയിട്ടുണ്ട്. ഹോണ്ട അമേസിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 7.99 ലക്ഷം മുതൽ 10.90 ലക്ഷം രൂപ വരെയാണ്. നിലവിലുള്ള 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ തന്നെ കാറിൽ നിലനിർത്തിയിട്ടുണ്ട്, ഇത് പരമാവധി 90 bhp കരുത്തും 110 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. ഇന്ത്യൻ വിപണിയിൽ ഹോണ്ട അമേസ് മാരുതി ഡിസയർ, ഹ്യുണ്ടായി ഓറ, ടാറ്റ ടിഗോർ തുടങ്ങിയ കാറുകളോടാണ് മത്സരിക്കുന്നത്.

By admin