ഒരോവറില്‍ വീണത് മൂന്ന് വിക്കറ്റുകള്‍! സഞ്ജുവും സൂര്യയും വീണ്ടും നിരാശപ്പെടുത്തി; ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

പൂനെ: ഇംഗ്ലണ്ടിനെതിരെ നാലാം ടി20യില്‍ നേരിട്ട മൂന്നാം പന്തില്‍ തന്നെ പുറത്തായി സഞ്ജു സാംസണ്‍. ഇത്തവണ ഒരു റണ്‍ മാത്രമാണ് മലയാളി താരത്തിന്റെ സമ്പാദ്യം. സാകിബ് മെഹ്മൂദിന്റെ ഷോര്‍ട്ട് ബോളില്‍ പുള്‍ ഷോട്ടിന് ഷോട്ടിന് ശ്രമിച്ച് സ്‌ക്വയര്‍ ലെഗില്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു സഞ്ജു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഇതേ രീതിയില്‍ തന്നെയാണ് സഞ്ജു പുറത്തായത്. ഇന്നും മാറ്റമൊന്നുമുണ്ടായില്ല. മൂന്നാമതായി ക്രീസിലെത്തിയ തിലക് വര്‍മ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. 

സാകിബിനെതിരെ ക്രീസ് വിട്ട് അനാവശ്യ ഷോട്ടിന് ശ്രമിച്ച തിലക് (0) തേര്‍ഡ്മാനില്‍ ആര്‍ച്ചര്‍ക്ക് തന്നെ ക്യാച്ച് നല്‍കി. അതേ ഓവറില്‍ തന്നെ സൂര്യകുമാര്‍ യാദവും ക്രീസ് വിട്ടു. നാല് പന്ത് നേരിട്ട സൂര്യ ഇംഗ്ലണ്ട് ഒരുക്കിയ കെണിയില്‍ വീഴുകയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ റണ്‍സ് നേടും മുമ്പ് ഷോര്‍ട്ട് മിഡ് ഓണില്‍ ബ്രൈഡണ്‍ കാര്‍സെക്ക് ക്യാച്ച് നല്‍കി. ഓരോവറില്‍ വീണത് മൂന്ന് വിക്കറ്റുകള്‍. അഭിഷേക് ശര്‍മ (20), റിങ്കു സിംഗ് (5) എന്നിവരാണ് ക്രീസില്‍. നാല് ഓവറില്‍ 28 റണ്‍സാണ് ഇതുവരെ ഇന്ത്യ നേടിയത്. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. 

മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. റിങ്കു സിംഗ്, ശിവം ദുബെ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറല്‍, മുഹമ്മദ് ഷമി എന്നിവരാണ് പുറത്തായത്. ഇംഗ്ലണ്ട് രണ്ട് മാറ്റം വരുത്തിയിട്ടുണ്ട്. മാര്‍ക്ക് വുഡിന് പകരം സാക്കിബ് മെഹ്മൂദ് ടീമിലെത്തി. പരിക്ക് മാറിയ ജേക്കബ് ബേഥല്‍ തിരച്ചെത്തിയപ്പോള്‍ ജാമി സ്മിത്ത് പുറത്തായി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ജലജ് സക്‌സേനയ്ക്ക് പത്ത് വിക്കറ്റ്! ബിഹാറിനെ ഇന്നിംഗ്‌സിന് തകര്‍ത്ത് കേരളം രഞ്ജി ട്രോഫ്രി ക്വാര്‍ട്ടറില്‍

ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി.

ഇംഗ്ലണ്ട്: ഫിലിപ്പ് സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ബെന്‍ ഡക്കറ്റ്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റണ്‍, ജേക്കബ് ബേഥല്‍, ജാമി ഓവര്‍ട്ടണ്‍, ബ്രൈഡണ്‍ കാര്‍സെ, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, സാഖിബ് മഹ്മൂദ്.

അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് കളികളും ജയിച്ച് ഇന്ത്യ മുന്നിലെത്തിയപ്പോള്‍ രാജ്‌കോട്ടില്‍ നടന്ന മൂന്നാം മത്സരം ജയിച്ച് ഇംഗ്ലണ്ട് തിരിച്ചടിച്ചിരുന്നു. ജയത്തോടെ അവസാന മത്സരത്തിന് മുമ്പ് പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നതെങ്കില്‍ പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്താനാണ് ഇംഗ്ലണ്ടിന്റെ പോരാട്ടം. 

By admin