57-ാം ദിനം, കാത്തിരിപ്പിനൊടുവില്‍ മാര്‍ക്കോ ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു

മലയാളത്തില്‍ കഴിഞ്ഞ വര്‍ഷത്തെ റിലീസുകളില്‍ വലിയ വിജയം നേടിയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് മാര്‍ക്കോയുടെ സ്ഥാനം. ഉണ്ണി മുകുന്ദനെ ടൈറ്റില്‍ കഥാപാത്രമാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെയാണ് എത്തിയത്. ഡിസംബര്‍ 20 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. കേരളത്തിന് പുറത്ത് മലയാളികള്‍ അല്ലാത്തവരും വലിയ അളവില്‍ തിയറ്ററുകളിലെത്തി കണ്ട അപൂര്‍വ്വം ചിത്രങ്ങളില്‍ ഒന്ന് കൂടിയാണ് മാര്‍ക്കോ. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

2024 ഡിസംബര്‍ 20 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. മലയാളത്തിനൊപ്പം ഹിന്ദി പതിപ്പും എത്തിയിരുന്നു. റിലീസ് ദിനത്തില്‍ തന്നെ മലയാളം പതിപ്പ് ശ്രദ്ധ നേടിയെങ്കില്‍ ഹിന്ദി പതിപ്പ് പതിയെയുള്ള മൗത്ത് പബ്ലിസിറ്റിയിലാണ് പ്രേക്ഷകശ്രദ്ധയിലേക്ക് എത്തിയത്. ഈ രണ്ട് ഭാഷാ പതിപ്പുകളും വലിയ പ്രേക്ഷക പ്രതികരണം നേടിയതിന് പിന്നാലെ ചിത്രത്തിന്‍റെ തെലുങ്ക്, തമിഴ് പതിപ്പുകളും റിലീസ് ചെയ്യപ്പെട്ടിരുന്നു. ഏറ്റവുമൊടുവില്‍ ചിത്രത്തിന്‍റെ കന്നഡ പതിപ്പ് ഇന്ന് പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. അതേ ദിവസമാണ് ഒടിടി പ്രഖ്യാപനം എത്തിയിരിക്കുന്നത് എന്നതും കൗതുകം. 

പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഫെബ്രുവരി 14 ആണ് ഒടിടി റിലീസ് തീയതി. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ പതിപ്പുകളും ഫെബ്രുവരി 14 മുതല്‍ സോണി ലിവില്‍ കാണാനാവും. ജനുവരി 21 ന് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് പ്രകാരം 115 കോടിയിലേറെയാണ് ചിത്രത്തിന്‍റെ ടോട്ടല്‍ ബിസിനസ്. ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെയും ബാനറിൽ ഷരീഫ് മുഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

ALSO READ : സംഗീതം അലോഷ്യ പീറ്റര്‍; ‘സ്പ്രിംഗി’ലെ ആദ്യ ഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin

You missed