അണ്ണാദുരൈയുടെ ഓര്‍മ ദിനത്തിൽ ക്ഷേത്രങ്ങളില്‍ സമൂഹവിരുന്ന്; സമാധാന റാലിയും സംഘടിപ്പിച്ച് സ്റ്റാലിന്‍

ചെന്നൈ: മറിനാ ബീച്ചില്‍ സമാധാന റാലി സംഘടിപ്പിച്ച് തമിഴിനാട് മുഖ്യമന്ത്രി എംകെ സ്റ്റലിന്‍. ഡിഎംകെ സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന സിഎന്‍ അണ്ണാദുരൈയുടെ 56-ാമത് ചരമ വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു റാലി. മറിന ബീച്ചില്‍ സ്ഥിതി ചെയ്യുന്ന അണ്ണാദുരൈയുടെ സ്മൃതി മണ്ഡപത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചനയും നടത്തി. 

ചരമ വാര്‍ഷികത്തോടനുബന്ധിച്ച് തമിഴ്നാട്ടില്‍ സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ പ്രത്യേക പ്രര്‍ത്ഥനകളും സമൂഹ വിരുന്നും സംഘടിപ്പിച്ചു. വല്ലരാജ് റോഡിലെ അണ്ണാ സ്റ്റാച്യൂ പോയിന്‍റില്‍ നിന്ന് കാമരാജ് സലൈ-അണ്ണ സ്ക്വയറിലെ അണ്ണ മെമ്മോറിയല്‍ വരെ ഏകദേശം രണ്ട് കിലോമീറ്ററുകളോളമായിരുന്നു റാലി. റാലിയില്‍  മുഖ്യമന്ത്രി സ്റ്റാലിനും നേതാക്കളായ ദുരൈമുരുകന്‍, ടിആര്‍ ബാലു, എ രാജ, ആര്‍ എസ് ഭാരതി, ടി കെ എസ് ഇളങ്കോവന്‍ എന്നിവരും പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം നടന്നു.

എ ഐ ഡി എം കെ നേതാവ് എടപ്പാടി കെ പളനിസ്വാമി, മുന്‍ മന്ത്രി ഡി ജയകുമാര്‍, കെ പി മുനുസ്വാമി എന്നിവരും സ്മൃതി മണ്ഡപത്തിലെത്തി പുഷ്പ്പാര്‍ച്ചന നടത്തി. എഐഡിഎംകെ എംപി. ഡി. തമ്പിദുരൈ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദില്ലിയിൽ അണ്ണാദുരൈയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. അമ്മ മക്കള്‍ മുന്നേട്ര കഴകം നേതാവ് ടിടിവി ദിനകരന്‍ മധുരയില്‍ അണ്ണ സ്മാരകത്തില്‍ പ്രണാമം അര്‍പ്പിച്ചു.

1969 ഫെബ്രുവരി മൂന്നിന് അന്തരിച്ച സിഎന്‍ അണ്ണാദുരൈ ഡിഎംകെ യുടെ ആദ്യ ജനറല്‍ സെക്രട്ടറിയുമായിരുന്നു. തമിഴ്നാട്ടില്‍ ദ്രവീഡിയന്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് മുഖ്യമന്ത്രിയായ ആദ്യത്തെ വ്യക്തി കൂടിയായിരുന്നു അദ്ദേഹം. അണ്ണാദുരൈക്ക് തമിഴ്നാട്ടില്‍ ഇന്നും ആരാധകരേറെയാണ്.

Read More:സുപ്രധാന പ്രഖ്യാപനവുമായി എംകെ സ്റ്റാലിൻ; ‘ഇരുമ്പുയുഗത്തിന്‍റെ തുടക്കം തമിഴ്നാട്ടിൽ’, ഗവേഷണ വിവരങ്ങളും പുറത്ത്
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin