തിരുവനന്തപുരം: പൊന്മുടി കാണാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സുഖകരവും ആനന്ദദായകവുമായ യാത്ര ഒരുക്കുക എന്ന ലക്ഷ്യത്തോടെ വിതുരയില്‍ ‘ടൂറിസം ഹബ്ബ്’ പദ്ധതി വരുന്നു. വിതുരയില്‍ നിന്നും കല്ലാര്‍ ഗോള്‍ഡന്‍ വാലി വഴി പൊന്മുടിയിലേക്കും മടക്കയാത്ര ഉള്‍പ്പെടെ നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഉല്ലാസയാത്രയ്ക്കാണ് തുടക്കമാകുന്നത്. ഈ ആഴ്ച തന്നെ സർവീസ് ആരംഭിക്കാനാണ് നീക്കമെന്ന് വിതുര കെ എസ് ആർ ടി സി അധികൃതർ പറഞ്ഞു.
രാവിലെ ആറു മുതല്‍ വൈകിട്ട് നാലുവരെ വിതുര കെ എസ് ആര് ടി സി ഡിപ്പോയില്‍ എത്തിച്ചേരുന്ന യാത്രികര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. ഒരാള്‍ക്ക് 40 രൂപ എന്‍ട്രി ഫീസ് ഉള്‍പ്പെടെ 200 രൂപയാണ് ഈടാക്കുന്നത്. ഇതിനായി അഞ്ചു ഷോര്‍ട്ട് വീല്‍ ബസുകള്‍ നവീകരിച്ചു. മ്യൂസിക്ക് സിസ്റ്റം, മൊബൈല്‍ ചാര്‍ജ്ജിംഗ് പോയിന്റ് തുടങ്ങിയ സൗകര്യങ്ങള്‍ ഉല്ലാസ യാത്രികര്‍ക്കായി ബസിനുള്ളില്‍ ക്രമീകരിച്ചിട്ടുണ്ട്.
പൊതു, സ്വകാര്യ വാഹനങ്ങളില്‍ ഉല്ലാസയാത്രയ്ക്കായി വിതുരയില്‍ എത്തുന്ന യാത്രക്കാര്‍ക്ക് വിതുര ടൂറിസം ഹബ്ബിന്റെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്നതോടെ ട്രിപ്പുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകും. പൊന്മുടിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് താമസ സൗകര്യം ഉള്‍പ്പെടെ ക്രമീകരിക്കുന്നതിനുള്ള പദ്ധതിയും ഇതിനോടൊപ്പം നടപ്പിലാക്കും.
ഇതോടൊപ്പം വിതുരയില്‍ നിന്നുള്ള ഗുരുവായൂര്‍ സൂപ്പർ ഫാസ്റ്റ് പാസഞ്ചര്‍ നാളെ മുതൽ സര്‍വീസ് ആരംഭിക്കും. പുലര്‍ച്ചെ 4.15 ന് വിതുര ഐസറില്‍ നിന്നാരംഭിച്ച് നെടുമങ്ങാട്, ആറ്റിങ്ങല്‍, കൊല്ലം, കായംകുളം, ആലപ്പുഴ, വൈറ്റില വഴി ഗുരുവായൂരിലെത്തും. വൈകിട്ട് 4.30ന് തിരിച്ച് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, നെടുമങ്ങാട് വഴി വിതുരയിൽ മടങ്ങി എത്തും.