ശിക്കാരി ശംഭു നല്ല ഷെഫ് ആയിരുന്നു, അങ്ങേരുണ്ടാക്കിയതാണ് ആദ്യത്തെ ബിരിയാണി!
ബിരിയാണി പ്ലേറ്റും കൊണ്ട് നടന്ന് വന്ന അതേ ടൈമിൽ തന്നെ കെട്ട്യോനും വന്ന് കഴിക്കുവാനിരുന്നു. അല്ലെങ്കില്, തോന്നിയ സമയത്ത് തോന്നിയത് പോലെ കഴിച്ചിരുന്നവനാ. വശപ്പെശക് ബിരിയാണി ആയത് കൊണ്ട് എനിക്ക് ആകെയൊരു വെപ്രാളം പോലെ…
അടുക്കളപ്പണി. എനിക്കേറ്റവും ദേഷ്യമുള്ള ഒരു കാര്യമാണ് അത്. കുക്കിങ്ങ് ഇഷ്ടമൊക്കെ ആണെങ്കിലും അത്രക്കങ്ങ് ഇഷ്ടമല്ല. വേറെ എന്തൊക്കെ കാര്യങ്ങളുണ്ട് ഈ ലോകത്ത് ചെയ്യാൻ!
എങ്കിലും യൂട്യൂബിലൊക്കെ കാണുന്ന ചില സംഭവങ്ങൾ പരീക്ഷിച്ച് നോക്കാറുമുണ്ട്.
ഞാൻ ഉണ്ടാക്കുന്ന സാധനങ്ങൾ അപാര ടേസ്റ്റ് ആണെന്നാണ് ഞാൻ തന്നെ പറയാറുള്ളത്. സംശയമുള്ളവർക്ക് ബാക്കി കൂടി വായിച്ച് നോക്കാം. അപ്പോൾ എല്ലാം മനസ്സിലാവും.
ഒരു ദിവസം യൂട്യൂബിൽ ഈസി ബിരിയാണി റെസീപ്പീസ് പരതുകയായിരുന്നു ഞാൻ. അങ്ങനെ ഒരെണ്ണത്തിൽ എന്റെ കണ്ണുടക്കി.
Chicken cooker biriyani!
ആഹാ.. ഇത് തന്നെ പറ്റിയ നേരം. ഞാൻ വേഗം തന്നെ ആവശ്യമുള്ള സാധനങ്ങൾ എല്ലാം ഒപ്പിച്ച് പണി തുടങ്ങി. അടുക്കളയിൽ കയറിയാൽ ആരെങ്കിലും എന്നോട് ‘അത് ചെയ്യ്, ഇത് ചെയ്യ്’ എന്നൊക്കെ പറഞ്ഞ് വരുന്നത് എനിക്ക് ഇഷ്ടമല്ല!
കാരണം, എല്ലാം എനിക്കറിയാമല്ലോ!
അങ്ങനെ കണ്ണിൽ കണ്ടതൊക്കെയും വെട്ടിയരിഞ്ഞ് അടുപ്പിൽ വെച്ചു.
ഗ്യാസ്സ് സ്റ്റൗ ഓണാക്കുക, ഓഫാക്കുക, ഇളക്കുക എന്നീ കർമ്മങ്ങൾ എല്ലാം എനിക്ക് തന്നെ ചെയ്യണം എന്ന നിർബന്ധം എനിക്കുണ്ട്. അതുകൊണ്ട്, അത്യാവശ്യത്തിന് ഞാനൊന്ന് സൂസൂ വെക്കാൻ പോയാൽ അടുപ്പത്തുള്ളത് കരിഞ്ഞാൽ പോലും ആരും അത് തൊടില്ല. എന്നെ ഭയങ്കര പേടിയാണല്ലോ.
ഞാനിങ്ങനെ ചാടി നടന്ന് ഇളക്കുന്നു, മസാല അരക്കുന്നു, ഇടക്ക് മിഠായി തിന്നുന്നു. ബിസിയോട് ബിസിയാണ്.
