ഇനി ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് ട്രാൻസിറ്റ് വിസയിലും ഉംറ നിർവഹിക്കാം
റിയാദ്: സൗദി അറേബ്യയിൽ ട്രാൻസിറ്റ്, സന്ദർശന വിസ ഉപയോഗിച്ച് ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് ഇനി മുതൽ ഉംറ നിർവഹിക്കാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. സാധാരണയായി ഹജ്ജ്, ഉംറ എന്നിവ നിർവഹിക്കാൻ ഉംറ വിസ നിർബന്ധമായിരുന്നു. ജിസിസി രാജ്യങ്ങളിലുള്ളവർക്ക് തീർത്ഥാടനത്തിനുള്ള പ്രവേശനം സുഗമമാക്കുന്നതിനും അതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. ട്രാൻസിറ്റ് വിസ ഉപയോഗിച്ച് യാത്രക്കാർക്ക് 96 മണിക്കൂർ വരെ രാജ്യത്ത് തങ്ങാവുന്നതാണ്. എന്നാൽ, മദീനയിലെ പ്രവാചക പള്ളിയിലെ അൽ റൗദ അൽ ഷെരീഫ് സന്ദർശിക്കാൻ തീർത്ഥാടകർ നുസുക് ആപ്ലിക്കേഷൻ വഴി മുൻകൂർ ബുക്കിങ് നടത്തണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
read also: ഇന്ന് അബുദാബി, അൽഐൻ, അൽ ദഫ്ര എന്നിവിടങ്ങളിൽ റെഡ്, യെല്ലോ അലർട്ട്
സൗദി അറേബ്യ കഴിഞ്ഞ വർഷം സന്ദർശനത്തിനോ വ്യക്തിഗത ആവശ്യങ്ങൾക്കോ ആയി രാജ്യത്തെത്തുന്നവർക്ക് ഉംറ ചെയ്യാൻ അവസരമൊരുക്കിയിരുന്നു. കൂടാതെ, ഷെങ്കൻ രാജ്യങ്ങളിൽ നിന്നോ അമേരിക്കയിൽ നിന്നോ സന്ദർശനത്തിനായെത്തുന്നവർക്ക് സാധുവായ വിസയുണ്ടെങ്കിൽ അവരുടെ താമസ കാലയളവിനിടയിൽ ഉംറ നിർവഹിക്കാനും അനുവാദമുണ്ട്. തീർത്ഥാടകർക്ക് ഉയർന്ന നിലവാരത്തിലുള്ള സേവനം ഉറപ്പാക്കുന്നതിനും മത ടൂറിസം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള രാജ്യത്തിന്റെ വിഷൻ 2030ന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം പറഞ്ഞു.