തിരുവനന്തപുരം: ബാലരാമപുരത്ത് കാണാതായ രണ്ടു വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സര്‍വത്ര ദുരൂഹത. കുട്ടിക്ക് ഒറ്റയ്ക്ക് കിണറ്റില്‍ ചാടാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. കുഞ്ഞിനെ കിണറ്റില്‍ ഇട്ടുവെന്നാണ് പ്രാഥമിക നിഗമനം.
കുട്ടിയുടെ മരണം കിണറ്റില്‍ വീണ ശേഷം വെള്ളം കുടിച്ചിട്ടല്ല എന്നതാണ് ഇന്‍ക്വസ്റ്റിലെ പ്രാഥമിക നിഗമനം. കുട്ടിയെ അപായപ്പെടുത്തിയ ശേഷം കിണറ്റിലേക്ക് വലിച്ചെറിഞ്ഞതാവാം എന്നും സൂചനയുണ്ട്. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പടെ കഴിഞ്ഞതിന് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ നിഗമനമാകൂ. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍, അമ്മ, അമ്മയുടെ സഹോദരന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബത്തിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ട്.
ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവിനെ ഇന്ന് പുലര്‍ച്ചെ മുതലാണ് കാണാതായത്. കുട്ടിയുടെ അമ്മയുടെ മൊഴികളില്‍ തന്നെ വൈരുദ്ധ്യമുണ്ട്. പുലര്‍ച്ചെ വീട്ട് ജോലിക്കായി എണീറ്റപ്പോൾ കുഞ്ഞ് ഉണര്‍ന്നിരിക്കുകയായിരുന്നു എന്നാണ് അമ്മ പ്രാഥമികമായി നല്‍കിയ മൊഴി. ആദ്യം കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞത് തന്നോട് ഒപ്പം ഉറങ്ങാന്‍ കിടന്നു എന്നായിരുന്നു. പിന്നീട് സഹോദരനൊപ്പം ആണ് കിടന്നതെന്ന് തിരുത്തി.
സഹോദരന്റെ മുറിയില്‍ പുലര്‍ച്ചെ തീപിടുത്തം ഉണ്ടായി. തീ അണച്ചതിനു ശേഷം തിരികെയെത്തിയപ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു എന്നും ഇവര്‍ പറയുന്നു. മുറിയില്‍ മണ്ണെണ്ണയുടെ ഗന്ധമുണ്ടായിരുന്നു എന്ന് കോവളം എംഎല്‍എ വിന്‍സന്റും പറഞ്ഞു.
രാവിലെ രണ്ടു വയസ്സായ കുട്ടിക്ക് കിണറ്റിനടുത്ത് പോകേണ്ട കാര്യമില്ലെന്നും കൊലപാതകം എന്നുറപ്പിക്കാന്‍ വിശദമായ അന്വേഷണം വേണമെന്നും തിരുവനന്തപുരം റൂറല്‍ എസ് പി പറഞ്ഞു. നെയ്യാറ്റിന്‍കര ഡിവൈഎസ്പി അന്വേഷണത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് കുട്ടിയെ കാണാനില്ലെന്ന പരാതി പൊലീസില്‍ ലഭിക്കുന്നത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയിരുന്നു. വീടിന് പിന്‍ഭാഗത്ത് ഒരു കിണര്‍ ഉണ്ടായിരുന്നു. കുട്ടി അവിടെ വീണു പോയോ എന്നുള്ള സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് സംഘത്തെ വിളിച്ചു വരുത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.രണ്ടുദിവസം മുമ്പ് കുടുംബം 30 ലക്ഷം രൂപ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. പക്ഷേ ഈ സംഭവത്തില്‍ പൊലീസ് കേസെടുത്തില്ല. വീട്ടുകാരുടെ മൊഴി പരസ്പര വിരുദ്ധമായതോടെയാണ് പോലീസ് കേസെടുക്കില്ലെന്ന നിലപാട് സ്വീകരിച്ചത്.
https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *