കോട്ടയം: 211 കോടി കാണാനില്ലെന്ന ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വെള്ളിയാഴ്ച അടിയന്തര കൗണ്‍സില്‍ ചേരും. വിഷയത്തില്‍ ഭരണ പ്രതിക്ഷ നേതൃത്വങ്ങള്‍ തമ്മില്‍ പോര് മുറുകുന്നതിനിടെയാണു യോഗം ചേരുന്നത്. സെക്രട്ടറി കൗണ്‍സില്‍ യോഗത്തില്‍ വിശദീകരണം നല്‍കും. തുടര്‍ച്ചായായ 20 വര്‍ഷം യു.ഡി.എഫ് ഭരണത്തില്‍ കീഴില്‍ നടന്ന ക്രമക്കേടുകളാണു ഇപ്പോള്‍ പുറത്തു വരുന്നതെന്നു എല്‍.ഡി.എഫ് ആരോപിക്കുന്നു.
അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ക്രമക്കേടു സംബന്ധിച്ച ചര്‍ച്ചകള്‍ വാക്‌പോരിലേക്കും കടക്കും. അതേസമയം നഗരസഭയില്‍ പെന്‍ഷന്‍ ഫണ്ടില്‍നിന്നു 2.4 കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ 29 ജീവനക്കാരില്‍ നിന്നു തുക ഈടാക്കാന്‍ തദ്ദേശവകുപ്പ് ഡയറക്ടറേറ്റിലെ ഫിനാന്‍സ് മാനേജ്‌മെന്റ് ആന്‍ഡ് ഇന്‍സ്‌പെക്ഷന്‍ വിഭാഗത്തിന്റെ ശിപാര്‍ശ.
തട്ടിപ്പു നടന്ന കാലയളവായ 47 മാസം കോട്ടയം നഗരസഭയില്‍ ജോലി ചെയ്ത 9 സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരില്‍നിന്നു തുക ഈടാക്കാനാണു സര്‍ക്കാരിനു ശിപാര്‍ശ നല്‍കിയത്. സാമ്പത്തികബാധ്യത കണക്കാക്കി 18% പിഴപ്പലിശ സഹിതം ഈടാക്കാനാണു നിര്‍ദേശം.
കൂടുതല്‍ തട്ടിപ്പു കണ്ടെത്തിയാല്‍ ആ തുകയും ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കും. സെക്രട്ടറിമാര്‍ക്കു പുറമേ അവരുടെ പിഎ, ക്ലാര്‍ക്ക് / അക്കൗണ്ടന്റ്, സൂപ്രണ്ട് എന്നിവരില്‍നിന്നാണു തുക ഈടാക്കുക. കോട്ടയം നഗരസഭയില്‍ ക്ലാര്‍ക്കായിരുന്ന അഖില്‍ സി. വര്‍ഗീസ്  പെന്‍ഷന്‍ ഫണ്ടില്‍നിന്ന് അമ്മ പി.ശ്യാമളയുടെ അക്കൗണ്ടിലേക്കു 2.4 കോടിയുടെ തട്ടിപ്പു നടത്തിയെന്നാണു കേസ്.
ക്രമക്കേട് കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയ നഗരസഭയിലെ ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിക്കു ശിപാര്‍ശ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ നഗരസഭാ ഡപ്യൂട്ടി സെക്രട്ടറി ഉള്‍പ്പെടെ 4 പേരെ നേരത്തേ തദ്ദേശവകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തട്ടിപ്പിനുശേഷം മുങ്ങിയ അഖില്‍ സി.വര്‍ഗീസിനെ പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല

By admin

Leave a Reply

Your email address will not be published. Required fields are marked *