അപ്പോഴാണ് ഹോട്ടലിലെ റൂം ബോയ് ആ പേര് പറയുന്നത്. ‘പ്രഷാര്‍’ ഉയരങ്ങളിലെ അതിശയിപ്പിക്കുന്ന ഒരു തടാകം. അതിന് നടുവില്‍ ഒഴുകി നടക്കുന്ന ഒരു തുണ്ട് ഭൂമി. തീരുമാനം വൈകിയില്ല അവിടേക്ക് തന്നെയാവട്ടെ യാത്ര
‘മാണ്ഡി’ അതാണ് ഈ ഹിമാചല്‍ നഗരത്തിന്റെ പേര്. ബിയാസ് നദിയുടെ തീരം. ഒരു ക്ഷേത്രനഗരം. അതുകൊണ്ട് തന്നെയാവണം മാണ്ഡി ‘ചോട്ടീ കാശി’ എന്നറിയപ്പെടുന്നത്. ചരിത്രപരമായ മനോഹാരിതയും സ്വഭാവവും നിലനില്‍ക്കുന്നതിനോടൊപ്പം വാസ്തുവിദ്യയയുടെ സമ്പന്നമായ പാരമ്പര്യവും കൂടിച്ചേരുന്ന ഈ നഗരം ഹിമാചല്‍ പ്രദേശിന്റെ സാംസ്കാരിക തലസ്ഥാനമായാണ് അറിയപ്പെടുന്നത്. ബിയാസ് നദിയോട് ചേര്‍ന്ന ഈ പട്ടണത്തില്‍ ചെറുതും വലുതുമായ നൂറോളം ക്ഷേത്രങ്ങള്‍ ഉണ്ട്. ദേവതാരു മരങ്ങള്‍ നിറഞ്ഞ കുന്നുകള്‍ക്ക് നടുവില്‍ ഒരു തളികയില്‍ എന്നപോലെ നില്ക്കുന്ന മാണ്ഡി മനോഹാരിയാണ്.
ഗാന്ധര്‍വ മലനിരകളുടെ താഴെ ബിയാസ് നദിയാല്‍ ചുറ്റപ്പെട്ട ഈ മാണ്ഡവ നഗരത്തില്‍ നാല് ദിവസമുണ്ട് . ഒരു ഔദ്യോഗിക യാത്രയുടെ ഭാഗമായാണ് ഇവിടെയെത്തിയത്. നദിയിലേക്ക് തുറക്കുന്ന ജനാലകള്‍ ഉള്ള ഒരു ഹോട്ടല്‍ മുറിയാണ് സംഘടിപ്പിച്ചത്. മഞ്ഞുതുള്ളികള്‍ ജനാലയിലെ ഗ്ലാസില്‍ വന്നു വിളിച്ചുണര്‍ത്തിയ, ബിയാസിലെ നീരൊഴുക്കും വെളുത്ത ഉരുളന്‍ കല്ലുകളും കണികണ്ടുണര്‍ന്ന പുലരികള്‍. പുറത്തെ തണുപ്പ് ഉടലിലേക്കും ഉള്ളിലേക്കും പടരുന്നുണ്ട്. ഔദ്യോഗിക പരിപാടികള്‍ മുന്നേ തീര്‍ത്ത് ഒരു ദിവസം എനിക്കായി മാറ്റിവച്ചു.
എവിടെ പോകണം? കുളുവും മണാലിയും അടുത്താണ്. പക്ഷെ അത് ഒരു ആവര്‍ത്തനമാവും. ഇവിടെത്തന്നെ ജാന്ജെലിയും റിവല്സറും കമ്രുനാഗും ഒക്കെയുണ്ട്. പക്ഷെ അവയൊന്നും ഒരു യാത്രയ്ക്കുള്ള ആവേശമുണ്ടാക്കിയില്ല.അപ്പോഴാണ് ഹോട്ടലിലെ റൂം ബോയ് ആ പേര് പറയുന്നത്. ‘പ്രഷാര്‍’ ഉയരങ്ങളിലെ അതിശയിപ്പിക്കുന്ന ഒരു തടാകം. അതിന് നടുവില്‍ ഒഴുകി നടക്കുന്ന ഒരു തുണ്ട് ഭൂമി. തീരുമാനം വൈകിയില്ല അവിടേക്ക് തന്നെയാവട്ടെ യാത്ര. ‘ഇവിടെനിന്നും 49 കിലോമീറ്റര്‍ ദൂരമുണ്ട്. നാലുമണിക്കൂര്‍ യാത്ര. സാഹസികമാണ് യാത്ര. വഴി അത്രയ്ക്ക് ദുര്‍ഘടമാണ്. ടാക്സി ഏര്‍പ്പാടാക്കി തരാം’ റൂം ബോയ് പറയുന്നുണ്ട്. പക്ഷെ ആ രാജകീയ യാത്രക്ക് എന്ത് ത്രില്‍! അവിടുത്തെ സാധാരണക്കാര്‍ക്കൊപ്പം, വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ്, ദേശത്തിന്റെ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞുള്ള ഒരു ഓര്‍ഡിനറി യാത്ര. അതല്ലേ രസം!
അന്വേഷിച്ചപ്പോള്‍ ഹിമാചല്‍ ട്രാന്‍സ്പോര്‍ട്ടിന്റെ ഒരു മിനിബസ് അങ്ങോട്ട് സര്‍വീസ് നടത്തുന്നുണ്ട്. രാവിലെ ഏഴര മണിക്ക് മാണ്ഡിയില്‍ നിന്നും പുറപ്പെടും. അതില്‍ ഒരു സീറ്റ് തരപ്പെടുത്തി. പറഞ്ഞ സമയത്ത് തന്നെ ബസ് പുറപെട്ടു. ബിയാസ് നദിയെ ഇടയ്ക്കിടെ മുറിച്ചു കടന്നാണ് ബസ് നീങ്ങുന്നത്. ഫോണില്‍ പരിചിതമല്ലാത്ത ഭാഷയില്‍ സംസാരിക്കുന്നത് കേട്ടതു കൊണ്ടായിരിക്കും. അടുത്തിരുന്ന മധ്യവയസ്കന് ചോദിച്ചു. ‘എവിടെ നിന്നാണ്?’
അങ്ങ് മലയാളനാട്ടില് നിന്നാണെന്ന് പറഞ്ഞപ്പോള്‍ .അയാള്‍ക്ക് അത്ഭുതം. ഇത്രയും ദൂരെ നിന്ന് ഇത്രയും ഉയരത്തിലേക്ക്! ‘അവിടെയുള്ളവരില്‍ അധികവും മാംസാഹാരികളാണ് എന്ന് കേട്ടിട്ടുണ്ട്.’ കേരളത്തെക്കുറിച്ചുള്ള അയാളുടെ അറിവ് അയാള്‍ പങ്കുവച്ചു. മറുപടി ഞാന്‍ ഒരു ചിരിയില്‍ ഒതുക്കി. അദ്ദേഹവും പ്രഷാറിലേക്കാണ്. അവിടുത്തെ ക്ഷേത്രത്തില്‍ ഇന്ന് ഒരുത്സവമാണ് ബന്ധുക്കളില്‍ ചിലര്‍ അവിടെയുണ്ട്. അയാള്‍ പറഞ്ഞു. സന്തോഷമായി. കഥകള്‍ കിട്ടുമല്ലോ. ബസ് കുറെ മുകളിലെത്തിയിട്ടുണ്ട്. ബിയാസ് ഇപ്പോള്‍ താഴെയാണ്.
