തിരുവനന്തപുരം: ആറുവർഷത്തെ ഇടവേളയ്ക്കുശേഷം കേരളം രഞ്ജി ട്രോഫി ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ബിഹാറിനെ 169 റൺസിനും ഇന്നിംഗ്സിനും തകർത്താണ് കേരളം ക്വാര്‍ട്ടറിൽ പ്രവേശിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ 64 റൺസിനു പുറത്തായി ഫോളോഓൺ ചെയ്ത ബിഹാറിനെ 118 റണ്‍സിന് രണ്ടാം ഇന്നിങ്‌സിലും എറിഞ്ഞിട്ട് ഇന്നിങ്‌സ് വിജയം നേടിയാണ് കേരളം രഞ്ജിയില്‍ ക്വാര്‍ട്ടര്‍ ബര്‍ത്തെന്ന അഭിമാന നേട്ടം സ്വന്തമാക്കിയത്. ബാറ്റുകൊണ്ട് സല്‍മാന്‍ നിസാറും പന്തുകൊണ്ട് വിശ്വസ്തനായ സ്പിന്നര്‍ ജലജ് സക്‌സേനയും മികച്ച പ്രകടനം കാഴ്ചവെച്ചു.രണ്ട് ഇന്നിങ്ങ്‌സിലും അഞ്ച് വിക്കറ്റ് വീതമെടുത്ത ജലജ് ഒരിക്കല്‍ കൂടി കേരള ബൗളിങ്ങിന്റെ കുന്തമുനയായി. ടെസ്റ്റിന്റെ രണ്ടാം ദിനം തന്നെ ബിഹാറിനെ രണ്ട് ഇന്നിങ്‌സിലും കേരളം പുറത്താക്കി എന്ന പ്രത്യേകതയുമുണ്ട് ഈ വിജയത്തിന്. ആകെ ഇന്ന് വീണത് 21 വിക്കറ്റാണ്‌. ഒന്നാം ഇന്നിങ്‌സില്‍ 64ന് പുറത്തായ ബിഹാര്‍ നിരയില്‍ ആകെ മൂന്നു പേരാണ് രണ്ടക്കം കടന്നത്. രണ്ടാം ഇന്നിങ്‌സിലും സ്ഥിതി അത് തന്നെയായിരുന്നു. ജലജ് സക്‌സേന അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ആദിത്യ സര്‍വാതെ മൂന്നു വിക്കറ്റ് നേടി. കേരളത്തിന് വേണ്ടി സല്‍മാന്‍ നിസാറിന്(150) പുറമെ അക്ഷയ് ചന്ദ്രന്‍(38) ഷോണ്‍ റോജര്‍(59) നിധേഷ്(30) എന്നിവര്‍ മികച്ച പിന്തുണ നല്‍കി. ആദ്യദിനം കളിനിര്‍ത്തുമ്പോള്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സ് എന്നനിലയിലായിരുന്നു കേരളം. 111 റണ്‍സുമായി സല്‍മാനൊപ്പം വൈശാഖ് ചന്ദ്രനും(1) ആയിരുന്നു ക്രീസില്‍. രണ്ടാം ദിനം അവസാന വിക്കറ്റില്‍ കേരളം നിര്‍ണായകമായ 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അതില്‍ സല്‍മാന്റെ ബാറ്റില്‍ നിന്ന് 39 റണ്‍സും വന്നു. പുറത്താകാതെ അഞ്ച് റണ്‍സ് മാത്രമേ നേടിയുള്ളൂവെങ്കിലും വൈശാഖ് 54 പന്ത് നേരിട്ട് വിക്കറ്റ് കാത്തുസൂക്ഷിച്ചു. രഞ്ജി ട്രോഫിയില്‍ സല്‍മാന്റെ ആദ്യ സെഞ്ചുറിയാണിത്.കേരളത്തിന്റെ സ്റ്റാര്‍ ബാറ്ററായ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിനൊപ്പമായതിനാല്‍ ഈ മത്സരത്തിലില്ലായിരുന്നു. മധ്യനിര ബാറ്ററും ക്യാപ്റ്റനുമായ സച്ചിന്‍ ബേബിയും കേവലം നാല് റണ്‍സിന് പുറത്തായിരുന്നു. പ്രധാന ബാറ്റര്‍മാരില്‍ ഷോണ്‍ റോജര്‍ ഒഴികെ എല്ലാവരും നിറംമങ്ങിയ മത്സരത്തില്‍ സല്‍മാന്‍ നിസാറിന്റെ അവസരോചിത ഇന്നിങ്‌സാണ് കേരളത്തിനെ രക്ഷിച്ചതും ടീമിന് വിജയവഴിക്കുള്ള അടിത്തറ പാകിയതും. 150 റണ്‍സാണ് സല്‍മാന്‍ നിസാര്‍ നേടിയത്.
ഇന്ത്യന്‍ ക്രിക്കറ്റിലെ കരുത്തരായ ഹരിയാണ, കര്‍ണാടക, ബംഗാള്‍, യു.പി, മധ്യപ്രദേശ് എന്നീ ടീമുകള്‍ അടങ്ങിയ എലൈറ്റ് ഗ്രൂപ്പ് സിയില്‍ നിന്നാണ് കേരളം ഉജ്ജ്വല പ്രകടനവുമായി ക്വാര്‍ട്ടറിലെത്തിയത്. നിലവില്‍ ഗ്രൂപ്പില്‍ കേരളമാണ് ഒന്നാമത്. പോയന്റ് നിലയില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ള ഹരിയാണയും കര്‍ണാടകയും തമ്മിലുള്ള കളിയുടെ ഫലം അറിവായേലെ കേരളത്തിനൊപ്പം ഏത് ടീമാകും ക്വാര്‍ട്ടറില്‍ കടക്കുക എന്ന് വ്യക്തമാകൂ.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *