ബര്‍ലിന്‍: ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ജര്‍മന്‍ പൊതു തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ് കുടിയേറ്റം. ഈ പശ്ചാത്തലത്തിലാണ് അനധികൃത കുടിയേറ്റം നിയന്ത്രിക്കാന്‍ സിഡിയുവിന്റെ ചാന്‍സലര്‍ സ്ഥാനാര്‍ഥി ഫ്രെഡറിക് മെര്‍സ് അഞ്ചിന പദ്ധതി മുന്നോട്ടു വച്ചത്. എന്നാല്‍, ജര്‍മന്‍ നിയമപ്രകാരവും യൂറോപ്യന്‍ നിയമപ്രകാരവും അപ്രായോഗികമാണ് മെര്‍സിന്റെ പദ്ധതികള്‍ എന്നാണ് പുതിയ വിലയിരുത്തല്‍.
ജര്‍മനിയില്‍നിന്നു നാടുകടത്താന്‍ വിധിക്കപ്പെട്ട അഫ്ഗാന്‍ അഭയാര്‍ഥി നടത്തിയ കത്തിയാക്രമണമാണ് കുടിയേറ്റ ചര്‍ച്ച കൂടുതല്‍ സജീവമാക്കിയത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മെര്‍സ് മുന്നോട്ടു വയ്ക്കുന്ന മാര്‍ഗങ്ങളിലൊന്നാണ് അതിര്‍ത്തി പരിശോധന. എന്നാല്‍, സാധാരണ സാഹചര്യങ്ങളില്‍ ഷെങ്കന്‍ മേഖലയ്ക്കുള്ളിലുള്ള രാജ്യങ്ങള്‍ക്കിടയില്‍ അതിര്‍ത്തി പരിശോധന നടത്താന്‍ വ്യവസ്ഥയില്ല. അസാധാരണ സാഹചര്യങ്ങളില്‍, അവസാന മാര്‍ഗമെന്ന നിലയില്‍ അതിര്‍ത്തി പരിശോധനയ്ക്ക് അനുമതി നല്‍കാന്‍ സാധിക്കുമെങ്കിലും, ഇത് പരിമിതമായ കാലത്തേക്കു മാത്രമേ സാധ്യമാകൂ.
യൂറോപ്യന്‍ യൂണിയന്റെ അടിസ്ഥാന ആശയങ്ങളുടെ തന്നെ ഭാഗമാണ്, അംഗരാജ്യങ്ങള്‍ക്കിടയില്‍ തുറന്നു കിടക്കുന്ന അതിര്‍ത്തികള്‍. അതു ലംഘിച്ച് ജര്‍മനിയുടെ 3800 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ ഉടനീളം തുടര്‍ച്ചയായി പട്രോളിങ് നടത്തുന്നത് അനുവദനീയമല്ല.
ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പരിശോധന നടത്താമെന്നാണ് മെര്‍സ് കണ്ടെത്തുന്ന പരിഗാര മാര്‍ഗം. എന്നാല്‍, ഇതും സ്ഥിരമായി ചെയ്യാന്‍ സാധിക്കുന്ന കാര്യമല്ല. മാത്രമല്ല, അടിയന്തരാവസ്ഥ പ്രഖ്യാപിക്കന്‍ മാത്രം ഗുരുതരമായൊരു സാഹചര്യത്തെ രാജ്യം നേരിടുന്നു എന്ന് യൂറോപ്യന്‍ യൂണിയനു മുന്നില്‍ തെളിയിച്ചാലേ അത്തരം നടപടികളിലേക്കു കടക്കാന്‍ പോലും സാധിക്കൂ.
തിരിച്ചറിയല്‍ രേഖകളില്ലാത്തവര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നത് പൂര്‍ണമായി നിരോധിക്കുമെന്നതാണ് മെര്‍സിന്റെ മറ്റൊരു വാഗ്ദാനം. എന്നാല്‍, യുദ്ധമോ സംഘര്‍ഷമോ കാരണം നാടുവിട്ടോടുന്ന അഭയാര്‍ഥികളോട് യാത്രാരേഖയോ തിരിച്ചറിയല്‍ കാര്‍ഡോ ചോദിക്കുന്നത് അപ്രായോഗികമാണ്. അഭയാര്‍ഥികളെ തടയാന്‍ ഉദ്ദേശിക്കാത്ത പക്ഷം, രേഖയില്ലാത്ത അഭയാര്‍ഥികളെ തടയുമെന്ന പ്രഖ്യാപനം വിഡ്ഢിത്തമാണെന്ന വാദമാണ് ഉയരുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *