തിരുവനന്തപുരം: തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ എച്ച്എസ്എല്‍പി സ്‌കൂളിലെ തോട്ടത്തില്‍ നിന്ന് പച്ചക്കറി മോഷണം പോയതായുള്ള കുഞ്ഞുങ്ങളുടെ പരാതി ശ്രദ്ധയില്‍പ്പെട്ടെന്നും ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി. 

വിദ്യാഭ്യാസ അധികൃതരോടും കാര്യങ്ങള്‍ അന്വേഷിച്ചറിയാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ഇക്കാര്യത്തില്‍ എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങള്‍ വിഷമിക്കേണ്ട എന്നാണ് എനിക്ക് പറയാനുള്ളത്. നിങ്ങളോടൊപ്പം ഞാനുമുണ്ട് എന്നും മന്ത്രി കുറിച്ചു.

തിരുവനന്തപുരം തൈക്കാട് ഗവ. മോഡല്‍ എച്ച്എസ്എല്‍പിഎസിലെ കുട്ടികള്‍ ഉച്ചഭക്ഷണത്തിനായി കൃഷി ചെയ്ത പച്ചക്കറികളാണ് മോഷണം പോയത്. 30 ഓളം കോളിഫ്‌ലവറുകളും വഴുതനങ്ങയും തക്കാളിയുമാണ് മോഷണം പോയത്.

തുടര്‍ന്ന് തങ്ങളുടെ പച്ചക്കറി മോഷ്ടിച്ച കള്ളനെ പിടികൂടാന്‍ വിദ്യാഭ്യാസ മന്ത്രിയുടെ സഹായം തേടി വിദ്യാര്‍ത്ഥികള്‍ എഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായിരുന്നു. ഈ കത്തിന്റെ ചിത്രം കൂടി പങ്കുവച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ മറുപടി. 

ഉച്ച ഭക്ഷണത്തിനുള്ള പച്ചക്കറി സ്വന്തം ഉല്‍പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു കുട്ടികള്‍ കൃഷി ആരംഭിച്ചത്. വിളഞ്ഞു പാകമായി നില്‍ക്കുന്ന പച്ചക്കറികള്‍ മോഷണം പോയത് അവധി കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ സ്‌കൂളിലെത്തിയ ഇവരെ ഞെട്ടിച്ച കാഴ്ചയായിരുന്നു. 

നിലവിലേതിനേക്കാള്‍ വിപുലമായ രീതിയില്‍ കൃഷി ചെയ്തപ്പോള്‍ പോലും ഇത്തരമൊരു മോഷണം നേരിടേണ്ടി വന്നില്ലെന്നാണ് സ്‌കൂളിലെ അധ്യാപിക വിശദമാക്കുന്നത്. സംസ്ഥാന കലോത്സവത്തിന്റെ വേദി കൂടിയായിരുന്നു സ്‌കൂള്‍.

 

By admin

Leave a Reply

Your email address will not be published. Required fields are marked *