Malayalam Poem: മറുപടികളില്ലാത്ത കത്തുകള്‍, ഷംന മറിയം അബ്ബാസ് എഴുതിയ കവിത

Malayalam Poem: മറുപടികളില്ലാത്ത കത്തുകള്‍, ഷംന മറിയം അബ്ബാസ് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Malayalam Poem: മറുപടികളില്ലാത്ത കത്തുകള്‍, ഷംന മറിയം അബ്ബാസ് എഴുതിയ കവിത

 

മറുപടികളില്ലാത്ത കത്തുകള്‍

 

കണക്ക് പറഞ്ഞാല്‍ 
നിനക്കെഴുതുന്ന 
അമ്പതാമത്തെ 
കത്താണിത്.

നീ പോയാല്‍ 
ഞാനാഴ്ചകളില്‍ 
കത്തെഴുതുമെന്നും 
നീയത് വായിച്ചു 
തളരുമെന്നും 
ഞാനൊരിക്കല്‍ 
പറഞ്ഞതോര്‍മ്മയില്ലേ?

എന്റെ കത്തുകളില്‍ 
നീ തളിര്‍ത്തു പൂക്കുമെന്നും 
ഒന്നിന് രണ്ടുവീതമായി 
തിരിച്ചയക്കുമെന്നും 
പറഞ്ഞ് 
പറ്റിച്ചത് 
നീയാണ്..

മറുപടിക്കത്തില്ലാത്ത 
നാല്പത്തിയൊമ്പത് 
ആഴ്ചകളിലും
നീറി നീറി 
ഞാനെന്റെ 
വാക്കുപാലിച്ചിരിക്കുന്നു.

നീയില്ലാത്ത 
ഇന്നലത്തെ 
പിറന്നാളിന് 
ഞാനെനിക്കൊരു 
സമ്മാനം വാങ്ങി..
കടും കറുപ്പില്‍ 
ഓറഞ്ചു 
പൂക്കളുള്ളൊരു 
കോട്ടണ്‍സാരി..
ഞായറാഴ്ച 
സന്ധ്യകളില്‍ 
നമ്മള്‍ നോക്കിയിരിക്കാറുള്ള 
കടല് പോലൊന്ന് ..

അതുടുത്ത് 
ഞാനിന്നൊരു 
കല്യാണത്തിന് 
കൂടി.
ഞൊറിയുടുക്കുന്നതിനിടെ 
ഞാന്‍ വല്ലാണ്ട് 
മെലിഞ്ഞു പോയെന്നും 
കവിള്‍തടങ്ങളൊട്ടി
പോയെന്നും 
ഞാനതിശയിച്ചു 
നിന്നു.

ഞാനൊന്ന് ചിരിച്ചു 
കണ്ടാല്‍ മതിയെന്നാണ് 
കണ്ടവരൊക്കെ 
പറഞ്ഞത്…
ഞാനിപ്പോഴും 
ചിരിക്കാറുണ്ടെന്നും 
ഇല്ലായെന്ന് 
തോന്നലാണെന്നും 
പറഞ്ഞിട്ടാരും 
കേള്‍ക്കുന്നേയില്ല.

കാപട്യമാണെങ്കിലും 
രണ്ട് കണ്ണിലും കൂടി 
ചിരി വരച്ചു വെക്കാന്‍ 
പറ്റിയിരുന്നെങ്കിലെന്ന് 
ഓര്‍ത്തുപോയി.
കണ്ണാടിയിലെന്റെ 
കണ്ണുകള്‍ 
വിളര്‍ത്തു 
വാടിയിരിക്കുന്നെന്ന് 
എനിക്കും തോന്നാറുണ്ട്.

പോവേണ്ടിയിരുന്നില്ലെന്നും 
നിന്റെ എഴുത്ത്
വരാനുണ്ടെന്ന് 
പറഞ്ഞിവിടിരുന്നാല്‍ 
മതിയാരുന്നെന്നും 
പിന്നീടെനിക്ക് തോന്നി.

നീ പറയും പോലെ 
എനിക്കിപ്പോള്‍ 
ശരിക്കും 
കിറുക്കാണ്.
മരിച്ചു പോയോര്‍ക്ക് 
കത്തെഴുതീട്ടെന്ത്
കാര്യമെന്ന് 
പോലും ഞാന്‍ 
മറന്നു പോവുന്നു…
 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍…

By admin