‘മുംബൈ പൊലീസ്’ ഹിന്ദിയില്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ സ്വീകരിച്ചോ? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ

ഉദയനാണ് താരം മുതലുള്ള ചിത്രങ്ങളിലൂടെ മലയാളി സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയ സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. ഇന്ന് റിലീസ് ചെയ്യപ്പെട്ട ദേവ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റവും നടക്കിയിരിക്കുകയാണ് അദ്ദേഹം. ഷാഹിദ് കപൂര്‍ ആണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വൈഡ് റിലീസ് ലഭിച്ച ചിത്രം ആദ്യ ദിനം കണ്ട പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രതികരണണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എമ്പാടുമുണ്ട്. 

ഷാഹിദ് കപൂറിന്‍റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് ആണ് ചിത്രത്തിലേതെന്ന് നിരവധി പേര്‍ എക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബോളിവുഡിലെ ആക്ഷന്‍ ത്രില്ലര്‍ ചിത്രങ്ങള്‍ക്ക് ദേവയിലൂടെ ഷാഹിദ് ഒരു പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്ന് ബ്യോംകേഷ് എന്നയാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. ഷാഹിദിന്‍റെ പ്രകടനത്തിനൊപ്പം മികച്ച കഥയും ചിത്രത്തിന്‍റെ ഹൈലൈറ്റ് ആണെന്ന് വികെ റിവ്യൂസ് എന്ന എക്സ് ഹാന്‍ഡില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. പോസിറ്റീവ് ആയ നിരവധി എക്സ് പോസ്റ്റുകള്‍ ഷാഹിദ് തന്നെ തന്‍റെ ഹാന്‍ഡിലിലൂടെ പങ്കുവച്ചിട്ടുണ്ട്. 

 

മലയാളത്തില്‍ മികച്ച വിജയം നേടിയ മുംബൈ പൊലീസിന്‍റെ റീമേക്ക് ആണ് ചിത്രം. നന്നായി എടുത്തിരിക്കുന്ന, ഒരു അപ്ഡേറ്റഡ് റീമേക്ക് ആണ് ദേവയെന്ന് മലയാളി സിനിമാപ്രേമികള്‍ക്കും സുപരിചിതനായ ഉത്തരേന്ത്യന്‍ റിവ്യൂവര്‍ നോന പ്രിന്‍സ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഷാഹിദ് കപൂറിന്‍റേത് മികച്ച പ്രകടനമാണെന്നും ക്ലൈമാക്സ് ഒറിജിനലില്‍ നിന്ന് വേറിട്ടതാണെന്നും ഇത് കൂടുതല്‍ മികച്ചതാണെന്നും അദ്ദേഹം കുറിക്കുന്നു. പ്രമുഖ ട്രാക്കര്‍ ആയ സുമിത് കദേല്‍ ചിത്രത്തിന് അഞ്ചില്‍ മൂന്ന് സ്റ്റാര്‍ ആണ് നല്‍കിയിരിക്കുന്നത്. അതേസമയം ചിത്രം ബോക്സ് ഓഫീസില്‍ ഏത് നിലയിലുള്ള വിജയം നേടും എന്നത് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം. 

ALSO READ : സംഗീതം അലോഷ്യ പീറ്റര്‍; ‘സ്പ്രിംഗി’ലെ ആദ്യ ഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin