അസാധാരണ മോശം റേറ്റിങ്ങുള്ള മാധ്യമ പ്രവര്‍ത്തകനെന്ന് ട്രംപ്; വിടാതെ ജിം അക്കോസ്റ്റയുടെ മറുപടി

വാഷിങ്ടൺ: സിഎൻഎന്നിൽ നിന്ന് പടിയിറങ്ങുന്നതിന് തൊട്ടു മുമ്പ് തന്നെ മോശം ഭാഷയിൽ വിമര്‍ശിച്ച ട്രംപിന്റെ കുറിപ്പിന് മറുപടി നൽകി മാധ്യമപ്രവര്‍ത്തകൻ ജിം അക്കോസ്റ്റ. ജിം രാജിവയ്ക്കാൻ ഉദ്ദേശിച്ചിരുന്നുവെന്ന റിപ്പോർട്ടുകൾ ആഘോഷിച്ചായിരുന്നു ട്രൂത്ത് സോഷ്യലിൽ ട്രംപിന്റെ പോസ്റ്റ്. ജിം അക്കോസ്റ്റയെ കടുത്ത ഭാഷയിൽ വിമര്‍ശിച്ചായിരുന്നു ട്രംപിന്റെ കുറിപ്പ്. ഏറ്റവും മോശപ്പെട്ടതും സത്യസന്ധത ഇല്ലാത്തതുമായി റിപ്പോര്‍ട്ടര്‍ എന്നായിരുന്നു ട്രംപ് അക്കോസ്റ്റയെ കുറിപ്പിൽ വിശേഷിപ്പിച്ചത്.

‘കൊള്ളാം, ശരിക്കും നല്ല വാർത്ത! പത്രപ്രവർത്തന ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ടതും സത്യസന്ധത ഇല്ലാത്തതുമായ റിപ്പോർട്ടർമാരിൽ ഒരാളായ ജിം അക്കോസ്റ്റ, അസാധാരണമാംവിധം മോശം റേറ്റിങ്ങുകളുള്ള (പ്രതിഭകളൊന്നുമില്ലാത്ത!), ആളുടെ സിഎൻഎന്നിലെ ആ വ്യാജ വാര്‍ത്ത അര്‍ധരാത്രി സമയത്തേക്ക് മാറ്റി തരംതാഴ്ത്തി, ഇത് കാരണം അദ്ദേഹം അദ്ദേഹം രാജിവയ്ക്കുമെന്ന് കേൾക്കുന്നു. അത് മികച്ച കാര്യമായിരിക്കും. ജിം ഒരു പരാജിതനാണ്. അവൻ എവിടെ എത്തിയാലും പരാജയപ്പെടും. ഗുഡ് ലക്ക് ജിം! ‘ എന്നായിരുന്നു ട്രംപിന്റെ കുറിപ്പ്.

എന്നാൽ കുറിപ്പിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ചുകൊണ്ട് അക്കോസ്റ്റ മറുപടി നൽകി. ചിലര്‍ക്ക് എഡിഎസ് ഉള്ളതായി തോന്നുന്നു, അക്കോസ്റ്റ ഡിറേഞ്ച്മെന്റ് സിൻഡ്രോം എന്നായിരുന്നു അക്കോസ്റ്റ ഈ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ട് കുറിച്ചത്. വിമർശകര്‍ക്ക് നേരെയും നിഷേധാത്മക നിലപാടെടുക്കുന്നവരെയും ട്രംപിന്റെ അനുയായികൾ ഉപയോഗിക്കുന്നതാണ് ഈ  പ്രയോഗം. ട്രംപിന്റെ എതിരാളികൾ “ടിഡിഎസ്” അല്ലെങ്കിൽ “ട്രംപ് ഡിറേഞ്ച്മെന്റ് സിൻഡ്രോം” ബാധിതരാണെന്നായിരുന്നു പലപ്പോഴും ആരോപണം.

സിഎൻഎന്നിന്റെ സ്റ്റാര്‍ അവതാരകൻ ജിം അക്കോസ്റ്റ 18 വര്‍ഷത്തിന് ശേഷമാണ് ചാനലിൽ നിന്ന് രാജിവച്ചത്. ജിമ്മിന്റെ മോര്‍ണിങ് ഷോ അര്‍ധരാത്രി സമയത്തേക്ക് മാറ്റിയതിന് പിന്നാലെയാണ് ജിം ഓൺ എയറിൽ താൻ സിഎൻഎന്നിൽ നിന്ന് രാജിവയ്ക്കുന്ന വിവരം അറിയിച്ചത്. ട്രംപ് അധികാരമേറ്റതിന് പിന്നാലെ സിഎൻഎൻ സമൂലമായ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ജിം അക്കോസ്റ്റയുടെ ജോലി സമയത്തിലും മാറ്റം വരുത്തുകയായിരുന്നു.

സിഎൻഎന്നിലെ ഏറ്റവും അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകരിൽ ഒരാളായിരുന്നിട്ടു പോലും രാവിലെ പത്ത് മണിക്ക് നടന്നിരുന്ന ഷോ മാറ്റി അര്‍ധരാത്രിയിലേക്ക് മറ്റി. ഡിജിറ്റൽ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നീക്കത്തിൽ ആറ് ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനമെന്നായിരുന്നു സിഎഎൻ വിശദീകരണം. സിഎൻഎൻ സിഇഒ മാര്‍ക്ക് തോംപ്സൺ ആയിരുന്നു പുതിയ പരിഷ്കാരങ്ങൾ നിര്‍ദ്ദേശിച്ചത്. 
 
തുടര്‍ന്നാണ്  സിഎൻഎന്നിൽ ജിം അക്കോസ്റ്റ തന്റെ ഷോയുടെ എപ്പിസോഡ് അവസാനിപ്പിച്ചുകൊണ്ട് ഓൺ എയറിൽ ചില കാര്യങ്ങൾ പറഞ്ഞത്. ‘അവസാനമായി എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇതാണ്, നുണകൾക്ക് മുന്നിൽ വീഴരുത്, ഉള്ളിലെ ഭയത്തിന് കീഴടങ്ങരുത്, സത്യവും പ്രതീക്ഷയും നിലനിര്‍ത്തുക’. ഇതിന് പിന്നാലെ ചൊവ്വാഴ്ച മുതൽ വീഡിയോ പ്ലാറ്റ്ഫോമായ സബ്സ്റ്റാക്കിൽ ‘ദി ജിം അക്കോസ്റ്റ ഷോ’ ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

ട്രംപ് വന്നു, മോര്‍ണിങ് ഷോ അര്‍ധരാത്രിയിലേക്ക് മാറി, സിഎൻഎൻ സ്റ്റാര്‍ അവതാരകൻ ജിം അക്കോസ്റ്റ രാജിവച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin

You missed