തിരുവനന്തപുരം: ഡൽഹി മദ്യനയ കേസിൽ പ്രതിയായ തെലങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകൾ കെ. കവിത കേരളത്തിലെത്തിയത് രണ്ട് തവണയെന്ന് റിപ്പോര്‍ട്ട്. നിയമസഭ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനാണ് അവർ രണ്ട് തവണയും സംസ്ഥാനത്ത് എത്തിയതെന്നാണ് റിപ്പോര്‍ട്ട്.
 2019 ഫെബ്രുവരി 23ന് തുടങ്ങുന്ന വിദ്യാർത്ഥികളുടെ പാർലമെന്റിൽ രണ്ടാം ദിവസമാണ് കവിത പങ്കെടുത്തത്. അന്ന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനായിരുന്നു. പിന്നീട് നിലവിലെ എക്‌സൈസ് മന്ത്രി എം.ബി രാജേഷ് സ്പീക്കറായിരുന്ന 2022 മെയ് 27നാണ് വനിതാ സഭാംഗങ്ങളുടെ ദേശീയ കോൺഫറൻസ് നിയമസഭയിൽ സംഘടിപ്പിച്ചത്. 

അതിൽ നയതീരുമാനങ്ങളെടുക്കുന്ന ഫോറങ്ങളിൽ സ്ത്രീ പ്രാതിനിധ്യത്തിന്റെ കുറവ് എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാറിലേക്കാണ് കവിതയ്ക്ക് ക്ഷണം ലഭിച്ചിരുന്നത്.

കവിതയ്ക്ക് പുറമേ ഉത്തരഖണ്ഡ് വിധാൻ സഭ സ്പീക്കർ റിതു ഖണ്ഡൂരി, സി.പി.ഐ നേതാവ് ആനി രാജ, അന്ന് എം.പിയായിരുന്ന കോൺഗ്രസ് നേതാവ് രമ്യ ഹരിദാസ് എന്നിവർക്കാണ് സെമിനാറിലേക്ക് ക്ഷണമുണ്ടായിരുന്നത്.
അന്ന് തലസ്ഥാനത്തെ വഴുതയ്ക്കാടുള്ള ഹയാത്ത് ഹോട്ടലിലാണ് കവിത താമസിച്ചിരുന്നതെന്നും കേരള സന്ദർശനത്തിനിടെ അവർ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാനിയെ സന്ദർശിച്ചുവെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ ആരോപിക്കുന്നത്.

2019 മെയ് ഏഴിന് അന്നത്തെ തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവും പിണറായി വിജയനും തമ്മിൽ തലസ്ഥാനത്ത് കൂടിക്കാഴ്ച്ച നടന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന കൂടിക്കാഴ്ച്ചയിൽ കോൺഗ്രസ്, ബി.ജെ.പി ഇതര മൂന്നാം മുന്നണി രൂപീകരണത്തെ കുറിച്ചായിരുന്നു ചർച്ച.

എന്നാൽ ഇരു മുഖ്യമന്ത്രിമാരും ചർച്ചയുടെ കൂടുതൽ വിശദാംശങ്ങൾ അന്ന് പുറത്ത് വിട്ടിരുന്നില്ല. അന്ന് ചന്ദ്രശേഖർ റാവുവിനൊപ്പം സന്തോഷ് കുമാർ, വിനോദ് കുമാർ എന്നീ രണ്ട് എം.പിമാരും ഒപ്പമുണ്ടായിരുന്നു.
എലപ്പുള്ളിയിൽ കമ്പനി ഭൂമി വാങ്ങൽ നടപടി ആരംഭിച്ചത് 2022 ഡിസംബർ മുതലാണ്. 2023ൽ ജൂണിലാണു ഭൂമി റജിസ്‌ട്രേഷൻ പൂർത്തിയാക്കിയത്. 5 ഭൂവുടമകളിൽ നിന്നായി 22 ഏക്കറോളം ഭൂമി വാങ്ങി. മിച്ചമുള്ള 2 ഏക്കർ ലഭ്യമാക്കിയതു സമീപത്തുള്ള സ്വകാര്യ കമ്പനികളിൽ നിന്നായിരുന്നു. 

ഒരു സെന്റിന് 25,000 രൂപ മുതൽ 40,000 രൂപ വരെ വില നിശ്ചയിച്ചാണ് ഇടനിലക്കാർ മുഖേന കമ്പനി ഭൂമി വാങ്ങിയിട്ടുള്ളത്. അന്നു കമ്പനിയുടെ പേര് വ്യക്തമാക്കാനോ എന്താണു പദ്ധതിയെന്നു വിശദീകരിക്കാനോ തയാറായിട്ടില്ലെന്നാണ് ഇടനിലക്കാർ പറയുന്നത്.

മദ്യ നിർമാണശാലയ്ക്കായി വാങ്ങിക്കൂട്ടിയ ഭൂമിക്ക് കരമടച്ചത് മദ്യ കമ്പനിയായ ഒയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡാണെന്ന് 2024-25 വർഷത്തേക്ക് എലപ്പുള്ളി വില്ലേജിൽ ഭൂമിയുടെ കരമടച്ചതിന്റെ രേഖകളിൽ നിന്നും വ്യക്തമാവുന്നു.
എലപ്പുള്ളി വില്ലേജ് ഓഫീസിൽ ഓഗസ്റ്റ് മാസത്തിലാണ് കമ്പനി കരം അടച്ചിരിക്കുന്നത്. ഒയാസിസ് കമ്പനിയുടെ ഹരിയാന അമ്പാലയിലുള്ള വിലാസത്തിലാണ് 24 ഏക്കർ ഭൂമി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *