രഞ്ജിയില്‍ കോലി എവിടെ ബാറ്റ് ചെയ്യും? സ്ഥാനം വ്യക്തമാക്കി ഡല്‍ഹി ക്യാപ്റ്റന്‍ ആയുഷ് ബദോനി

ദില്ലി: വ്യാഴാഴ്ച റെയില്‍വേസിനെതിരായ രഞ്ജി ട്രോഫിയില്‍ വിരാട് കോലി നാലാം നമ്പറില്‍ ബാറ്റ് ചെയ്യുമെന്ന് ഡല്‍ഹി ക്യാപ്റ്റന്‍ ആയുഷ് ബദോനി. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോലി ഡല്‍ഹി ടീമിലേക്ക് തിരിച്ചെത്തുകയാണ്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കിടെ ഓസ്ട്രേലിയയില്‍ നടന്ന മോശം പ്രകടനത്തിന് ശേഷമാണ് കോലിയുടെ തിരിച്ചുവരവ്. ഓസ്‌ട്രേലിയയില്‍ ഒമ്പത് ഇന്നിംഗ്‌സുകളില്‍ നിന്ന് കോലി 190 റണ്‍സ് നേടി, ഓഫ് സ്റ്റമ്പിന് പുറത്തുള്ള ഡെലിവറുകളില്‍ 8 തവണ അദ്ദേഹം പുറത്തായിരുന്നു. 

ഇന്ത്യന്‍ ടീമിലെ സ്ഥിരം താരങ്ങളായ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവര്‍ രഞ്ജി ട്രോഫിയിലേക്ക് മടങ്ങിയെത്തിയതോടെ ഫോമിലേക്ക് തിരിച്ചുവരാന്‍ കോലിയും തീരുമാനിക്കുകയായിരുന്നു. ഡല്‍ഹി ടീമിനൊപ്പം കഠിന പ്രയത്‌നത്തിലാണ് കോലി. ഇതിനിടെ കോലിയുടെ ബാറ്റിംഗ് പൊസിഷനെ കുറിച്ച് ഡല്‍ഹി ക്യാപ്റ്റന്‍ ആയുഷ് ബദോനി സംസാരിച്ചു. അദ്ദേഹം നാലാം നമ്പറില്‍ ബാറ്റ് ചെയ്യുമെന്ന് ബദോനി വ്യക്തമാാക്കി. ”പോസിറ്റീവായിരിക്കാനും ആത്മവിശ്വാസത്തോടെ കളിക്കാനും അദ്ദേഹം ഞങ്ങളോട് പറഞ്ഞു. അദ്ദേഹം നാലാം നമ്പറില്‍ ബാറ്റ് ചെയ്യും. ഞാന്‍ ഐപിഎല്ലില്‍ അദ്ദേഹത്തിനെതിരെ കളിച്ചിട്ടുണ്ട്. തുടര്‍ച്ചയായ മത്സരങ്ങളില്‍ റിഷഭ് പന്തിനെയും കോലിയേയും ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചത് അഭിമാനകരമാണ്.” ബദോനി വ്യക്തമാക്കി. 

രഞ്ജി ട്രോഫിയില്‍ കോലിയുടെ കണക്കുകള്‍

2006 നവംബറില്‍ കോലി അരങ്ങേറ്റം കുറിച്ചു, അവസാനത്തെ മത്സരം 2012ലായിരുന്നു. ഇതുവരെ 23 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അഞ്ച് സെഞ്ചുറികളുടെ ബലത്തില്‍ 1,547 റണ്‍സും കോലി നേടി. 

2006-07 – 6 മത്സരങ്ങള്‍, 257 റണ്‍സ്, 1 ഫിഫ്റ്റി, ഉയര്‍ന്ന സ്‌കോര്‍ 90
2007-08 – 5 മത്സരങ്ങള്‍, 373 റണ്‍സ്, 2 സെഞ്ചുറി, ഉയര്‍ന്ന സ്‌കോര്‍ 169
2008-09 – 4 മത്സരങ്ങള്‍, 174 റണ്‍സ്, 2 അര്‍ദ്ധ സെഞ്ചുറി, ഉയര്‍ന്ന സ്‌കോര്‍ 83
2009-10 – 3 മത്സരങ്ങള്‍, 374 റണ്‍സ്, 1 സെഞ്ചുറി, രണ്ട് അര്‍ദ്ധ സെഞ്ച്വറി, ഉയര്‍ന്ന സ്‌കോര്‍ 145
2010-11 – 4 മത്സരങ്ങള്‍, 339 റണ്‍സ്, 2 സെഞ്ചുറി, ഉയര്‍ന്ന സ്‌കോര്‍ 173
2012-13 – 1 മത്സരം, 57 റണ്‍സ്, ഉയര്‍ന്ന സ്‌കോര്‍ 43.

By admin