ടി എന്‍ ഗോപകുമാര്‍: ദൃശ്യമാധ്യമ സംസ്‌കാരത്തിന് ചൈതന്യം പകര്‍ന്ന ഒരാള്‍
വിഖ്യാത മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫും ആയിരുന്ന ടിഎന്‍ ഗോപകുമാറിന്റെ സ്മരണയ്ക്ക് ഏഷ്യാനെറ്റ് ന്യൂസ് ഏര്‍പ്പെടുത്തിയ ടിഎന്‍ജി പുരസ്‌കാരങ്ങളുടെ സമര്‍പ്പണം ഇന്നലെ വയനാട്ടിലായിരുന്നു. മേപ്പാടിയില്‍ നടന്ന ചടങ്ങില്‍ ഈ വര്‍ഷത്തെ ടിഎന്‍ജി പുരസ്‌കാരങ്ങള്‍ ചൂരല്‍മല, മുണ്ടക്കൈ ദുരന്തങ്ങളിലെ രക്ഷാപ്രവര്‍ത്തകര്‍ക്കും ദുരന്തത്തെ ധീരമായി നേരിട്ട ജനതയ്ക്കുമാണ് സമ്മാനിച്ചത്. പുരസ്‌കാര സമര്‍പ്പണവേളയില്‍ പ്രമുഖ എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണനാണ് ടി എന്‍ ഗോപകുമാര്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചത്. ആ പ്രഭാഷണം ഇവിടെ വായിക്കാം.
ഇത്രത്തോളം മനുഷ്യത്വം മനുഷ്യനുണ്ടോ എന്ന് തോന്നിക്കുന്ന അനേകം സന്ദര്‍ഭങ്ങള്‍. അവ സൃഷ്ടിക്കാന്‍ വയനാട് ദുരന്തത്തിന് സാധിച്ചു. ഈ ദുരന്തം നമുക്ക് തടുക്കാമായിരുന്നോ എന്നൊക്കെയുള്ള ചോദ്യം ഇനി നാം ചോദിക്കേണ്ടതാണ്. പക്ഷേ, അതു സംഭവിച്ചു, അതിനെ അത്ഭുതകരമായി നേരിടാന്‍ നമുക്ക് സാധിച്ചു. ദുരന്തത്തെ ഇല്ലായ്മ ചെയ്യാനോ അതിന്റെ കനം കുറയ്ക്കാനോ ഒന്നുമല്ല, ഇങ്ങനെ സഹായങ്ങള്‍ ഒഴുകിവന്നു എന്നത് അതിശയിപ്പിക്കുന്ന ഒന്നാണ്. മനുഷ്യര്‍ക്ക് മനുഷ്യത്വം കുറഞ്ഞുകുറഞ്ഞുവരുന്നു എന്ന് നാം കരുതിയ കാലത്താണ് ഇതുപോലെ ഒന്ന് സംഭവിച്ചത്. വരുംകാലത്തിന് മഹാമാതൃകയായി ഈ രക്ഷാപ്രവര്‍ത്തനം മാറും എന്നതില്‍ സന്ദേഹമില്ല. കെ. രാജന്‍, ഇതുപോലൊരു മന്ത്രിയെ സങ്കല്‍പ്പിക്കാനാവില്ല. അത്രമേല്‍ ഈ ദുരന്തത്തോട് അദ്ദേഹം ചേര്‍ന്നു നിന്നു. അതുപോലെ ടി സിദ്ദിഖ് എം എല്‍ എ. ഒപ്പം മറ്റെല്ലാവരെയും, ഇതില്‍ പങ്കെടുത്ത എല്ലാവരെയും ഓര്‍മ്മിക്കേണ്ടതാണ്. ഇതുപോലൊരു സന്ദര്‍ഭത്തിലാണ് ഞാന്‍ ടി എന്‍ ഗോപകുമാറിനെ കുറിച്ച് അല്‍പ്പം മാത്രം സംസാരിക്കാനിരിക്കുന്നത്.
ടിഎന്‍ ഗോപകുമാര്‍ ഒരു പത്രപവര്‍ത്തകനായിരുന്നു. ഭാവുകത്വമുള്ള പത്രപ്രവര്‍ത്തകന്‍. ഒവി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിന്റെ ആദ്യ വായനക്കാരന്‍. അതില്‍ തിരുത്തലുകള്‍ വരുത്താന്‍ വിജയനെ സഹായിച്ച ഒരാള്‍. പല അധ്യായങ്ങളുടെയും പേരുകള്‍ നിര്‍ദേശിച്ച ആള്‍. അഥവാ ഭാവുകത്വമുണ്ടായിരുന്ന പത്രപ്രവര്‍ത്തകന്‍.
ഭാവുകത്വമുള്ള ആ പത്രപ്രവര്‍ത്തകന്‍ ദൃശ്യമാധ്യമത്തില്‍ വന്നുപ്പോള്‍-നിങ്ങളാര്‍ക്കണം ഈ ദുരന്തം ഇത്രമേല്‍ ലോകത്തിന്റെ ശ്രദ്ധകേന്ദ്രമായതിനു കാരണം ദൃശ്യമാധ്യമങ്ങളുടെ മല്‍സരമായിരുന്നു. അത്ര ആരോഗ്യകരമായ ഒരു മല്‍സരമായിരുന്നു അത്. ഓരോ വീട്ടിലും നടന്നതു പോലെ ഈ ദുരന്തം നമ്മുടെ വീട്ടില്‍ സംഭവിച്ചതായി തോന്നിയതിനു കാരണം പത്രങ്ങളുടെ കാലമല്ല ഇത് ദൃശ്യമാധ്യമങ്ങളുടെ കാലമാണ് എന്നതാലാണ്. ഉണ്ണുമ്പോള്‍ ഉരുളയില്‍ ചോര എന്നൊരു കവി പറയുന്നുണ്ട്. അതുപോലെ ഉറക്കിലും ഉണര്‍വിലും എല്ലാത്തിലും രക്തമായിരുന്നു മലയാളികളുടെ മനസ്സില്‍ ഈ കാലത്ത്. അതു സൃഷ്ടിച്ചു എന്നതിന് ദൃശ്യമാധ്യമങ്ങളെ ഞാന്‍ സവിശേഷം അഭിനന്ദിക്കുന്നു-ടി എന്‍ ഗോപകുമാറിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അദ്ദേഹം ദല്‍ഹിയില്‍നിന്നും കേരളത്തില്‍ വരുന്നു. ഒരു ദൃശ്യമാധ്യത്തില്‍ പ്രവര്‍ത്തിക്കുന്നു. ഏഷ്യാനെറ്റ്. ഈ യൊരു ദൃശ്യമാധ്യമമാണ് ആദ്യമായി ദൃശ്യമാധ്യമ പ്രവര്‍ത്തനത്തിന് രാഷ്ട്രീയപ്രവര്‍ത്തനവും സാംസ്‌കാരിക പ്രവര്‍ത്തനവും സാമൂഹ്യ പ്രവര്‍ത്തനവും ആയി മാറാമെന്ന് തെളിയിച്ചത്. മാധ്യമപ്രവര്‍ത്തനത്തിന് വലിയൊരു ദിശാബോധം നല്‍കാന്‍ ഏഷ്യാനെറ്റിന് സാധിച്ചു. അസാധാരണരായ ചിലരായിരുന്നു അതിന്റെ തുടക്കക്കാര്‍ എന്നതായിരുന്നു അതിനു കാരണം.
ആ സ്‌നേഹസമ്പന്നരായ ആളുകളില്‍ പ്രധാനിയായിരുന്നു എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്ന ടി എന്‍ ഗോപകുമാര്‍. അദ്ദേഹം പുതിയ ഒരു പരിപാടി അവതരിപ്പിച്ചു-കണ്ണാടി. അതു കാണാന്‍ ആളുകള്‍ കാത്തിരുന്നു. ഇത്ര ജനശ്രദ്ധ ആകര്‍ഷിച്ച ഒരു ദൃശ്യമാധ്യമ പംക്തി ഒരു പക്ഷേ നമ്മുടെ സങ്കല്‍പ്പത്തില്‍ പോലുമുണ്ടാവില്ല. അസാധ്യമായിരുന്നു അതിന്റെ ജനസ്വീകാര്യത. ഇപ്പോള്‍ ഓര്‍ക്കേണ്ട മറ്റൊരാളുണ്ട്. ടി എന്‍ ഗോപകുമാറിന്റെ ഉറ്റചങ്ങാതി ആയിരുന്ന, നിങ്ങള്‍ക്കെല്ലാം പേരു കേട്ടും കണ്ടും ഒക്കെ പരിചയമുള്ള, വയനാടുമായി അത്യധികം ബന്ധമുള്ള പത്രപ്രവര്‍ത്തകന്‍- കെ ജയചന്ദ്രന്‍. അദ്ദേഹമായിരുന്നു കണ്ണാടി എന്ന പംക്തിയുടെ പ്രധാനശക്തി. ജയചന്ദ്രനെ ടി എന്‍ ഗോപകുമാര്‍ കണ്ടെടുക്കുകയും അദ്ദേഹത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കുകയുമായിരുന്നു. ഒന്നാം തരം എഡിറ്ററായിരുന്നു ടി എന്‍ ഗോപകുമാര്‍. അത്ഭുതപ്രതിഭയായ പത്രപ്രവര്‍ത്തകനായിരുന്നു ജയചന്ദ്രന്‍.
കെ ജയചന്ദ്രന്‍
ജയചന്ദ്രനെക്കുറിച്ച് ഒറ്റക്കാര്യം മാത്രം പറയാം. അദ്ദേഹം വരുന്ന സമയത്ത് വയനാട്ടില്‍നിന്ന് ചരമവാര്‍ത്തകള്‍ മാത്രമേ പത്രത്തില്‍ വരാറുണ്ടായിരുന്നുള്ളൂ. അത്തരം വാര്‍ത്തകള്‍ മാത്രം അയക്കുന്ന പ്രതക്കാരായിരുന്നു അന്നിവിടെ ഉണ്ടായിരുന്നത്. അവരെ പരേതര്‍ എന്നാണ് ആളുകള്‍ പറഞ്ഞിരുന്നത്. അതു മാറ്റി ഇവിടെയാണ് വാര്‍ത്ത എന്നു തെളിയിച്ച ആളായിരുന്നു ജയചന്ദ്രന്‍. നിരന്തരം വാര്‍ത്തകളായിരുന്നു അന്നിവിടെ. കല്‍പ്പറ്റ അങ്ങനെ വാര്‍ത്താകേരളത്തിന്റെ തലസ്ഥാനമായിത്തീര്‍ന്നു.
ആ ജയചന്ദ്രനെ ഒന്നാന്തരമായി ഉപയോഗിക്കാന്‍ ടി എന്‍ ഗോപകുമാറിന് സാധിച്ചു. അങ്ങനെയാണ് ദൂരത്തുമാത്രം നടക്കുന്നു എന്നറിയുന്ന കാര്യങ്ങള്‍ തൊട്ടടുത്തും നടക്കുന്നുണ്ട് എന്ന് തിരിച്ചറിയാന്‍ നമുക്ക് സാധിച്ചത്. അങ്ങനെയാണ് ദുരന്തങ്ങളില്‍ മാധ്യമങ്ങള്‍ക്ക് ഇടപെടാന്‍ കഴിയും എന്ന് നാം കണ്ടത്. ആ കണ്ണാടിയില്‍ കേരളത്തിലെ കോണുകളെല്ലാം പതിഞ്ഞു. മാധ്യമദൃഷ്ടിയില്‍ അതുവരെ പെടാത്ത പുതിയ കാര്യങ്ങള്‍ ഓരോ തവണയും പതിഞ്ഞു.
കെ ജയചന്ദ്രന്‍ തിരുവനന്തപുരത്തേക്ക് സ്ഥലം മാറിപ്പോവുമ്പോള്‍ ഒരു സംഭവമുണ്ടായി. കൊല്ലത്ത് ശവശരീരം തലയില്‍ വെച്ച് ഒരാള്‍ നടന്നുപോവുന്നു. ജയചന്ദ്രന്‍ വാഹനം അവിടെ നിര്‍ത്തുന്നു. അവിടെയിറങ്ങി അയാള്‍ അതിനു പിറകെ പോവുന്നു. അതൊരു വാര്‍ത്തയാവുന്നു.
ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കാനുള്ള എല്ലാ ശേഷിയും പിന്തുണയും ജയചന്ദ്രന് നല്‍കി, ടി എന്‍ ഗോപകുമാര്‍. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലെല്ലാം വലിയ ഭാവുകത്വം ഉണ്ടായിരുന്നു. ‘ആരോഗ്യനികേതനം’ എന്ന നോവല്‍ മലയാളിയുടെ ദൃശ്യാനുഭവമായി മാറണം എന്ന് ഗോപകുമാര്‍ വിചാരിച്ചു. അതു സാമ്പത്തികമായി ലാഭമൊന്നും ഉണ്ടാക്കിയില്ലായിരിക്കാം. പക്ഷേ, ഒരു വിട്ടുവീഴ്ചയുമില്ലാത്ത ഒരു ചലച്ചി്രതമായി അതു മാറി. ‘ആരോഗ്യ നികേതനം’ പതുക്കെ കുറേപ്പേരുടെ എങ്കിലും ദൃശ്യാനുഭവമായിത്തീര്‍ന്നു. ഒപ്പം, ഏറ്റവും പ്രധാനമായിരിക്കുന്നത് അദ്ദേഹത്തിന്റെ മാധ്യമപ്രവര്‍ത്തനവും അതുവഴി, അതുകൊണ്ടുകൂടി, ഒരുപാടാളുകള്‍ -ശശികുമാര്‍ -സക്കറിയ -നീലന്‍. അങ്ങനെയങ്ങനെ നിരവധി പേരുടെ ക്രിയാത്മകമായ ഒരു സംഘമുണ്ടായി.ഇന്നുമത് നിലച്ചിട്ടില്ല. സിന്ധുസൂര്യകുമാറും വിനു വി ജോണും ഷാജഹാനും ഒക്കെയായി അതങ്ങനെ തുടര്‍ന്നുവരുന്നു. എങ്കിലും അതിനൊരു പാരമ്പര്യം സൃഷ്ടിച്ച, പുതിയത് ചെയ്യാന്‍ വലിയ മോഹം കാണിച്ച, അങ്ങനെ ദൃശ്യമാധ്യമ സംസ്‌കാരത്തിന് ചൈതന്യം പകര്‍ന്ന ഒരാളായിരുന്നു ടി എന്‍ ഗോപകുമാര്‍.