എല്ലാ സ്വർണത്തിനും വായ്പ കിട്ടുമോ? പണയം വെക്കാവുന്ന സ്വർണം ഏതൊക്കെയാണ്? അറിയേണ്ടതെല്ലാം
സ്വർണവില ഇന്ന് എല്ലാ റെക്കോർഡുകളും മറികടന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. കഴിഞ്ഞ ഒരു മാസംകൊണ്ട് സ്വർണവിലയിൽ വലിയ വർധനയാണ് ഉണ്ടായത്. ഇന്ന് ആദ്യമായി സ്വർണവില 62000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 62480 രൂപയാണ്. ആഗോള വ്യാപാര യുദ്ധത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ സ്വർണവിലയെ ഉയർത്തുകയാണ്. ഈ സാഹചര്യത്തിൽ സ്വർണ വായ്പയ്ക്ക് ഡിമാൻഡ് കൂടുന്നുണ്ട്. സ്വർണ വായ്പ എടുക്കുന്നതിന് മുൻപ് അറിയേണ്ട ഒരു പ്രധാന കാര്യമാണ്, സ്വർണ്ണ വായ്പകൾക്ക് ഏത് തരത്തിലുള്ള സ്വർണ്ണമാണ് സ്വീകരിക്കുന്നത് എന്നുള്ളത്.
രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾ എല്ലാ തരത്തിലുള്ള സ്വർണവും വായ്‌പയ്‌ക്കായി സ്വീകരിക്കാറില്ല. അതായത്, സ്വർണ വായ്പയാണെങ്കിലും സ്വർണാഭരണങ്ങൾ മാത്രമാണ് മിക്ക ബാങ്കുകളും സ്വീകരിക്കാറുള്ളത്. ഇതിൽ സ്വർണ നാണയങ്ങളോ സ്വർണ ബാറുകളോ അല്ലെങ്കിൽ ആഭരണങ്ങൾ അല്ലാത്തവയോ വായ്പയ്ക്കായി ബാങ്കുകൾ സ്വീകരിക്കില്ല. കൂടാതെ, ഈടായി നൽകുന്ന സ്വർണ്ണത്തിൻ്റെ പരിശുദ്ധി 18 കാരറ്റിനും 22 കാരറ്റിനും ഇടയിലായിരിക്കണം.
നിലവിൽ ഏകദേശം 27,000 ടണ്ണിലധികം സ്വർണമാണ് ഇന്ത്യയിലെ വീടുകളിലുള്ളത്. അതിൽ ഏകദേശം 5,300 ടൺ വായ്പ എടുക്കുന്നതിനായി പണയം വെച്ചിട്ടുണ്ട്. രാജ്യത്ത് ആഭരങ്ങളായി തന്നെയാണ് കൂടുതൽ സ്വർണവും സൂക്ഷിച്ചിട്ടുള്ളത്.
നിലവിലെ ഉയർന്ന സ്വർണ്ണവില, ലോൺ-ടു-വാല്യൂ അനുപാതം വായ്പ എടുക്കുന്നവർക്ക് കൂടുതൽ അനുകൂലമാണ്. ഉദാഹരണത്തിന്, ഇന്ത്യയിലെ പ്രമുഖ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ആർബിഐ മാനദണ്ഡങ്ങൾ അനുസരിച്ച് 75% വരെ സ്വർണ്ണ വായ്പ നൽകുന്നതിന് സാധിക്കും. വിപണിയിൽ സ്വർണത്തിന്റെ മൂല്യം കൂടുന്തോറും സ്വർണം ഈടായി സൂക്ഷിക്കുന്നതിലൂടെ കൂടുതൽ വായ്പയെടുക്കാൻ കഴിയും, സ്വർണവായ്പകൾ ഉടനടിയുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് ആകർഷകമായ വഴിയായി മാറുന്നതിന് ഈ ഘടകം സഹായിക്കുന്നു.