ഇടക്കിടക്ക് അമ്മ വന്ന് നോക്കുമ്പോൾ കണ്ണുരുട്ടി ഞാനോടിപ്പിച്ചു. അമ്മക്കൊരു ധാരണ ഉണ്ട് അമ്മ വലിയ കുക്ക് ആണെന്ന്.
എല്ലാ ചേരുവകളും പാകമായപ്പോൾ കഴുകിയ അരിയും ഇട്ട് വെള്ളവും ഒഴിച്ച് കുക്കർ അടച്ചു.
എന്നിട്ട് ഒരു പോസ്റ്റിട്ട്, ദൈവത്തിനെ ടാഗ് ചെയ്തു.
‘കർത്താവേ, അരി കറക്ടായി വേവണേ…’
ഞാൻ പ്രാർത്ഥിക്കാറൊക്കെ ഉണ്ടെന്ന് മറ്റുള്ളവർ അറിഞ്ഞാൽ നാണക്കേടാണ്. എന്റെ കാര്യസാധ്യത്തിന് വേണ്ടി മാത്രം പ്രാർത്ഥിക്കുന്ന ഒരു പ്രത്യേക തരം നിരീശ്വര വാദിയാണ് ഞാൻ.
കറക്ട് എട്ട് മിനിറ്റ് കഴിഞ്ഞാൽ കുക്കർ ഓഫ് ചെയ്യണം എന്നാണ് യൂട്യൂബിലെ അമ്മച്ചി പറഞ്ഞിരിക്കുന്നത്. ക്ലോക്കിൽ എട്ട് മിനിറ്റാകുന്നതും നോക്കി നഖം കടിച്ച് നിന്നിരുന്ന എന്നെ ആരോ വിളിക്കുന്നത് കേട്ടു.
എട്ട് മിനിറ്റാവാൻ ഇനിയും പത്ത് മിനിറ്റുണ്ടെന്ന ഉറപ്പിൽ ഞാൻ വിളി കേട്ടിടത്തേക്ക് ഓടി.
കുക്കിങ്ങിന് കയറിയാൽ ഞാൻ സാധാരണ എല്ലാം മറക്കും, മക്കളേയും മറക്കും..!
വിളിച്ചത് മൂത്ത സന്തതി ആയിരുന്നു.
“അമ്മേ, ബിരിയാണി ആയോ?”
“ചോദിക്കുമ്പോഴേക്കും ബിരിയാണി ഒന്നുമാവില്ല. ക്ഷമ വേണം കുട്ടീ ക്ഷമ.”- അവനോട് ക്ഷമ കെട്ട് ഞാൻ പറഞ്ഞു.
‘ഇനി എന്നെ വിളിച്ച് കൂവിയാൽ കൊല്ലുമെടാ’ എന്നും പറഞ്ഞ് ഞാൻ അടുക്കളയിലേക്ക് പോയി.
ഹോ സമാധാനം! ക്ലോക്കിലെ സൂചി അനങ്ങിയിട്ടില്ല. എനിക്കിനി ആദ്യം മുതൽ എട്ട് മിനിറ്റ് ആവാൻ വെയ്റ്റ് ചെയ്യാം.
‘കർത്താവേ, അരി കറക്ട് വേവണേ’ – ഇടക്ക് കർത്താവിനേയും സ്മരിക്കുന്നുണ്ട്.
അങ്ങനെ കാത്തിരുന്നിട്ടും എട്ട് മിനിറ്റാകുന്നില്ല. അടുക്കളയിലെ ചേച്ചിയോട് ഞാൻ ചോദിച്ചു:
“ചേച്ചീ, എന്തേലും പ്രശ്നം തോന്നുന്നുണ്ടോ?”
“അതേയ്, ആ ക്ലോക്ക് ചത്തിരിക്കുവാ.” – ചേച്ചി പറഞ്ഞു.
