കുടിച്ചത് ഉപ്പിട്ട 10 ലിറ്റർ വെള്ളം, കുറച്ചത് 23 കിലോ, ഉണ്ണി ബ്രോയെ സമ്മതിക്കണം: ആന്റണി വര്‍ഗീസ്

ക്ഷൻ സിനിമകളിലൂടെ പലവട്ടം കയ്യടി നേടിയ നടനാണ് ആന്റണി വർ​ഗീസ്. താരത്തിന്റെ ഏത് ചിത്രമായാലും ​ഗംഭീര ഫൈറ്റ് കാണുമെന്ന് സിനിമാസ്വാദകർക്ക് ഉറപ്പിക്കാം. അതിന് വേണ്ടി മാത്രം തിയറ്ററിൽ എത്തുന്നവരും ധാരാളമാണ്. ഇതിനകം ഒരുപിടി മികച്ച ഇടി പടങ്ങൾ സമ്മാനിച്ച ആന്റണി വർ​ഗീസ് എന്ന പെപ്പെയുടേതായി റിലീസിന് ഒരുങ്ങുന്നത് ദാവീദ് എന്ന ചിത്രമാണ്. ബോക്സിംഗ് പശ്ചാത്തലമായി ഒരുങ്ങുന്ന സിനിമ ഉടൻ തിയറ്ററുകളിൽ എത്തും. ഈ അവസരത്തിൽ സിനിമയ്ക്ക് വേണ്ടി താൻ എടുത്ത തയ്യാറെടുപ്പുകളെ കുറിച്ച് പറയുകയാണ് ആന്റണി. 

മൂവി വേൾഡ് മീഡിയ എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു ആന്റണി വർ​ഗീസിന്റെ പ്രതികരണം. തയ്യാറെടുപ്പുകളെ കുറിച്ചുള്ള ചോദ്യത്തിന്, ‘വലിയ പാടായിരുന്നു. പിന്നീട് സിനിമ എന്റെ ജീവിതത്തിന്റെ ഭാ​ഗമായി. അബു എന്നാണ് എന്റെ കഥാപാത്ര പേര്. പുള്ളിയൊരു ആസ്ഥാന മടിയനാണ്. യഥാർത്ഥത്തിൽ ഞാനും അങ്ങനെയാണ്. അതുകൊണ്ട് കഥാപാത്രത്തിലേക്ക് എത്താൻ പ്രശ്നം ഉണ്ടായില്ല. ബോക്സിം​ഗ് ആയിരുന്നു വെല്ലുവിളി. ഒരു 23 കിലോ വെയ്റ്റ് ഞാൻ കുറച്ചു. ദാവീദിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്യുന്ന സമയത്ത്. 96 ആയിരുന്നത് 74 എത്തിച്ചു. അത് ചില്ലറ പണിയായിരുന്നില്ല. സിക്സ് പാക്കിലെത്താൻ വാട്ടർ കട്ട് വേണ്ടി വന്നു. ഉപ്പ് ഇട്ടിട്ടാണ് വെള്ളം കുടിക്കുന്നത്. ആദ്യം ഉപ്പിട്ട് 10 ലിറ്റർ വെള്ളം കുടിച്ചു. പിന്നീട് എട്ട്, ആറ് എന്നിങ്ങനെ കുറച്ച് കുറച്ച് വെള്ളം കുടിക്കുന്നത് വളരെ കുറച്ചാക്കി. മസിൽ ലോസ് ഇല്ലാതെ തന്നെ വെയ്റ്റ് കുറക്കുന്ന പരിപാടി ആയിരുന്നു അത്. ആ പ്രോസസ് ഭയങ്കര പാടാണ്. സ്ഥിരമായി ചെയ്യുന്നവരെ സമ്മതിക്കണം. ഉണ്ണി ബ്രോയെ ഒക്കെ സമ്മതിക്കണം. ഒന്നും പറയാനില്ല. അവരൊക്കെ കുറേ നാളുകൾ കൊണ്ട് ചെയ്യുന്നതല്ലേ. നമ്മളൊക്കെ ഇപ്പോഴല്ലേ കളത്തിലേക്ക് ഇറങ്ങിയത്’, എന്നായിരുന്നു ആന്റണി പറഞ്ഞത്. 

ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ചിത്രമാണ് ദാവീദ്. റിലീസ് കാത്തിരിക്കുന്ന ചിത്രത്തിൽ  ആന്‍റണി വര്‍ഗീസിനൊപ്പം ലിജോമോള്‍ ജോസ്, വിജയരാഘവന്‍, മോ ഇസ്മയില്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ജെസ് കുക്കു, കിച്ചു ടെല്ലസ്, വിനീത് തട്ടില്‍, അച്ചു ബേബി ജോണ്‍, അന്ന രാജന്‍ തുടങ്ങി നിരവധി പേർ അഭിനയിക്കുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

By admin