ഋഷി പ്രഷാറുമായി ബന്ധപ്പെട്ടതാണ് ഈ സ്ഥലം. ഈ തടാകത്തിലെ ഒഴുകുന്ന ഒരു തുണ്ട് ഭൂമിയില്‍ ഇരുന്നാണ് ഋഷി ധ്യാനം നടത്തിയിരുന്നത് എന്നാണ് ഐതിഹ്യം. പതിമൂന്നാം നൂറ്റാണ്ടില്‍ ഒറ്റത്തടിയില്‍ നിര്‍മിച്ച ഒരു ദേവീക്ഷേത്രവും ഇവിടെയുണ്ട്. കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭീമസേനന് കൈമുട്ടുകൊണ്ട് കുഴിച്ചുണ്ടാക്കിയതാണ് പ്രഷാര്‍ തടാകം എന്നാണ് വിശ്വാസം. കഥകള്‍ കേട്ടപ്പോള്‍ പെട്ടെന്ന് എത്തിപ്പെടാനുള്ള ആഗ്രഹം കൂടിവന്നു. ബസ്സ് വളഞ്ഞും തിരിഞ്ഞും, ഇടയ്ക്കിടെ എത്തുന്ന ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്ത് മലകയറുന്നുണ്ട്. ഈ ഉയരങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍ ഒരത്ഭുതം തന്നെ. ‘കുടവയറുള്ള ഒരാള്‍’. അതായിരിക്കും ഇവിടുത്തെ വംശനാശം സംഭവിച്ച ജീവി.
രണ്ടര മണിക്കൂറിനു ശേഷം ‘പാഗി’യില്‍ നിര്‍ത്തി. ഒന്ന് ഫ്രഷ് ആവാം. ഒരു ചായ കുടിച്ചു തണുപ്പ് മാറ്റാം.
ഇവിടുന്നങ്ങോട്ടുള്ള 19 കിലോമീറ്റര്‍ യാത്ര, പിന്നിട്ടപോലെയല്ല. കാഴ്ച അവസാനിക്കാത്ത ആഴങ്ങളുടെ തീരത്തുകൂടെ നേര്‍ത്ത ഒരു ചരല്‍വഴി മാത്രം. അതുവരെയുണ്ടായിരുന്ന ആവേശം ഭീതിക്ക് വഴിമാറി. ഓരോ വളവു കഴിയുമ്പോഴും എത്തിപ്പെടാനുള്ള ആകാംക്ഷയെക്കാള്‍ എങ്ങിനെ ഇത് വഴി തിരിച്ചിറങ്ങും എന്നതായി ചിന്ത. ആലോചനകള്‍ കാടുകയറുന്നു. ഈ യാത്ര തെരഞ്ഞെടുത്തത് തെറ്റായിപ്പോയോ. ബസ്സ് ഇടക്ക് ഇടുങ്ങിയ ഒരു കാട്ടുവഴിയിലേക്ക് കയറി. താഴേക്ക് ചരിഞ്ഞാല്‍ ബസ്സിനെ താങ്ങിനിര്‍ത്താന്‍ ബലമുള്ള മരങ്ങള്‍ ഉണ്ടോ എന്നായി അപ്പോള്‍ എന്റെ നോട്ടം.