ഓ മൈ ഗോഡ്! ഞാൻ ഞെട്ടി.
“എന്നിട്ടത് ഇപ്പോഴാണോ പറയണത്?”
“അത് പിന്നെ മോൾക്കിഷ്ടമില്ലല്ലോ ഇടക്ക് കേറി മിണ്ടുന്നത്.” – ചേച്ചി മുഖം കോട്ടി.
ഹോ എന്തൊരു അനുസരണ, എന്തൊരു വിനയം! സന്തോഷം കൊണ്ടെന്റെ കണ്ണ് ചുവന്നു.
‘കർത്താവേ, അരി നന്നായി വേവണേ’ ഒരു പോസ്റ്റ് കൂടെ ഇട്ടതിന് ശേഷം ഗ്യാസ് ഓഫാക്കി, ആവിയൊക്കെ കളഞ്ഞ് കുക്കർ തുറന്നു.
‘എന്റെ കർത്താവേ, ഇത്ര നന്നായി അരി വേവിക്കണ്ടായിരുന്നു കേട്ടോ’ എന്നൊരു സ്റ്റോറിയും ഇട്ടു ഞാൻ.
കുറച്ചധികം വെന്ത് കുഴഞ്ഞ് പോയ ബിരിയാണിയെ നോക്കി ഞാൻ ഉള്ളിൽ തേങ്ങി.
‘നിന്നെയിനി എന്ത് ചെയ്യും എന്റെ ബിരിയാണീ’ എന്നോർത്ത് നിന്നപ്പോൾ ഒരു ഐഡിയ തോന്നി.
നേരെ ഞാൻ മൂത്തവന്റെ അടുത്ത് ചെന്നു.
“എടാ, നീയല്ലേ ഇന്നാള് പറഞ്ഞത് കുറച്ച് കുഴഞ്ഞ ബിരിയാണിയാ നിനക്കിഷ്ടം എന്ന്?”
“അതെ. എനിക്ക് ഡ്രൈ റൈസ് ഇഷ്ടമല്ല. ബിരിയാണി ആയോ?” – അവന് വീണ്ടും ആക്രാന്തം.
“നിനക്ക് വേണ്ടി അമ്മ അങ്ങനെ കുഴഞ്ഞ ബിരിയാണി ഉണ്ടാക്കിയിട്ടുണ്ട്. എടുക്കട്ടേ?” – ഒന്നും സംഭവിക്കാത്തത് പോലെ ഞാൻ ചോദിച്ചു.
ഉത്തരം എന്താണെന്ന് എനിക്കറിയാവുന്നത് കൊണ്ട് ഞാൻ തിരിച്ച് പോയി, അവനുള്ള ബിരിയാണി ഒരു പ്ലേറ്റിലെടുത്തു.
ബിരിയാണി ഞാനൊന്നിളക്കിയപ്പോൾ ഒന്ന് കൂടെ ഞാൻ ദൈവത്തിനെ ഓർത്തു.
‘എന്നാലും എന്റെ കർത്താവേ….!’
ബിരിയാണി പ്ലേറ്റും കൊണ്ട് നടന്ന് വന്ന അതേ ടൈമിൽ തന്നെ കെട്ട്യോനും വന്ന് കഴിക്കുവാനിരുന്നു. അല്ലെങ്കില്, തോന്നിയ സമയത്ത് തോന്നിയത് പോലെ കഴിച്ചിരുന്നവനാ. വശപ്പെശക് ബിരിയാണി ആയത് കൊണ്ട് എനിക്ക് ആകെയൊരു വെപ്രാളം പോലെ…
“നീയിന്ന് എന്തേലും ഉണ്ടാക്കിയോ?”- കെട്ട്യോൻ മുരണ്ടു.
“അത് വെറുതേയൊരു ബിരിയാണി.” – ഞാനുരുണ്ടു.
