മുളന്തുരുത്തി. കേരളത്തിലെ ഇടതുമുന്നണി സർക്കാരിന്റെയും അതിനു നേതൃത്വം കൊടുക്കുന്ന പിണറായി വിജയന്റെയും ഭരണ പരാജയത്തിന്റെ മറ്റൊരു ഉദാഹരണമാണ് റേഷൻ കടകളിലൂടെയുള്ള പൊതുവിതരണം അവതാളത്തിലായത്. വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചും ബസ് ചാർജ് വർധിപ്പിച്ചും വസ്തു രജിസ്ട്രേഷൻ ചാർജ് വർധിപ്പിച്ചും എന്ന് വേണ്ട ജനങ്ങൾ ബന്ധപ്പെടുന്ന സമസ്ത മേഖലകളിലും ജനങ്ങളെ പിഴിഞ്ഞ് കോടിക്കണക്കിന് രൂപ നികുതിയിനത്തിൽ ഖജനാവിലേക്ക് കൊണ്ടുപോകുന്നുണ്ട്.
ഈ തുക എന്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്.? ആരാണ് ഉപയോഗിയ്ക്കുന്നത്.? ആർക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്ന് പൊതുജനം ഇപ്പോൾ സംശയിയ്ക്കുന്നുണ്ട്. സർക്കാർ ആശുപത്രികളിൽ മരുന്നുകൾക്ക് ക്ഷാമം ഉണ്ടാകുന്നു. പരീക്ഷകൾ നടത്താൻ വിദ്യാഭ്യാസ വകുപ്പിന്റെ കൈവശം പണമില്ല. ഇങ്ങനെ എല്ലാ വകുപ്പുകളിലും പ്രതിസന്ധികളും ഉത്തരവാദിത്വമില്ലായ്മയും ഭരണ കെടുകാര്യസ്ഥതയും ആണ്.
പൊതുവിപണിയിൽ ഇപ്പോൾ അരിയ്ക്കും മറ്റും കൊള്ളവിലയാണ്. അതിസമ്പന്നരൊഴികെ മറ്റെല്ലാവരും റേഷൻ സാധനങ്ങൾ വാങ്ങുന്നവരാണ്. സാധാരണക്കാരിൽ സാധാരണക്കാരായ, അതിദരിദ്രരായ ജനങ്ങളുടെ വിശപ്പിനെ പോലും വെല്ലുവിളിച്ചു കൊണ്ടാണ് റേഷൻ കടകളിലൂടെയുള്ള പൊതു വിതരണം പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാർ തടഞ്ഞിരിയ്ക്കുന്നത്. റേഷൻ സാധനങ്ങൾ കേന്ദ്രസർക്കാരിൽ നിന്നും വാങ്ങാൻ പിണറായി സർക്കാരിന്റെ കൈവശം പണമില്ല എന്ന് ഒരു കുറ്റബോധവും ഇല്ലാതെ പറയുകയാണ്.
എന്തിനാണ് ഒരു ഭക്ഷ്യ വകുപ്പ് മന്ത്രിയെ കേരളത്തിൽ ചെല്ലും ചെലവും കൊടുത്ത് ഇരുത്തിയിരിയ്ക്കുന്നത്.? സ്വന്തം വകുപ്പ് പോലും ഭരിയ്ക്കാൻ സമ്മതിയ്ക്കാത്ത മുന്നണിയിൽ നിന്ന് രാജിവെച്ച് പുറത്ത് പോകണമെന്നാണ് ഭക്ഷ്യ വകുപ്പ് മന്ത്രിയോട് ഞങ്ങൾക്ക് പറയാനുള്ളത്.
സിപിഐയുടെ ഭക്ഷ്യവകുപ്പ് മന്ത്രി ആയിരുന്ന ഇ കെ ചന്ദ്രശേഖരൻ നായർ കൊണ്ടുവന്ന, സിപിഐ യുടെ അഭിമാന പദ്ധതിയായിരുന്ന മാവേലി സ്റ്റോറുകൾ ജനങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു. പൊതുവിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റവും പൂഴ്ത്തി വയ്പും തടയാൻ മാവേലി സ്റ്റോറുകൾക്ക് കഴിഞ്ഞിരുന്നു.
സിപിഐ യുടെ അഭിമാന പദ്ധതിയായ മാവേലി സ്റ്റോറുകളിൽ സബ്സിഡി നിരക്കിലുള്ള ഭക്ഷ്യവസ്തുക്കൾ എത്തിയ്ക്കാതെ അത് നോക്കുകുത്തിയായി മാറി. അതിനെതിരെ ഒന്ന് ഞരങ്ങാനോ മോങ്ങാനോ കഴിയാതെ സിപിഐ നേതൃത്വം വിധേയപ്പെട്ടത് ജനങ്ങൾ കണ്ടു.
2025 നവംബർ മാസത്തോടെ കേരളത്തിൽ അതിദരിദ്രർ ഉണ്ടാകത്തില്ല എന്ന് മുഖ്യമന്ത്രി ഇന്നലെ പ്രസ്താവിയ്ക്കുകയുണ്ടായി. റേഷൻ കടകളിൽ സാധനങ്ങൾ വാങ്ങാൻ വരുന്ന അരപ്പട്ടണിക്കാരും മുഴുപ്പട്ടിണിക്കാരുമായ ജനങ്ങൾ വരുമ്പോൾ റേഷൻകടകളിൽ യാതൊരു ഭക്ഷ്യസാധനങ്ങളും ലഭിയ്ക്കാതെ ഈ ജനവിഭാഗം പട്ടിണി കിടന്നു മരിച്ചുപോകും.
അരപ്പട്ടണിക്കാരും മുഴുപ്പട്ടിണിക്കാരുമായ ജനങ്ങൾ മരിച്ചു കഴിയുമ്പോൾ പിന്നെ കേരളത്തിലെവിടെയാണ് അതിദരിദ്രർ ശേഷിയ്ക്കുന്നത്.? കേരളത്തിലെ ജനങ്ങളെ വെല്ലുവിളിച്ച് കേരളത്തിലെ ജനങ്ങളെ കൊഞ്ഞനം കുത്തി ഭരണം ആസ്വദിയ്ക്കുന്നവരെ ജനങ്ങൾ തന്നെ ഈ ഭരണത്തിൽ നിന്ന് തൂത്തെറിയും. അന്നേ കേരള ജനത രക്ഷപ്പെടുകയുള്ളൂ എന്ന്,
റേഷൻ കടകളിലൂടെ ഭക്ഷ്യ വസ്തുക്കൾ ലഭ്യമാക്കാത്ത പിണറായി വിജയൻ സർക്കാരിന്റെ ഭരണരംഗത്തെ കഴിവില്ലായ്മയിൽ പ്രതിഷേധിച്ച്, മുളന്തുരുത്തി പള്ളിത്താഴത്തെ റേഷൻ കടയ്ക്ക് മുന്നിൽ മുളന്തുരുത്തി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ആർ ഹരി.
മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പോൾ ചാമക്കാല അധ്യക്ഷനായിരുന്നു.ഡിസിസി നിർവ്വാഹക സമിതിയംഗം വേണു മുളന്തുരുത്തി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, വൈസ് പ്രസിഡന്റ് ജോർജ്മാണി പട്ടശ്ശേരിൽ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രതീഷ് കെ ദിവാകരൻ,ലിജോ ചാക്കോച്ചൻ,ടി കെ.മോഹനൻ, ജോൺസൺ എരുവേലിൽ, ബിനോയി മത്തായി, കെ.പി മധുസൂദനൻ, വർഗ്ഗീസ് കാട്ടുപാടത്ത്, സിനി സജി,കുട്ടിയമ്മ തമ്പി, നോബിൾ ആരക്കുന്നം എന്നിവർ പ്രസംഗിച്ചു.