ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റം, ഷമി പുറത്ത്! ഇംഗ്ലണ്ടിന് ടോസ്; ടി20 പരമ്പര ഉറപ്പാക്കാന്‍ സൂര്യയും സംഘവും
പൂനെ: ഇംഗ്ലണ്ടിനെതിരായ നാലാം ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. പൂനെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. റിങ്കു സിംഗ്, ശിവം ദുബെ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറല്‍, മുഹമ്മദ് ഷമി എന്നിവരാണ് പുറത്തായത്. ഇംഗ്ലണ്ട് രണ്ട് മാറ്റം വരുത്തിയിട്ടുണ്ട്. മാര്‍ക്ക് വുഡിന് പകരം സാക്കിബ് മെഹ്മൂദ് ടീമിലെത്തി. പരിക്ക് മാറിയ ജേക്കബ് ബേഥല്‍ തിരച്ചെത്തിയപ്പോള്‍ ജാമി സ്മിത്ത് പുറത്തായി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി.
ഇംഗ്ലണ്ട്: ഫിലിപ്പ് സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ബെന്‍ ഡക്കറ്റ്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റണ്‍, ജേക്കബ് ബേഥല്‍, ജാമി ഓവര്‍ട്ടണ്‍, ബ്രൈഡണ്‍ കാര്‍സെ, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, സാഖിബ് മഹ്മൂദ്.
അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് കളികളും ജയിച്ച് ഇന്ത്യ മുന്നിലെത്തിയപ്പോള്‍ രാജ്‌കോട്ടില്‍ നടന്ന മൂന്നാം മത്സരം ജയിച്ച് ഇംഗ്ലണ്ട് തിരിച്ചടിച്ചിരുന്നു. ജയത്തോടെ അവസാന മത്സരത്തിന് മുമ്പ് പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നതെങ്കില്‍ പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്താനാണ് ഇംഗ്ലണ്ടിന്റെ പോരാട്ടം.
സൂര്യക്കും സഞ്ജുവിനും നിര്‍ണായകം
ആദ്യ മൂന്ന് മത്സരങ്ങളിലും തിളങ്ങാന്‍ കഴിയാതിരുന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും മലയാളി ഓപ്പണര്‍ സഞ്ജു സാംസണും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ജോഫ്ര ആര്‍ച്ചറുടെ വേഗമേറിയ ബോണ്‍സറുള്‍ക്ക് മുന്നില്‍ മൂന്ന് കളികളിലും ഒരേരീതിയില്‍ പുറത്തായ സഞ്ജുവിന് ഇന്നത്തെ മത്സരത്തില്‍ വലിയൊരു ഇന്നിംഗ്‌സ് കളിക്കേണ്ടത് അനിവാര്യമാണ്. സമീപകാലത്ത് മികച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്ന സൂര്യക്ക് സയ്യിദ് മുഷ്താഖ് അലിയിലും വിജയ് ഹസാരെയിലും മികവ് കാട്ടാനായിരുന്നില്ല.