ഒരു മണിക്കൂറിനു ശേഷമാണ് പുല്‍മേടുകള്‍ തെളിഞ്ഞുതുടങ്ങിയത്. മനസ്സും. ദൂരെ മഞ്ഞുമലകള്‍ കാണുന്നുണ്ട്. അടുത്തായി നിങ്ങള്‍ സമുദ്രനിരപ്പില്‍ നിന്നും 2740 മീറ്റര്‍ മുകളിലാണെന്ന് എഴുതിവച്ച ഒരു ബോര്‍ഡും കണ്ടു. ബസ്സ് അവിടെ നിര്‍ത്തി. രണ്ടരമണിക്കൂര്‍ കഴിഞ്ഞേ തിരിച്ചു പോവൂ. അതിനുള്ളില്‍ മടങ്ങിയാല്‍ മാത്രമേ ഇന്ന് മലയിറങ്ങാന്‍ കഴിയൂ. സഹയാത്രികനൊപ്പം കൂടി. അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്നും സ്ത്രീകളും കുട്ടികളും അടക്കം വേറെയും കുറെ ആളുകള്‍ ക്ഷേത്രം ലക്ഷ്യമാക്കി നടക്കുന്നുണ്ട്. ഉണങ്ങിയ പുല്ലുകള്‍ മലകള്‍ക്ക് സ്വര്ണ്ണനിറം നല്കിയിരിക്കുന്നു. ഒന്ന് രണ്ട് ആഴ്ചകള്‍ കഴിഞ്ഞാല്‍ വര്‍ണ്ണം വെളുപ്പാവും. മഞ്ഞുപുതപ്പിന്റെ വര്‍ണ്ണം. ശിശിരം കഴിഞ്ഞു വസന്തത്തില്‍ വര്‍ണ്ണം ഹരിതം. ഋതുക്കള്‍ ഈ വര്‍ണ്ണങ്ങള്‍ ഉപയോഗിച്ച് ചന്തമുള്ള ചിത്രങ്ങള്‍ തീര്‍ത്തുകൊണ്ടേ ഇരിക്കും.
വാദ്യമേളങ്ങള്‍ കേള്‍ക്കുന്നുണ്ട്. ഒരു കുന്നിന്റെ ദൂരം. കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മുന്നില്‍ പ്രഷാര്‍.
ജീവിതവും ഇത് പോലെയാണല്ലോ. ദുര്‍ഘടമായ പാതകള്‍ക്കൊടുവില്‍ നമുക്കായി അത്ഭുതങ്ങള്‍ കരുതിവയ്ക്കും. പലപ്പോഴുംവിരലില് എണ്ണാവുന്നവരെ മാത്രം കാണാന്‍ കഴിയുന്ന പ്രഷാറില് ഇന്ന് നിറയെ ആളുകള്‍. എനിക്കായ് വന്നതുപോലെ. പരമ്പരാഗത വാദ്യമേളങ്ങളുടെ താളത്തിനൊപ്പം ‘നാട്ടി’യുടെ ചുവടുകളുമായി യുവതീയുവാക്കള്‍ നൃത്തം ചെയ്യുന്നു. ഞാനും അവരോടൊപ്പം കൂടി. വിശേഷങ്ങള്‍ ചോദിച്ചും അറിഞ്ഞും ചുറ്റി നടക്കുന്നതിനിടയില്‍. സഹയാത്രികന് പ്രസാദവുമായി വന്നു. ഈ പ്രസാദത്തില്‍ ഭഗവാന് ഇന്ന് താങ്കളുടെ പേരും എഴുതി ചേര്‍ത്തിട്ടുണ്ട് എന്ന് പറഞ്ഞാണ് അദ്ദേഹം അത് എനിക്ക് തന്നത്.
സമയം ആയിരിക്കുന്നു. ബസ്സ് നില്ക്കുന്ന ഇടത്തേക്ക് തിരിച്ചു നടന്നു.
ബസ്സ് തിരിച്ചിറങ്ങിത്തുടങ്ങിയിരിക്കുന്നു. മുന്നോട്ടുള്ള വഴികളെ കുറിച്ച് ഭീതിയില്ലാതെ ഒരു ജാലക സീറ്റില്‍ ദൂരേക്ക് നോക്കിയിരുന്നു. എനിക്കും ചുറ്റും നീലമലകള്‍. അവയോടു സല്ലപിക്കുന്ന മേഘക്കുഞ്ഞുങ്ങള്‍. മനസ്സില്‍ വല്ലാത്തൊരു ശാന്തത. ഇപ്പോള്‍ ഇതെഴുതുമ്പോഴും ഞാനത് അനുഭവിക്കുന്നുണ്ട്.