മലയാളിക്കിത് അഭിമാന നിമിഷം, ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലത്തെത്തി ദില്‍ന, കൂടെ രൂപയും, പിറന്നത് ചരിത്രം!

ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശമായ പോയിന്‍റ് നെമോ ക്രോസ് ചെയ്ത് ഇന്ത്യന്‍ വനിതാ നാവിക ഉദ്യോഗസ്ഥർ. മലയാളിയായ ദില്‍നയും തമിഴ്നാട്ടുകാരിയായ രൂപയുമാണ് ഈ നേട്ടം സ്വന്തമാക്കിയത്. പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന പോയിന്റ് നെമോ ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശമായിട്ടാണ് കണക്കാക്കുന്നത്. ഏറ്റവും അ‌ടുത്ത ദ്വീപിൽ നിന്ന് 2575 കിലോമീറ്റര്‍ ദൂരെയാണ് പോയിന്‍റെ നെമോ. ഇവിടെയാണ് നാവിക ഉദ്യോഗസ്ഥരായ ലെഫ്റ്റനന്റ് കമാൻഡർ കെ. ദിൽനയും ലെഫ്റ്റനന്റ് കമാൻഡർ എ. രൂപയും എത്തിയത്. ഇന്ത്യൻ നാവിക സേനയുടെ സെയിലിംഗ് വെസൽ (ഐഎൻഎസ്‌വി) തരിണിയിൽ ആഗോള യാത്രയ്ക്കിടെയായിരുന്നു ഇരുവരും പോയിന്‍റ് നെമോയിലെത്തിയത്. ലോകം ചുറ്റി സഞ്ചരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ നാവികസേനയുടെ നാവിക സാഗർ പരിക്രമ II എന്ന പര്യവേഷണം കഴിഞ്ഞ ഒക്ടോബറില്‍  യാത്ര ആരംഭിച്ചത്. 

2024 ഒക്‌ടോബർ രണ്ടിന് ഗോവയിൽ നിന്നാണ് തരിണി യാത്ര തുടങ്ങിയത്. ഡിസംബർ 22ന് പര്യവേഷണത്തിന്റെ രണ്ടാം ഘട്ടം പൂർത്തിയാക്കി ന്യൂസിലാൻഡിലെ ലിറ്റെൽട്ടൺ പോർട്ടിലെത്തി. തുടര്‍ന്ന് ജനുവരി ആദ്യം ഫാക്ക്‌ലാൻഡ് ദ്വീപിലെ പോർട്ട് സ്റ്റാൻലിയിലേയ്ക്ക് യാത്ര തിരിച്ചു.

ന്യൂസിലാൻഡിനും അന്റാർട്ടിക്കയ്ക്കും ഇടയിൽ കാണപ്പെടുന്ന സ്ഥലമാണ് പോയിന്റ് നെമോ. ശരാശരി 400 കിലോമീറ്റര്‍ ഉയരത്തില്‍ പറക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തുള്ള ബഹിരാകാശ സഞ്ചാരികളാണ് നെമോ പോയിന്റിന് ഏറ്റവും അടുത്തായുള്ള മനുഷ്യർ. ഭൂമിയിൽ നിന്ന് ഏറ്റവും അകലെയായതിനാൽ ഈ സ്ഥലം ബഹിരാകാശ പേടക സെമിത്തേരിയായും ഉപയോഗിക്കുന്നു. 1992ൽ കനേഡിയൻ-റഷ്യൻ എന്‍ജിനീയറായ വോജെ ലുക്കാറ്റെലയാണ് പോയിന്റ് നെമോ കണ്ടെത്തിയത്. 

പോയിന്‍റെ നെമോയിലെത്തിയത് ഇന്ത്യന്‍ നാവിക സേനയുടെ പ്രതിരോധശേഷി, ധൈര്യം, സാഹസിക എന്നിവയുടെ വലിയ തെളിവാണെന്ന് ഇന്ത്യൻ നാവികസേന ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. 

By admin