തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഭാസ്കര കാരണവര്‍ വധക്കേസിലെ പ്രതിയായ ഷെറിന് ശിക്ഷാ ഇളവ് നൽകിയതിൽ സര്‍ക്കാര്‍ ഇടപെടലുണ്ടായിട്ടുണ്ടെന്നും കെ ബി ഗണേഷ് കുമാര്‍ അടക്കം രണ്ട് മന്ത്രിമാര്‍ക്ക് ഇതിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വര്‍ക്കി വാര്‍ത്താസമ്മേളനത്തിൽ ആരോപിച്ചു.
ഷെറിന് ശിക്ഷായിളവ് നൽകിയതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചയാണ് നടക്കുന്നത്. അവരുടെ ശിക്ഷായിളവിനുള്ള ഫയല്‍ ജയിൽ ഉപദേശക സമിതിയുടെ മുമ്പാകെ വന്നപ്പോള്‍ പെട്ടെന്നാണ് തീരുമാനം വന്നത്. മന്ത്രിസഭയുടെയും അനുകൂല തീരുമാനം ഉണ്ടായി. ഇതിലെല്ലാം ദുരൂഹതയുണ്ട്. ചാനൽ ചര്‍ച്ചക്കിടെ കെപിസിസി ജനറൽ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല ഇതിന് പിന്നിൽ ഗണേഷ് കുമാറിനും പേഴ്സണൽ സ്റ്റാഫിനും പങ്കുണ്ടെന്ന് ആരോപിച്ചിട്ട് നാലു ദിവസം കഴിഞ്ഞിട്ടും അതിൽ ഒരു പ്രതികരണം നടത്താൻ പോലും ഇവരാരും തയ്യാറായിട്ടില്ല.
അതിനര്‍ത്ഥം എന്തോക്കെയോ അവിടെ നടന്നിട്ടുണ്ട്. ഷെറിന്‍റെ ബെസ്റ്റിയായിരുന്നു ഗണേഷ് കുമാര്‍ എന്ന് സംശയിക്കപ്പെടുന്ന തരത്തിലാണ് ശിക്ഷായിളവ് നൽകിയിരിക്കുന്നത്. ജയിലിൽ കിടക്കുന്ന പ്രതിയുമായി മന്ത്രിക്ക് എന്ത് ബന്ധമാണുള്ളത്. അതിൽ പ്രതികരണം പോലും മന്ത്രി നടത്തിയില്ല.ഒരു മന്ത്രിക്ക് മാത്രമല്ല ഇതിൽ പങ്ക്. ഷെറിന്‍റെ ബെസ്റ്റിയാണ് ഗണേഷ് കുമാറെങ്കിൽ ലോക്കൽ ഗാര്‍ഡിയനായ മറ്റൊരു മന്ത്രിയും ചെങ്ങന്നൂരിൽ തന്നെയുണ്ട്.
ഇങ്ങനെ രണ്ട് മന്ത്രിമാരുടെ ഇടപെടലാണ് ഷെറിന് അതിവേഗ ശിക്ഷായിളവ് കിട്ടുന്നതിന് കാരണമായതെന്നും അബിൻ വര്‍ക്കി ആരോപിച്ചു.ജയിൽ ചട്ടങ്ങൾ ലംഘിച്ചതാണോ ഷെറിന്‍റെ മാനസാന്തരമെന്നും സർക്കാർ ഇതിൽ കൃത്യമായ വിശദീകരണം തരണമെന്നും അബിൻ വര്‍ക്കി പറഞ്ഞു.
കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒന്നും വട്ടപൂജ്യമാണ് കിട്ടിയതെന്നും ഇത് ബിഹാര്‍ ബജറ്റായിപ്പോയെന്നും അബിൻ വര്‍ക്കി പറഞ്ഞു. എറണാകുളത്ത് ഒമ്പതാം ക്ലാസുകാരനായ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയിൽ കാരണക്കാരായവരെ പുറത്തുകൊണ്ടുവരണം.
സ്കൂള്‍ മാനേജ്മെന്‍റിന്‍റെ പങ്ക് പരിശോധിക്കണം. കെആര്‍ മീരയ്ക്കെതിരെയും അബിൻ വര്‍ക്കി രംഗത്തെത്തി. കോണ്‍ഗ്രസിന്‍റെ ആരാച്ചാര്‍ ആവാൻ മീര ശ്രമിക്കേണ്ടെന്നും ചരിത്രത്തോട് നീതിപുലർത്താത്ത കാര്യമാണ് മീര പറയുന്നതെന്നും കെ ആർ മീരയുടെ ഓർമകളുടെ ഞരമ്പുകളിൽ ബലക്ഷയമാണെന്നും പത്മശ്രീയോ കേന്ദ്ര അവാർഡോ അതോ ഏതെങ്കിലും സീറ്റോ ആയിരിക്കും ലക്ഷ്യമെന്നും അബിൻ വര്‍ക്കി ആരോപിച്ചു.