അടുത്തതായി വന്ന സൈലൻസിൽ ഒരു ഫോർമാലിറ്റിക്ക് വേണ്ടി ഞാൻ ചോദിച്ചു:
“കഴിക്കാറായോ, ബിരിയാണി വേണോ?”
“ഹേയ് എനിക്കൊന്നും വേണ്ട.” – വീണ്ടും മുരളുന്നു.
ഹോ ഭാഗ്യം!
എങ്ങാനും ബിരിയാണി വേണം എന്ന് പറഞ്ഞിരുന്നേല്…
തൽക്കാലം കൈയിലുള്ള പ്ലേറ്റും കൊണ്ട് ഞാൻ പോയി സന്തതിക്ക് കൊടുത്തു.
ബിരിയാണി എങ്ങനുണ്ടെന്നൊന്നും ഞാൻ ചോദിക്കുവാൻ നിന്നില്ല. അല്ലേലും ആർക്ക് വേണം ഫീഡ് ബാക്ക്!
എന്നാലും കർത്താവേ…
ആ വിഷമം അങ്ങ് തീരുന്നില്ല.
ഒരു പത്ത് മിനിറ്റ് കഴിഞ്ഞ്, വെറുതെ ടിവി കണ്ടുകൊണ്ടിരുന്ന എന്റെ വായിൽ കോലിട്ടിളക്കാൻ കെട്ട്യോൻ വന്നു. അതീ വർഗ്ഗത്തിന് ഒരു ഹരം ആണല്ലോ.
“നിനക്ക് ബിരിയാണി ഓർഡർ ചെയ്യാമായിരുന്നില്ലേ?”
ചോദ്യം കേട്ട് സ്വാഭാവികമായും ഞാൻ ഞെട്ടി.
ഇങ്ങേരിനി പാത്രം എങ്ങാനും തുറന്ന് നോക്കിയോ!?
“ഉം, എന്തേ?”- നിഷ്കളങ്കതയോടെ ഞാൻ നോക്കി.
“ഏയ് ഒന്നുമില്ല. ചോദിച്ചൂന്നേയുള്ളൂ.”
ഹാവൂ അത്രേയുള്ളൂ. എനിക്ക് ഒരു ആശ്വാസം ആയി. അതും പറഞ്ഞ് പോകുന്ന പോക്കിൽ എന്റെ ചങ്കിലൊരു കുത്ത് തന്നു ആ മനുഷ്യൻ.
“ശ്ശെ! നല്ല ബിരിയാണി വാങ്ങാമാരുന്നു ലുലൂന്ന്. പറഞ്ഞാൽ പോരായിരുന്നോ.”
എനിക്കിവിടെ വോയ്സ് ഇല്ല എന്ന സത്യം എനിക്കറിയാവുന്നത് കൊണ്ട് ഞാൻ ഒന്നും തിരിച്ച് പറഞ്ഞില്ല. പക്ഷേ, എന്നിലെ ആ മറ്റേ ഷെഫ് അപമാനിതയായി പോയി.
‘വേണ്ടെങ്കീ ഇയാള് തിന്നണ്ട്രോ’ എന്ന് പിറുപിറുത്ത് ഞാൻ തിരിഞ്ഞിരുന്നു.
ബിരിയാണി പാത്രത്തിൽ ഇളക്കിയത് കൊണ്ടാവും അങ്ങേര് വന്നെന്നേയും ഇളക്കിയത് എന്നാണ് ഞാൻ വിചാരിച്ചിരുന്നത്.
പക്ഷേ, ബിരിയാണി പോയിട്ട് അടുക്കള പോലും അങ്ങേര് കണ്ടിട്ടില്ല എന്നറിഞ്ഞപ്പോൾ എനിക്ക് നാണക്കേട് തോന്നി, കൂടെ പ്രതികാരദാഹവും.
പക്ഷേ തലക്കകത്തിരുന്ന് ആരോ പാടി. ‘ബിരിയാണിയുടെ കഥ കഴിഞ്ഞിട്ടാവാം പ്രതികാരം…’ ശരിയാ, ഇനിയും ഇൻസൾട്ട് താങ്ങാൻ എനിക്കാവില്ല.
അങ്ങനെ ഓരോന്നാലോചിച്ച് നെറ്റ്ഫ്ലിക്സും കണ്ട് ഞാനുറങ്ങിയും പോയി. പിള്ളേരുടെ ബഹളം കേട്ട് ഞെട്ടിയെഴുന്നേറ്റ് പോയതിന്റെ ദേഷ്യത്തിൽ മുറിയുടെ പുറത്ത് പോയി.
അവിടെ ആണ്ടെ പിന്നേയും ഇരിക്കുന്നു അങ്ങേര്. ഞാൻ വീണ്ടും തളർന്നു. ഒന്നും മിണ്ടാതെ ഞാൻ മുറിയിലേക്ക് കയറി.
“റോസ്..” – ഒരു പിൻവിളി കേട്ട് ഞാനൊന്ന് നിന്നു. ഓ, ലുലുവിൽ നിന്നും വാങ്ങി ഞണ്ണിക്കാണും. അത് പറഞ്ഞ് കുത്താനായിരിക്കും വിളിക്കുന്നത്.
“ഉം, എന്താ?”- യാതൊരു താൽപ്പര്യവുമില്ലാതെ ഞാൻ ചോദിച്ചു.
“നല്ല ടേസ്റ്റുണ്ട് ബിരിയാണി. ഞാൻ കഴിച്ചാരുന്നു.”
ഞാൻ ആ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. എനിക്ക് സംശയം ഉണ്ട്. അവിടെ ദേ പരിപൂർണ്ണ നിഷ്കളങ്കത മാത്രം!
“അതിന് നിങ്ങള് കഴിച്ചോ?”
“കഴിച്ചു, നന്നായിട്ടുണ്ടല്ലോ.”
“അയ്യോ അത് നന്നായിട്ടൊന്നുമില്ല. അവന് വേണ്ടി വെള്ളം കൂടുതലൊഴിച്ച് കൊഴഞ്ഞ ബിരിയാണിയാ”- ഞാൻ നല്ല വെടിപ്പായി നുണ പറഞ്ഞു.
“ആണോ, എന്നാലെനിക്കും ഇനി ഇങ്ങനത്തെ ബിരിയാണി മതി. കുഴഞ്ഞതാ എനിക്കും ഇഷ്ടം.”
ശ്ശോ, എനിക്ക് പാവം തോന്നി. പ്രതികാരം മൂത്ത് ജ്യൂസില് വല്ല ഹിറ്റെങ്ങാനും കലക്കി കൊടുത്തിരുന്നെങ്കിലോ… കർത്താവ് കാത്തു..!
ശ്ശോ പാവം എന്റെ കെട്ട്യോൻ! ഞാൻ നേരെ അടുക്കളയിൽ പോയി ചേച്ചിയോട് പറഞ്ഞു:
“ഈ ക്ലോക്കിൽ ഇനി ഒരിക്കലും ബാറ്ററി ഇടരുത്. ഇതാണെന്റെ ബിരിയാണി കണക്ക്.”
വള്ളിക്കെട്ടുപദേശം: കണക്കില് വീക്കായിട്ടുള്ളവർ അരി കൊണ്ടുള്ള ഐറ്റംസ് ഉണ്ടാക്കാതെ ഇരിക്കുന്നതാണ് നല്ലത്. കണക്ക് കൂട്ടലുകൾ എപ്പോഴും പിഴച്ച് കൊണ്ടേയിരിക്കും.
ടുലുനാടന്‍ കഥകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
ഒരു കടിഞ്ഞൂല്‍ പ്രേമകഥ, നായികയായി ഇന്‍സ്റ്റയില്‍നിന്നൊരു മൈസൂര്‍ പെണ്‍കൊടി!