ജോലി സമയം ആഴ്ചയിൽ 70-90 മണിക്കൂറായി ഉയർത്താൻ നിർദേശമുണ്ടോ; ചോദ്യത്തിൽ കൃത്യത വരുത്തി കേന്ദ്രം
ദില്ലി: പരമാവധി ജോലി സമയം ആഴ്ചയിൽ 70 അല്ലെങ്കിൽ 90 മണിക്കൂറായി ഉയർത്താനുള്ള ഒരു നിർദ്ദേശവും പരിഗണിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ തിങ്കളാഴ്ച പാർലമെൻ്റിനെ അറിയിച്ചു. അടുത്തിടെ, ചില കോർപ്പറേറ്റ് നേതാക്കൾ പരമാവധി ജോലി സമയം ദീർഘിപ്പിക്കാൻ നിർദേശം മുന്നോട്ടുവെച്ചിരുന്നു. പരമാവധി ജോലി സമയം ആഴ്ചയിൽ 70 അല്ലെങ്കിൽ 90 മണിക്കൂറായി ഉയർത്താനുള്ള നിർദ്ദേശം സർക്കാരിൻ്റെ പരിഗണനയിലില്ലെന്ന് തൊഴിൽ സഹമന്ത്രി ശോഭ കരന്ദ്‌ലാജെ ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു.
കൺകറൻ്റ് ലിസ്റ്റിന് കീഴിലുള്ള തൊഴിൽ വിഷയമായതിനാൽ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്നത് സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും അതത് അധികാരപരിധിയിൽ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും അവർ സഭയെ അറിയിച്ചു. നിലവിലുള്ള തൊഴിൽ നിയമങ്ങൾ അനുസരിച്ച്, 1948-ലെ ഫാക്‌ടറീസ് ആക്റ്റ് പ്രകാരം അതത് സംസ്ഥാന സർക്കാരുകളുടെ ഷോപ്പ് ആൻ്റ് എസ്റ്റാബ്ലിഷ്‌മെൻ്റ് ആക്‌ട് എന്നിവയുടെ വ്യവസ്ഥകളിലൂടെയാണ് ജോലി സമയവും ഓവർടൈമും ഉൾപ്പെടെയുള്ള തൊഴിൽ സാഹചര്യങ്ങൾ നിയന്ത്രിക്കുന്നത്. കോർപ്പറേറ്റ് മേഖല ഉൾപ്പെടെയുള്ള മിക്ക സ്ഥാപനങ്ങളും നിയന്ത്രിക്കുന്നത് ഷോപ്പ് ആൻ്റ് എസ്റ്റാബ്ലിഷ്‌മെൻ്റ് നിയമത്തിലൂടെയാണ്.
ആഴ്ചയിൽ 60 മണിക്കൂറിലധികം ജോലിക്കായി ചെലവഴിക്കുന്നത് ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങളെ ഉദ്ധരിച്ച് കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പ്രീ-ബജറ്റ് സാമ്പത്തിക സർവേയിൽ പറഞ്ഞിരുന്നു. ഒരാൾ ജോലി സ്ഥലത്ത് ദീർഘനേരം ചെലവഴിക്കുന്നത് മാനസിക ക്ഷേമത്തിന് ഹാനികരമാണെന്നും പ്രതിദിനം 12 അല്ലെങ്കിൽ അതിൽ കൂടുതൽ മണിക്കൂറുകൾ ചെലവഴിക്കുന്ന തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമെന്ന് സർവേ അഭിപ്രായപ്പെട്ടു.
Read More…. ‘ട്രംപിന്റെ സത്യപ്രതിജ്ഞക്ക് നരേന്ദ്ര മോദിക്ക് ക്ഷണം കിട്ടാൻ വിദേശകാര്യമന്ത്രി മൂന്നാല് തവണ യുഎസിൽ പോയി’
നേരത്തെ, ഇൻഫോസിസ് സഹസ്ഥാപകൻ നാരായണമൂർത്തിയടക്കമുള്ളവർ ജോലി സമയം ദീർഘിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു. തുടർന്ന് വ്യാപക ചർച്ചയുണ്ടായി.